രചന : സുജിമോൾ മാരാരി ✍️
കേരളത്തിലെ മനുഷ്യാവകാശ കമ്മീഷനോടും, കേരള സർക്കാരിനോടും, നീതിന്യായ സംവിധാനത്തോടും എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.
ഒരു കാൻസർ രോഗിക്ക് നൽകുന്ന ചികിത്സാസഹായം ഒരു പൗരന്റെ അവകാശമാണോ, അതോ ഔദാര്യമാണോ?
നിങ്ങൾ അറിയണം മുഖ്യമന്ത്രിയുടെ
ചികിത്സ സഹായത്തിനു അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫീസർ
പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട
മാനദണ്ഡങ്ങളുടെ റൂൾ
റൂൾ നമ്പർ 3:അപേക്ഷകക്ഷിക്ക് പ്രതിമാസം 60രൂപയിൽ കൂടുതൽ
വരുമാനമില്ല…
റൂൾ നമ്പർ 4: അപേക്ഷകക്ഷി ഭിക്ഷയാചിക്കൽ തൊഴിലായി സ്വീകരിച്ചിട്ടില്ല
മനുഷ്യത്വരഹിതമായ പരാമർശങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ഈ അപേക്ഷഫോമൊക്കെ എന്നെ പിൻവലിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
കേരളം വികസനത്തിന്റെ മാതൃകയെന്ന് അഭിമാനിക്കുമ്പോഴും, ജീവൻ രക്ഷിക്കാൻ ചികിത്സ തേടുന്ന കാൻസർ രോഗികൾക്ക് മുഖ്യമന്ത്രിയുടെ ചികിത്സാസഹായ നിധിയിലേക്ക് അപേക്ഷിക്കുമ്പോൾ ഇന്നും ചില മാനദണ്ഡങ്ങൾ നേരിടേണ്ടി വരുന്നു.
ഒരു രോഗിയുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ വിലയിരുത്തേണ്ടത് ആവശ്യമായിരിക്കാം. എന്നാൽ, മനുഷ്യമഹത്വത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള നിബന്ധനകളും ചോദ്യങ്ങളും ഒരു ഗുരുതര രോഗിയോട് ചോദിക്കപ്പെടുന്നത് അംഗീകരിക്കാനാകുമോ?
മരണത്തോട് പൊരുതുന്ന ഒരാളുടെ മുന്നിൽ, അവന്റെ ആത്മാഭിമാനത്തെ പോലും ചോദ്യം ചെയ്യുന്ന രേഖകൾ ആവശ്യപ്പെടുന്നത് ഒരു ക്ഷേമരാജ്യത്തിന് യോജിച്ചതാണോ?
ചികിത്സാസഹായം യാചിക്കുന്നതല്ല ഞങ്ങൾ.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായ സഹായമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
ഞങ്ങൾ വാങ്ങുന്ന ഓരോ മരുന്നിനും നികുതി നൽകുന്നവരാണ്.
ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനും നികുതി നൽകുന്നു.
ഞങ്ങൾ താമസിക്കുന്ന വീടിനും ഭൂമിക്കും നികുതി നൽകുന്നു.
ഈ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിലേക്ക് ഞങ്ങളും ഞങ്ങളുടെ പങ്ക് നൽകിക്കൊണ്ടാണ് ജീവിക്കുന്നത്.
അപ്പോൾ, ജീവൻ രക്ഷിക്കാൻ ആവശ്യമായ ചികിത്സയ്ക്ക് സർക്കാർ നൽകുന്ന സഹായം ഒരു ദാനമല്ല; ഞങ്ങളുടെ അവകാശത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്.
അതുകൊണ്ട് രോഗികളെ അപമാനിക്കുന്നതോ മാനസികമായി തകർക്കുന്നതോ ആയ പഴഞ്ചൻ മാനദണ്ഡങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണം. മനുഷ്യന്റെ അന്തസ്സിനും അവകാശങ്ങൾക്കും മുൻഗണന നൽകുന്ന, മാനുഷികമായ അപേക്ഷാ സംവിധാനമാണ് ഇന്ന് കേരളത്തിന് വേണ്ടത്.
ഈ വിഷയത്തിൽ ഞാൻ കേരള മനുഷ്യാവകാശ കമ്മീഷനിലും, ആരോഗ്യവകുപ്പിലും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഇത് എന്റെ മാത്രം ശബ്ദമല്ല.
ഓരോ കാൻസർ രോഗിയുടെയും, ഓരോ ഗുരുതര രോഗിയുടെയും ആത്മാഭിമാനത്തിന്റെ ശബ്ദമാണ്.
രോഗത്തോട് പോരാടുന്നവരെ നിയമങ്ങളുടെ പേരിൽ വീണ്ടും വേദനിപ്പിക്കരുത്.
സഹായം നൽകൂ… പക്ഷേ, അപമാനിക്കരുത്.
അവകാശം അംഗീകരിക്കൂ… ഔദാര്യമെന്ന് ചിത്രീകരിക്കരുത്.
ഒരു കാൻസർ രോഗിയുടെ പ്രതിഷേധം.
അധികാരികളുടെ കണ്ണ് തുറക്കട്ടെ…
