രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️
ചുടുവെയിൽ തളർത്താത്ത തണൽമരമായിരുന്നച്ഛൻ,
വരുംവരായ്കകളിൽ കാക്കും വൻമതിലായിരുന്നച്ഛൻ.
ഇടറുന്ന പാദങ്ങൾക്ക് താങ്ങായിയെന്നും,
ഇരുളിൽ വെളിച്ചമേകും കാവലാളായിരുന്നച്ഛൻ!
നാളത്തെ പുലരിക്കായ് ഇന്നുരുകിത്തീരുന്ന,
കരുതലിൻ നിശ്ശബ്ദ പ്രവാഹമായിരുന്നച്ഛൻ.
തൻ സുഖം മറന്നുമക്കൾക്കായ്,
തന്നായുസ്സുനൽകുന്ന ത്യാഗമാണെന്നുമച്ഛൻ!
കഠിനമാം നോവുകൾ തൻ മാറിലൊളിച്ചുവെക്കും,
കണ്ണീർക്കടലിലും കൗതുകമാകുമച്ഛൻ.
തോൽക്കുമ്പോഴും തോൽക്കാത്തമനമോടെ,
ക്ഷമതൻ പ്രതീകമാം പുണ്യാത്മാവാണച്ഛൻ!
അരികത്തണഞ്ഞപ്പോഴൊന്നുമേ
അറിയാതെ പോയൊരു നിനവായിരുന്നച്ഛൻ.
അകന്നങ്ങുപോയപ്പഴോ ഇടനെഞ്ചിൽ,
അണയാതെ തെളിയുന്ന നെയ് വിളക്കാണെന്നുമച്ഛൻ!
കരുതലും കാവലും കാര്യണ്യവുമേകി,
ഈ ഭൂമിയിലീശ്വര രൂപനായ് വാഴും;
അച്ഛനെന്ന രണ്ടക്ഷരപുണ്യത്തിൽ,
അഖിലലോകത്തിൻ നെറുകയിൽ പ്രതിരൂപമാണെന്നുമച്ഛൻ!

