കറുത്ത ഇരുട്ട് പുതച്ച രാത്രികളിൽ, വീടിനു പിന്നിലെ കപ്പത്തോട്ടത്തിലെ മണ്ണിൽ നനവു പറ്റിയിരുന്നു. പേടിച്ച് വിറയ്ക്കുന്ന അമ്മയുടെ 🤱സാരിത്തുമ്പിൽ മുറുകെപ്പിടിച്ച്, ശ്വാസം പോലും ശബ്ദമുണ്ടാക്കാതെ ഒളിച്ചിരിക്കുന്ന മൂന്നു പെൺകുട്ടികൾ. മുന്നിൽ, മദ്യത്തിന്റെ ഗന്ധവും അസഭ്യവർഷവുമായി ഒരു കൊടുംകാറ്റ് പോലെ അവരുടെ അപ്പൻ. അയാളെ പേടിച്ചു അവർ അഭയം കണ്ടെത്തിയത് ആ കപ്പ തോട്ടത്തിൽ ആയിരുന്നു.

തന്റെ ജീവിതം രാഷ്ട്രീയത്തിനും മദ്യത്തിനും തീറെഴുതിക്കൊടുത്ത ആ മനുഷ്യന്റെ ഉള്ളിൽ, അന്ന് സ്നേഹത്തിന് ഇടമില്ലായിരുന്നു. ഭർത്താവിന്റെ തല്ലുകൊണ്ടും ചീത്ത വിളികൾ കേട്ടും തളർന്ന ആ അമ്മയുടെ കണ്ണുകളിൽ നിറയെ ഭയമായിരുന്നു. കുടുംബം അനാഥമാകുമെന്ന് പലവട്ടം പേടിച്ച് ആ അമ്മ ഉള്ളുരുകി പ്രാർത്ഥിച്ചു.
ഒടുവിൽ, വിശ്വാസം അർപ്പിച്ച രാഷ്ട്രീയവും, മദ്യവും, ബന്ധുക്കളും അയാളെ പാടെ കൈവിട്ടു. വിഭ്രാന്തിയുടെ ലോകത്തേക്ക് അയാൾ വീണുപോയി. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്നപോലെ അയാൾക്ക് സുബോധം തിരിച്ചുകിട്ടി.
​അതൊരു പുതിയ ജന്മമായിരുന്നു.

ബോധം വന്നപ്പോൾ അയാൾ ചുറ്റും നോക്കി. അന്നുവരെ അയാൾ ആർക്കുവേണ്ടി ജീവിച്ചോ അവരെ ആരെയും കണ്ടില്ല..താൻ തല്ലിച്ചതച്ചപ്പോഴും ‘അച്ചായ’ എന്ന് വിളിച്ച് വേദനയോടെ കൂടെ നിന്ന ഭാര്യയെ അയാൾ ഓർത്തു. എല്ലും തോലുമായ ശരീരത്തോടുകൂടെ നിറഞ്ഞ കണ്ണുകളോടെ തന്നെനോക്കിയിരിക്കുന്ന ആ രൂപത്തെ അയാൾ കണ്ടു. തന്നെ കണ്ടാൽ ഭയന്ന് അമ്മയുടെ പിന്നിൽ ഒളിച്ചിരുന്ന, വളർന്നു വന്ന തന്റെ പെൺകുഞ്ഞുങ്ങളെ കുറിച്ച് അയാൾക്ക് ചിന്തകൾ വന്നു. താൻ കരിച്ചുകളഞ്ഞ തറവാടിന്റെ മണ്ണിൽ, വീണ്ടും ഒരു തളിർപ്പ് കാണാൻ അയാളുടെ മനസ്സ് കൊതിച്ചു. തെറ്റുകളുടെ ആ വലിയ പുസ്തകം അയാൾ എന്നേക്കുമായി അടച്ചു.
​പിറ്റേന്ന് രാവിലെ സൂര്യൻ ഉദിച്ചപ്പോൾ, അയാൾ മുറ്റത്തേക്ക് ഇറങ്ങി.

“എടീ അമ്മിണീ…”
​അപ്രതീക്ഷിതമായി വന്ന ആ വിളികേട്ട് അമ്മിണി സ്തബ്ധയായി നിന്നു. അലർച്ചയല്ല, പകരം ഒരു കുളിർകാറ്റുപോലെ ആ ശബ്ദം. അവൾ പതുക്കെ പുറത്തേക്ക് വന്നു. ഭർത്താവിന്റെ കണ്ണുകളിൽ പഴയ ഭ്രാന്തായിരുന്നില്ല, ഒരുതരം ശാന്തതയായിരുന്നു. അവൾ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ അടർന്നുവീണു. അത് സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു.
​അയാൾ അവളെ ചേർത്തുപിടിച്ചു. അയാളുടെ പരുക്കൻ കൈകൾ അവളുടെ തലയിൽ പതിയെ തലോടി, നെറുകയിൽ ഒരു ചുംബനം നൽകി.

​”കുഞ്ഞുങ്ങളെ വേഗം ഒരുക്കൂ. ഇന്ന് ഞായറാഴ്ചയല്ലേ, നമുക്ക് പള്ളിയിൽ പോകണം.”
​അമ്മിണിക്ക് വിശ്വസിക്കാനായില്ല. അവൾ കുട്ടികളെ വേഗം ഒരുക്കി. മൂവരും ചേർന്ന് പള്ളിയിലേക്ക് നടക്കുമ്പോൾ, അയാളുടെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന സത്യവേദപുസ്തകം ആ ജീവിതത്തിന്റെ പുതിയ വഴികാട്ടിയായി മാറി. ആ നടത്തത്തിൽ അയാളുടെ കാലുകൾക്ക് ഉറപ്പുണ്ടായിരുന്നു, ആ കണ്ണുകളിൽ ഒരു ദൃഢനിശ്ചയവും. അമ്മിണി അയാളുടെ കൈകളിൽ മുറുകെപ്പിടിച്ചു; അവർ ഒടുവിൽ ആ പഴയ തോട്ടത്തിന്റെ അതിരുകൾ ഭേദിച്ച്, പ്രകാശത്തിന്റെ വഴിയിലേക്ക് നടന്നുതുടങ്ങിയിരുന്നു.🤝
🌺 ശുഭം 🌺

( മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും തിരുത്താൻ കഴിയാത്തതായി ഒന്നുമില്ല. എത്ര വലിയ ഇരുട്ടിലായാലും, പശ്ചാത്താപവും ആത്മാർത്ഥമായ മാറ്റവും ഉണ്ടെങ്കിൽ ഏത് നഷ്ടപ്പെട്ട കുടുംബത്തെയും വീണ്ടെടുക്കാൻ സാധിക്കും. വെറുപ്പിന്റെ സ്ഥാനത്ത് സ്നേഹം വളർത്തുമ്പോൾ അവിടെ പുതിയൊരു പ്രഭാതം ഉദിക്കുന്നു.)🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *