രചന : രവണീഷ് രാമൻ ✍️
ഇതു എന്റേതല്ല…
എൻ പൂർവ്വികർ
എനിക്കേകിയ സ്വത്തുമല്ല;
കാലം കൈമാറിയ
പുണ്യവരദാനമാണിത്.
ഞാനുമൊരു വഴിയാത്രക്കാരൻ,
ഈ മണ്ണിൻ കുളിർമയിൽ
അൽപനേരം തണലേറ്റു നിൽക്കുന്ന
ഒരു പഥികൻ മാത്രം.
ഇന്നു എൻ കരങ്ങളിലണഞ്ഞതെല്ലാം
വരും തലമുറയ്ക്കായി
അക്ഷതമായി കാത്തുസൂക്ഷിക്കേണ്ട
പുണ്യനിധിയാണ്.
നദികളും കാടുകളും,
കിളികളുടെ പാട്ടും,
മരങ്ങളുടെ തണലും,
പുഴകളുടെ നിലയ്ക്കാത്ത ഒഴുക്കും—
എൻ മക്കളുടെ ജന്മാവകാശം.
ഞാൻ മുറിക്കുന്ന ഓരോ മരവും
അവരുടെ ശ്വാസം;
ഞാൻ മലിനമാക്കുന്ന ഓരോ പുഴയും
അവരുടെ ദാഹം.
കാലം
കൈപ്പത്തിയിൽ നിന്ന്
വിരലുകൾക്കിടയിലൂടെ
മണൽത്തരിപോലെ
ചോർന്നൊഴുകുമ്പോൾ,
അതിന്റെ ചെവിയിൽ
ഞാൻ മൃദുവായി പറയട്ടെ—
ഞാനിതിന്റെ ഉടമയല്ല,
വെറും കാവൽക്കാരൻ മാത്രം.
ഈ ഭൂമിയും,
ഈ കാറ്റും,
ഈ നദികളും,
ഈ പുലരികളും—
എന്റെ സ്വന്തമല്ല.
പിൻതലമുറയിൽ നിന്ന്
ഞാൻ കടം വാങ്ങിയ
പുണ്യമായൊരു നാളെയാണ്
