ആഢംബരവും ആഘോഷവും പരസ്പര ജീവിത മൽസരങ്ങൾ തീർക്കുമ്പോൾ നാം നമുക്കിടയിൽ,, നമ്മെ പോലെ തന്നെ ഈ മണ്ണിൽ ജീവിക്കാൻ അവകാശമുള്ളർ,,, അവർ ഒരു പക്ഷെ,, നമ്മുടെ സഹോദരങ്ങളാകാം,, അല്ലെങ്കിൽ,
അകന്ന ഏതോ ബന്ധു,,,സ്വന്തം നാട്ടുകാർ,,, ആരുമല്ലാത്ത,, എവിടെയൊക്കെയോ ഉള്ളവർ കൂടി എവിടെ,, എങ്ങനെ ജീവിക്കുന്നു എന്നത് ഒന്ന് നേരിൽ കണ്ടറിയണം.
കഴിഞ്ഞ ദിവസം ഒരുഅഗതിമന്ദിരം കാണാൻ പോയി. വൃദ്ധ സദനമാണൊ,, അതോ,, മാനസിക വിഭ്രാന്തി നേരിട്ടവരുടെ ചികിൽസാകേന്ദ്രമോ,, എന്നത് വേർതിരിച്ചറിയാൻ പാടില്ല. തീരെ അവശരായ,, വാർദ്ധക്യത്തിന്റെ പരമോന്നതിയിലെത്തിയ,, കിടപ്പു രോഗികൾ മുതൽ,, ഓടി ചാടി നടക്കുന്ന ബാലികയെ വരെ .ആ മരിയ സദനം,,, കൃപ ചാരിറ്റബിൾ കേന്ദ്രങ്ങളിൽ കണ്ടു.

പ്രിയ കൂട്ടുകാരോടൊപ്പമുള്ള യാത്ര എപ്പോഴായാലും എവിടേക്കായാലും
ഏറ്റവും ഹൃദ്യമെന്നത് കൊണ്ട്,, അല്ലെങ്കിൽ പഴയ പത്താം ക്ലാസിലെന്നപോലെ തോന്നിക്കുന്ന
ഒരു ദിനം കിട്ടുമല്ലൊ എന്നോർത്ത് കൂടെ കൂടിയ യാത്ര.
പോകണമെന്ന തീരുമാനം പറഞ്ഞപ്പോൾ മകൾ വിലക്കി.
അവിടുത്തെ അന്തേവാസികളെ കണ്ട് മടങ്ങിയാൽ വല്ലാത്ത വിഷാദമായിരിക്കും എന്ന്. എന്നാൽ അവിടെയെത്തിയപ്പോൾ തോന്നിയത്,, സർക്കാർ ആശുപത്രിയിലെ കിടപ്പ് ചികിൽസാ വിഭാഗത്തിൽ ആരെയൊക്കെയോ സന്ദർശിക്കാൻ എത്തിയത് പോലെയാണ് ആദ്യം തോന്നിയത്. കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെപുരുഷൻമാരുടെ
വലിയ മുറിയിൽ (ഹാൾ) നിരത്തിയിട്ട കട്ടിലുകളിൽഇരിക്കുന്നു,പുതച്ച് മൂടികിടന്നവരും എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരുമുണ്ട്. ഒന്നും മിണ്ടാതെ ഇരിക്കുന്നവരും,, വിശേഷങ്ങൾ ചോദിക്കുന്നവരോട് സന്തോഷത്തോടെയും,, വിഷമത്തോടെയുമൊക്കെ മറുപടി പറയുന്നവരും,,,

അവിടുത്തെ നഴ്സുമാരും മറ്റ് പ്രവർത്തകരുമെല്ലാം അവരോട് തന്നെ സ്നേഹപൂർവ്വം സംസാരിച്ചു കൊണ്ട് ഞങ്ങൾക്കൊപ്പം കൂടി.
ഇടക്ക് അൽപം പ്രായം കുറഞ്ഞ,സിനിമാ താരങ്ങളുടെ ആരാധകനായഒരാൾ നടത്തിയ കലാപരിപാടി,,,
മോഹൽലാൽ,, തിലകൻ,, നരേന്ദ്രപ്രസാദ്,, പപ്പു തുടങ്ങിയവരുടെ സ്വരം അനുകരിച്ചു. വിഷാദത്തോടെ ആണെങ്കിലുംഎല്ലാവരും ചിരിച്ചു കയ്യടിച്ചപ്പോൾ, നമ്മുടെകൂട്ടത്തിൽ ഒരാളെ ചൂണ്ടി,, മോഹൻലാലിനെ പോലുണ്ട് എന്ന് പറഞ്ഞു..ഏറെ നാൾ കണ്ടിട്ടുണ്ടെങ്കിലും ആ സഹപാഠിയുടെമുഖം ശ്രദ്ധിച്ചു പോയി.,,ഓ,, അപ്പോ,, ശരിയാണ്.ഇവൻ മോഹൻലാലിനെ പോലെ തന്നെയുണ്ടെന്ന്തോന്നി.

