അവൾക്കില്ലാത്ത മുറി
ഒരു വീടും
അവൾക്ക് ജന്മം നൽകിയില്ല.
അമ്മയുടെ ഗർഭത്തിൽ നിന്ന് ഇറങ്ങിയ നിമിഷം മുതൽ
അവൾക്ക് ലഭിച്ചത്
മുറികളല്ല,
മറ്റുള്ളവരുടെ ജീവിതത്തിൽ ഒഴിഞ്ഞു കിടന്ന ഇടങ്ങൾ.
ജനിച്ച വീട്ടിൽ
അവളുടെ ചിരി
ചുമരിൽ തട്ടി തിരിച്ചു വന്നിട്ടില്ല.
ഓരോ വാതിലിനും
ഒരു അവകാശിയുണ്ടായിരുന്നു.
ഓരോ ജനാലയ്ക്കും
ഒരു കാവൽക്കണ്ണ് .
അവൾ മാത്രം
വീടിനുള്ളിൽ വിലാസമില്ലാതെ ജീവിച്ചവൾ.
വിവാഹം കഴിഞ്ഞപ്പോൾ
വീടിന്റെ പേരുമാറി.
ചുമരുകൾ മാറി
താക്കോലുകൾ മാറി
വിധി മാത്രം
പഴയ പൂട്ടിൽ തന്നെയിരുന്നു.
ഒരു വാതിലിലും
അവളുടെ പേര് ഉണ്ടായിരുന്നില്ല.
ഒരു ദിവസം
വളരെ പതുക്കെ അവൾ പറഞ്ഞു—
“എനിക്കെഴുതാൻ…
ഒരു മുറി വേണം.”
കേട്ടവർ
ചിരിയെ മടക്കി വിരിച്ചു.
“ഊണുമേശയിലിരുന്ന് എഴുതിയാൽ പോരേ?”
അവൾ ഇരുന്നു.
മഞ്ഞൾ
അക്ഷരങ്ങളുടെ
ശ്വാസം പോലും
മഞ്ഞയാക്കി.
മുളക്
വരികളുടെ കണ്ണുകൾ ചുവപ്പിച്ചു.
ഉപ്പ്
വിഴുങ്ങിയ കരച്ചിലിന്റെ രുചിയായി.
പഞ്ചസാര
ജീവിതം മുഴുവൻ
മറ്റുള്ളവർക്കായി അഭിനയിച്ച
ചിരിയുടെ വെള്ള നിറമായി.
അടുപ്പിൽ വെന്തത്
ഭക്ഷണം മാത്രമായിരുന്നില്ല.
ഓരോ ദിവസവും ഒരു കവിത കൂടി വെന്തുരുകി.
ഓരോ കരണ്ടിയുടെയും ശബ്ദത്തിൽ
ഒരു കഥ
വിളമ്പപ്പെടാതെ തണുത്തു.
“എങ്കിൽ കിടപ്പുമുറിയിൽ എഴുതൂ…”
അവൾ പോയി.
പക്ഷേ ആ മുറിയിൽ
രാത്രികൾക്കായിരുന്നു ഉടമസ്ഥത .
ക്ഷീണം കിടക്കയുടെ മടക്കുകളിൽ കിടന്നു.
സ്വപ്നങ്ങൾ
തലയിണയുടെ അരികിൽ ഉറങ്ങാതെ കാത്തിരുന്നു.
അവൾ കണ്ണടച്ചപ്പോൾ
ഉറക്കം വന്നില്ല.
വർഷങ്ങളായി
അവളുടെ ഉള്ളിൽ
കാലാവസ്ഥ മാറാതെ കിടന്നിരുന്ന
ഒരു മഴ
പതുക്കെ പെയ്തുതുടങ്ങി.
ഇടിമിന്നൽ ഉണ്ടായിരുന്നില്ല.
ശബ്‌ദവുമില്ല.
എന്നാൽ ഓരോ തുള്ളിയും
ഉച്ചത്തിൽ കരയാൻ അനുവദിക്കപ്പെടാതെ പോയ
ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു.
കടലാസ് നനഞ്ഞു.
മഷി പടർന്നു.
അക്ഷരങ്ങൾ
നനഞ്ഞ കുരുവികളെപ്പോലെ
പറക്കാൻ കഴിയാതെ
അവളുടെ നെഞ്ചിൽ വിറച്ചു.
അപ്പോഴാണ് അവൾ അറിഞ്ഞത്—
തനിക്ക് വേണ്ടിയിരുന്നത്
ഇഷ്ടികയും സിമന്റും ചേർന്ന
ഒരു മുറിയായിരുന്നില്ല.
ഓരോ അഞ്ച് മിനിറ്റിലും
“ഒന്നിങ്ങോട്ട് വന്നേ…”
എന്ന് ആരും വിളിക്കാത്ത
ഒരു സമയം.
ഒരു ശബ്ദത്തിൽ പോലും
ശാസനം കടന്നുവരാത്ത
ഒരു നിശ്ശബ്ദത.
കുറ്റബോധമില്ലാതെ
ഒരു സ്വപ്നം കാണാൻ കഴിയുന്ന
ഒരു ശ്വാസം.
സ്വന്തം പേരുചൊല്ലി
സ്വന്തം നിശ്ശബ്ദതയിൽ
കരയാൻ കഴിയുന്ന
ഒരു അഭയം.
അതിനുമപ്പുറം—
ഒരു വാതിൽ.
അകത്തുനിന്ന്
അടയ്ക്കാനുള്ള
അവകാശം.
നിങ്ങൾക്കറിയുമോ,
ഒരു സ്ത്രീയുടെ എഴുത്ത്
മഷികൊണ്ടല്ല എഴുതപ്പെടുന്നത്.
അവൾ ജീവിക്കാതെ പോയ
ജീവിതങ്ങളുടെ ചാരവും,
പറയാതെ വിഴുങ്ങിയ
വാക്കുകളുടെ ഉപ്പും,
ഉറങ്ങാതെ കാത്തിരുന്ന
രാത്രികളുടെ കരിയും,
ആരും കേൾക്കാത്ത
പ്രാർത്ഥനകളുടെ മഴയും ചേർന്നാണ്
ഓരോ കവിതയും ജനിക്കുന്നത്.
ഇന്നും
പല വീടുകളിലും
അവൾക്കായി
ഒരു മുറി പണിതിട്ടില്ല.
അതുകൊണ്ടാണ്
ഓരോ മഴ പെയ്യുമ്പോഴും
ഒരു സ്ത്രീയുടെ ഉള്ളിൽ
ആരുമറിയാതെ
ഒരു പുസ്തകം കൂടി
നനഞ്ഞുപോകുന്നത്.
അതുകൊണ്ടാകാം
ലോകത്തിലെ ഏറ്റവും വലിയ സാഹിത്യം
ഇന്നും
അകത്തു നിന്ന് അടയ്ക്കാൻ കഴിയാത്ത
ഒരു വാതിലിൻ്റെ അപ്പുറത്ത് എഴുതപ്പെടാതെ കിടക്കുന്നത്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *