രചന : ജയരാജ് പുതുമഠം.✍️
500 ലേറെ സ്വകാര്യ ബസ് സർവീസുകൾ യാത്രക്കാരുടെ കുറവുമൂലം നിർത്തിവെക്കേണ്ടിവന്നിരിക്കുന്നു എന്നത് അത്ര സുഖകരമായ വിശേഷമായി കാതുള്ളവർക്ക് തോന്നുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് നൽകിയ സൗജന്യയാത്രയുടെ ഭീകരമായ പ്രത്യാഘാതങ്ങളാണ് കേരളത്തിൽ ഇത്രയും സ്വകാര്യ ബസുകളുടെ കണ്ണീരുപ്പിന് കാരണം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുന്നത് മാതൃകാപരമായ നടപടികൾ തന്നെയാണെങ്കിലും കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത് കുറേ തൊഴിലിടങ്ങൾ നഷ്ടപ്പെടുന്നതും, കുറേ തൊഴിലാളികൾ പ്രതിസന്ധികളിലേക്ക് കൂപ്പുക്കുത്തുകയും അതിലൂടെ കുറെയേറെ കുടുംബങ്ങളുടെ കണ്ണീർപുഴകൾകൂടി ഒഴുകുന്ന അവസ്ഥകളും സംഭവിക്കാൻ പാടുള്ളതല്ലല്ലോ. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ദിവസവരുമാനത്തിന്റെ പകുതിയിലേറെ തുകയാണ് ഇപ്പോൾ കളക്ഷൻ ലഭിക്കുന്നുള്ളൂ എന്നാണ് ബുസുടമകളുടെ വിലാപം.
സമീപകാലത്ത് ഇന്ധനവിലയിൽ വന്ന വർദ്ധനവും ഇവർക്ക് സഹിക്കാവുന്നതിലേറെ അമിതഭാരവും നൽകുന്നതായി പറയപ്പെടുന്നു.
നിലവിൽ സർവീസ് നിർത്തലാക്കിയ ബസുകളെക്കാൾ ഇരട്ടി എണ്ണം ബസുകളാണ് നിർത്തലാക്കുന്നതിന്റെ മുന്നോടിയായി ഒരു പ്രത്യേക സമയപരിധിവരെ ബസ്സുകൾ റോഡിലൂടെ ഓടുകില്ലെന്ന് സർക്കാരിനെ അറിയിക്കുന്ന
‘ജി ഫാം’ സമർപ്പണവും നടത്തിയിരിക്കുന്നത്.
ചാരായ നിരോധനവും തകർന്നടിഞ്ഞ കുടുംബങ്ങളും
‘സൗജന്യം’ എന്ന പദം പ്രഥമകേൾവിയിൽ ആകർഷണം നിറഞ്ഞതാണെങ്കിലും അതിന് പിറകിൽ വീർപ്പുമുട്ടുന്ന പലവിധത്തിലുള്ള സംഗതികളും നിരന്നുനിൽക്കുന്നുണ്ടാകുമെന്ന ദീർഘവീക്ഷണം കാണാനുള്ള അക്ഷികൾ ഇല്ലാത്തവരെയാണ് രാഷ്ട്രീയ നാടകവേദികളിൽ പൊതുവെ നാം കണ്ടുവന്നിട്ടുള്ളത്. ‘പ്രിയദർശിനി’യും, പ്രിയം നഷ്ടപ്പെട്ട ദർശിനിയും കൂടിയുള്ള സംഘട്ടനങ്ങൾ വഴിയോരങ്ങളിൽ ഇപ്പോൾ സർവസാധാരണമായിരിക്കുകയാണ്. സമയങ്ങളിൽ പാലിക്കേണ്ടതായ നിഷ്ഠയെ ചൊല്ലിയാണ് മിക്കവാറും സംഘർഷങ്ങൾ.
പണ്ടൊരു കാലത്ത് ‘ചാരായനിരോധനം’ എന്നൊരു പരിഷ്ക്കാരം കേരളനാട്ടിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. കേട്ടവർ കേട്ടവർ
(ചാരായപ്രണയരൊഴികെ) സന്തോഷിച്ചു. ചാരായദുരന്തങ്ങൾ നാടിനെ ഞെട്ടിപ്പിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്.