സ്വന്തം കുടുംബക്കാർ,, നാട്ടുകാർ,, അല്ലെങ്കിൽ സാമൂഹ്യ പ്രവർത്തകർ തുടങ്ങി ആരൊക്കെയോ കൊണ്ട് വന്ന് അവിടെ ഏൽപിക്കപ്പെടുന്നവർ. വീട്ടുകാർ കാശ് കൊടുത്ത് താമസിപ്പിക്കുന്നവരുമുണ്ട്. മാനസിക പ്രശ്നം നേരിട്ടവരിൽ ചിലർ സുഖംപ്രാപിച്ച് വീട്ടുകളിലേക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞു, എന്നാൽ വർഷങ്ങളായി,, ആരും തിരിഞ്ഞു നോക്കാറില്ലാതെ,, അവിടെ തന്നെ ആ നാലു ചുവരുകൾക്കുള്ളിൽ കഴിയുന്നവരും ഏറെ.
അൽപം അപകടകാരികളായവരെ പ്രത്യേകമായി അഴികൾ ഉള്ള മുറികളിൽ കണ്ടു.
:മരിയ ഭവനം”,, അതിനുള്ളിൽ നിറയെ അമ്മമാരും ചേച്ചിമാരുമാണ്. രണ്ട് മൂന്ന് പെൺകുട്ടികളേയും കണ്ടു. ആണുങ്ങളിൽ അധികപേരും സ്ഥിര താമസകാരാണെങ്കിലും ഇവിടം സുഖമാണ്,, ഇനി എങ്ങോട്ടും പോകേണ്ടതില്ല എന്നാണ് പറഞ്ഞതെങ്കിലുംഅമ്മമാരിൽ അധികപേരും വിഷാദത്തോടെയാണ് സംസാരിച്ചത്. ചിലർ സന്ദർശകരെ കണ്ടിട്ടും പുതച്ച് മൂടിക്കിടന്നു. ചിലരാകട്ടെ,, തന്നെ പോലെ മുഖം വീർപ്പിച്ച്,,നിങ്ങളൊക്കെ എവിടുന്ന് എന്തിന് വരുന്നു എന്ന ഭാവത്തിൽ മിണ്ടാതിരിക്കുന്നു. രണ്ട് ചേച്ചിമാർനല്ല ഈണത്തിൽ പാട്ടുകൾ പാടി കേൾപിച്ചു.,എന്നാൽ ഇതിനിടയിലാണ് രണ്ട് പെൺകുട്ടികൾ ശ്രദ്ധയിൽ പെട്ടത്.

ഒരാൾ അൽപം മ്ലാനതയോടെ സ്വന്തം കട്ടിലിൽ ഇരിക്കുന്നു. അവളെക്കാൾ കുറച്ച് കൂടി പ്രായം കുറവെന്ന് തോന്നിക്കുന്ന മറ്റൊരു കുട്ടിയെ സന്തോഷവതിയായി കാണപ്പെട്ടു. വിശേഷങ്ങൾ തിരക്കുന്നവരോട്,, താൻ എയർ ഹോസ്റ്റസായി ജോലി ചെയ്തിട്ടുണ്ടെന്നും,, എം.എസ് സി ബിരുദധാരിയാണെന്നും ഒക്കെ വിട്ട് ഇപ്പോ,, ഐപിഎസ് ആയി ഇവിടിരുന്ന് വർക്ക് ചെയ്യുന്നു,, ആൾക്കാർ വന്നുകൊണ്ടിരിക്കുമ്പോൾ ജോലിക്ക് തടസമാകുന്നതിനാലാണ് വാതിൽ (കമ്പിയഴികൾ ) അടച്ചിടുന്നതെന്നും അവളുടെ ചേച്ചിവാർത്താ മാധ്യമത്തിൽ പണി ചെയ്യ്യുന്നുണ്ടെന്നുംപറഞ്ഞത്രെ. ഇതിൽ ഏതൊക്കെയോ കാര്യങ്ങൾ ഒരു പക്ഷെ, സത്യമായിരിക്കാം. എന്നാൽ,, ഞങ്ങൾ ആ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾഞങ്ങളുടെ കൂടയുള്ള ഒരാളെ നോക്കി “പപ്പാ” എന്ന് വിളിച്ചപ്പോഴാണ് കുട്ടിയുടെ മാനസികാവസ്ഥ അൽപം കുഴപ്പമാണെന്ന് മനസിലായത്.

