രാമായണ മാസം ആഗതമാകുന്നു.
നാളെ മുതൽ എവിടെയും രാമായണ പാരായണസ്വനങ്ങളാൽ മുഖരിതമായ, ഭക്തിനിർഭരമായ നാളുകൾ.രാമായണപുണ്യഗ്രന്ഥപാരായണത്തിനായി ഒരുങ്ങിയിരിക്കുന്ന ഭക്തജനങ്ങളോടായി ഒരു വാക്ക്…ഒരു കാര്യം പ്രത്യേകം അറിഞ്ഞു കൊണ്ടു വായിക്കുക. പുരാണ ഗ്രന്ഥങ്ങൾ വായിക്കുന്നത് ഏറ്റവും നല്ലതു തന്നെ. എങ്കിലും, വൃതം എടുത്തത് കൊണ്ടോ, ഈ ഒരു മാസം കൊണ്ട് രാമായണം മുഴുവൻ വായിച്ചു തീർത്തു എന്നത് കൊണ്ടോ മാത്രം, വായിക്കുന്നവർക്ക്, അവർ ഉദ്ദേശിക്കുന്ന മുഴുവൻ ഗുണവും ഉണ്ടാകാനിടയില്ല എന്നതാണ് സത്യം.

ഇങ്ങനെയുള്ള പുരാണഗ്രന്ഥങ്ങളെല്ലാം ജ്ഞാനികൾ എഴുതിവച്ചിരിക്കുന്നത് സാധാരണക്കാരായ നമുക്ക് വേണ്ടിയാണ്. നമ്മൾ അതിൽ നിന്നുള്ള പാഠങ്ങൾ വായിച്ചു മനസ്സിലാക്കി, അതുൾക്കൊണ്ട് അതു നമ്മുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്നതിനു വേണ്ടിയാണ്.
അതുകൊണ്ടുതന്നെ, വായിക്കുന്നതിൽ നിന്നുമുള്ള പ്രയോജനം പൂർണ്ണമായും ലഭിക്കണമെങ്കിൽ, വായിക്കുന്ന ഗ്രന്ഥം,
രാമായണം എന്നല്ല അത് ഏത് തന്നെയായാലും, മനസ്സിരുത്തി വായിച്ച്, അതിലെ ഓരോ കാര്യങ്ങളിലും പറഞ്ഞിരിക്കുന്ന തത്വത്തെ അറിഞ്ഞ്,
ആ തത്വത്തെ പൂർണ്ണമായും ഉൾക്കൊണ്ട്, അതിൽ പറഞ്ഞിരിക്കുന്നത് പോലെ, എല്ലാം ചെയ്യാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും, നമ്മളെക്കൊണ്ട് കഴിയുന്ന ചിലതെങ്കിലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ മാത്രമേ അത് വായിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകുകയുള്ളൂ.

അല്ലാതെ വായിക്കുന്നവർ, വായിച്ചു തീർത്തു എന്ന് പറയാം അത്ര മാത്രം. അല്ലാതെ അതു കൊണ്ടുദ്ദേശിക്കുന്ന പുണ്യം കിട്ടുമെന്ന് ഒരിക്കലും വിചാരിക്കരുത്.
ഏതൊരു വൃതമായാലും, അത് തുടങ്ങുന്നതിനു മുൻപ്, നമ്മൾ നമ്മളേത്തന്നെ, പ്രധാനമായും നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക. വായിക്കുന്ന ആ ഒരു സമയത്ത് മാത്രമല്ല, നമ്മുടെ ജീവിതത്തിലുടനീളം.
വിഷലിപ്തമായ പലവിധ മാലിന്യങ്ങൾ മനസ്സിൽ നിറച്ച് വെച്ചിട്ട്,
ചുറ്റുമുള്ള, നമ്മളെ പോലെ തന്നെ, ഈശ്വരന്റെ മക്കളായോ ഈശ്വരന്റെ പ്രതിരൂപങ്ങളായോ കാണേണ്ട മറ്റു മനുഷ്യരോട് ഉള്ളിൽ പകയും വിദ്വേഷവും നിറച്ചു വെച്ചിട്ട്,
ഉള്ളിൽ അസൂയയും കുശുമ്പും ഏഷണിയും പരദൂഷണവും കൊണ്ട് നടന്നിട്ട്, കള്ളം പറഞ്ഞിട്ട്, തെറ്റ് ചെയ്യാത്ത മറ്റു മനുഷ്യരുടെ മനസ്സ് വേദനിപ്പിച്ചിട്ട്,
ഒക്കെ,
ഏതു വൃതമെടുത്താലും,
ഏത് പുണ്യഗ്രന്ഥം വായിച്ചാലും,
എത്ര ദേവാലയ ദർശനം നടത്തിയാലും, ഏതു പുണ്യനദിയിൽ പോയി സ്നാനം ചെയ്താലും, ഒരു പ്രയോജനവും ഉണ്ടാകുന്നതല്ല.

അതിനാൽ, ആദ്യം മനസ്സു ശുദ്ധീകരിക്കുക. അതിന് ശേഷമുള്ള പ്രാർത്ഥനകൾക്കും ദേവാലയ ദർശനങ്ങൾക്കും മാത്രമേ ഫലമുണ്ടാകൂ.
“രാമായണം ” എന്ന പേരു പോലെ തന്നെ,
നാളെ തുടങ്ങുന്ന ഈ വർഷത്തെ രാമായണ മാസത്തിൽ, എല്ലാ മനസ്സുകളിലെയും ഇരുളുകൾ നീങ്ങി, പ്രകാശം വന്നു നിറയട്ടെ എന്ന് ആശംസിക്കുന്നു…
സ്നേഹത്തോടെ,
മായ അനൂപ്

മായ അനൂപ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *