രചന : റുക്സാന ഷമീർ ✍️
എന്നെ നീ മനസിലാക്കിയിട്ടുണ്ടെന്ന
വാക്ക് ജീവനില്ലാത്തതാണ്….!!
എന്നിലെ പുറംചട്ട നീ വായിച്ചു വെച്ചിരിക്കാം….!!
എന്നിലെ എന്നെ നീ മനസിലാക്കിയിട്ടില്ല….!!
എന്നിലെ എന്നെ വായിച്ചെടുക്കാൻ
ആർക്കും ഇന്നോളം കഴിഞ്ഞിട്ടില്ല….!!
ചാരെ ചേർന്നിരിക്കുമ്പോഴും….
ഇട മുറിയാ കർക്കടകം പോൽ
എന്നിൽ പെയ്തിറങ്ങുന്ന നോവുമഴയാരവങ്ങൾ
നീ കേട്ടതേയില്ലായിരിക്കാം!!
സഹമനുഷ്യരോടുള്ള നിസ്വാർത്ഥ സ്‌നേഹത്തിൻ്റെ
തിരയടികളും നിനക്കു കേൾക്കാൻ കഴിഞ്ഞിട്ടില്ലായിരിക്കാം..!!
ഭൂഗോളമാകെയും അന്തരീക്ഷവായുവിൽ
നിറഞ്ഞുനിൽക്കുന്ന നിന്നോടുള്ള പ്രണയവും
നീ അറിഞ്ഞതേയില്ലായിരിക്കാം.!!
എല്ലാം നിനക്ക് മഴ നിഴലുകളായ്
മാത്രം തോന്നുന്നുണ്ടാവാം…!!
നീ അറിയാതെ പോയമുറിവുണങ്ങാത്ത
എൻ്റെ മനമിന്നും നീറുന്നു….!!
നിലാവു വറ്റിയ രാവിൻ്റെ
വേനൽച്ചില്ലയിൽ ഒരു മുറിവേറ്റ പക്ഷിയായ്
നിനക്കായ് പ്രതീക്ഷയോടെ
ഇന്നും ഞാൻ കാത്തിരിക്കുന്നു….!!