പക്ഷേ, ആ തൊഴിലിനെ ആശ്രയിച്ചുമാത്രം കുടുംബം പുലർത്തിയിരുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതസ്വപ്നങ്ങളാണ് അതിലൂടെ ഒഴുകിപ്പോയത്. തൊഴിൽരഹിതരായ അവരുടെ കുടുംബാംഗങ്ങൾ മുന്നോട്ടുള്ള ഗതിയറിയാതെ പകച്ചുനിന്ന വേദനാജനകമായ വർഷങ്ങൾ തൊട്ടറിഞ്ഞവരാണ് കേരളീയർ.
എന്നാൽ ചാരായപ്രിയറുടെ മോഹങ്ങൾക്ക് എന്തെങ്കിലും മങ്ങലേറ്റുവോ, ഇല്ലതാനും. അവരുടെ ദിനചര്യകളിൽ നിറമുള്ള ലഹരികളുടെ സാന്നിധ്യം കൂടിയതും പണചെലവ് വർധിച്ച് കുടുംബ ബഡ്ജറ്റ് തകർന്നടിഞ്ഞതും മാത്രം മിച്ചം.
പ്രിയദർശിനിയുടെ വൃദ്ധിയും അപ്രിയദർശിനിയുടെ ക്ഷയവും
അതുപോലെയൊരു സാമൂഹ്യ പ്രശ്നത്തിലേക്കാണ് പ്രിയദർശിനിയുടെ ഗമനവും ചെന്നെത്താൻ പോകുന്നത്. പ്രതിദിനം 7.25 ലക്ഷം സ്ത്രീകളാണ് ഇപ്പോൾ ‘പ്രിയദർശിനി’ വണ്ടികളിലെ യാത്രക്കാരായി വർധിച്ചിരിക്കുന്നത്.
അതേസമയം കെ. എസ്. ആർ ടി. സി. ക്ക് മാസം ഏകദേശം 75 കോടി രൂപയുടെ വരുമാനനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ചെറിയൊരു ഭേദഗതിയോടെ ചിലമാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ സ്വകാര്യ ബസുകൾക്ക് തെല്ലൊരു ആശ്വാസം കണ്ടെത്താനാകും.
വലിയതോതിലുള്ള വരുമാനമുള്ളവരും, ഉയർന്നനിരക്കിൽ ശമ്പളം വാങ്ങുന്നവരുമായ മങ്കമാരെ ഈ സൗജന്യയാത്രാസുഖത്തിൽനിന്ന് മോചിതരാക്കുന്നതും പഴയപോലെ പ്രൈവറ്റ് ബസുകളിലേക്ക് ചേക്കേറാനുള്ള വഴിയൊരുക്കുന്നതിനും പ്രേരിപ്പിക്കുന്ന ഒരു മാർഗം അവലംബിക്കുന്നതായിരിക്കും ഉചിതം. അതിലൊരു ന്യായവുമുണ്ട്. സ്ത്രീയായിപ്പോയി എന്ന ഒരേയൊരു കാരണംകൊണ്ട് കെ. എസ്. ആർ. ടി. സി യിൽ പണം കൊടുത്ത് ടിക്കറ്റ് വാങ്ങുന്നതിന്റെ ആത്മസംതൃപ്തി ലഭിക്കാതെ പോകുന്നതിലുണ്ടാകുന്ന
ദുഃഖബോധത്തിൽനിന്ന് അവർക്ക് മോചിതരാവുകയും ചെയ്യാം.
സ്വകാര്യ ബസിന്റെ വയറിലെ തീയും പുകയും തലോടിതീർക്കുന്ന അനുബന്ധഗതിയുമായി ആയിരക്കണക്കിന് തൊഴിലിടങ്ങൾ നാട്ടിൽ നിലനിന്നുപോകുന്നുണ്ട്. അതിന്റെയൊക്കെ ഒപ്പം ചരിച്ചുകൊണ്ടിരിക്കുന്ന അതിജീവനവീചികളും നിശ്ചലമായിക്കൂടാ. അതുകൊണ്ട് വനിതകളുടെ സാമ്പത്തികവല്ലായ്മകളും, സ്വകാര്യ ബസുടമകളുടെ നിലനിൽപ്പും സാധ്യമാക്കികൊണ്ടുള്ള പുതിയൊരുസാരസർവസ്വമാർഗം കണ്ടെത്തേണ്ടത് സാമൂഹ്യബോധനത്തിന്റെ സത്ത നശിച്ചിട്ടില്ലാത്തവരുടെ അടിയന്തിരമായ കടമയാണ്.