അവളുടെയൊ,,മറ്റേ കുട്ടിയുടെയോ എന്ന് മനസിലായില്ല., അമ്മ കൂടി അവിടെ മുകൾ നിലയിലെ മുറിയിൽ താമസിക്കുന്നു. അൽപം മെലിഞ്ഞ,, ഒരു യുവതി. വിശേഷങ്ങൾ ചോദിച്ചപ്പോൾ സാവധാനം മറുപടി പറയുന്നു.
മറ്റൊരു ചേച്ചി എട്ട് വർഷത്തിലധികമായി അവിടെത്തിയിട്ട്. ആൾ നവ്യാ നായരുടെ ആരാധികയാണെന്നോ, അതോ,, അവർക്ക് ഇഷ്ടമുള്ള നവ്യ എന്ന് പേരുള്ള മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നറിയില്ല. തന്നെ നവ്യ എന്നേ വിളിക്കാവൂ എന്ന് വന്നെത്തിയ കാലത്ത് പറഞ്ഞിരുന്നത്രെ.

മറ്റൊരു കുട്ടിയെ റൂമിനുള്ളിൽ കമ്പിയഴികൊണ്ട് വേർതിരിച്ച് തനിയെ താമസിപ്പിക്കുന്നു. അവളും നന്നായി സംസാരിക്കുന്നുണ്ട്. കാണാൻ വന്നവരിൽ ഏറെ പേരും അവളുടെ സഹപാഠികളാണെന്നാണ് പറയുന്നത്. സ്വന്തം അമ്മയുടെ ആത്മഹത്യ നേരിൽ കണ്ടതിന്റെ ആഘാതമാണ് മനസിന്റെ താളപിഴക്ക് കാരണം.
എല്ലാവരെയും സന്ദർശിച്ച് കൂട്ടത്തിലുള്ളവർ സ്നേഹാന്വേഷണങ്ങൾ നടത്തുമ്പോൾ,, അവരെ പിൻതുടർന്നെങ്കിലും താൻ മറ്റേതോ ലോകത്തിലായിരുന്നെന്ന് തോന്നുന്നു.
.സർവ്വകാര്യത്തിനും പേരിന് മുൻപേ ജാതി മത പേരുകൾ കൂട്ടിച്ചേർക്കുന്ന ഒരു കൂട്ടമാൾക്കാരെ കാണാറുണ്ട്. അവർ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ ചെന്ന് കാണണം. രാഘവനും ഹനീഫയും ജോസഫും ഒരേ മുറിയിൽ,,,

നാരയണിയും ഷഹാനയും മേരിയും ഒരേ മുറിയിൽ താമസിക്കുന്നു. ആരൊക്കെയോ വച്ചു വിളമ്പുന്ന ഭക്ഷണം ഒരുമിച്ച് കഴിക്കുന്നു. ആരോ കഴുകി കൊടുക്കുന്ന വസ്ത്രം ധരിക്കുന്നു. ഇവർക്കിടയിൽ ഭിന്നതകളില്ല. രാഷ്ട്രീയ പരിഗണനയില്ല. ഒരേ ജാതി., ഒരേ മതം’.ആരുടെയൊക്കെയോ അഛൻ, അമ്മ,, സഹോദരി, മകൻ,, മകൾ,വീടും വീട്ടുകാര്യവും നടത്തി നടന്ന കാലം,, പഠിച്ചു നടന്ന കാലം,,
ഒക്കെയും ഓർമയിലൊതുക്കി നാല് ചുവരുകൾക്കുള്ളിൽ.

പ്രായമേറിയവരുട സംരക്ഷണ ചുമതല ചിലർക്ക് പ്രയാസം തന്നെയാണ്. ചിലർക്കാണെങ്കിൽ എത്രയൊക്കെ പരിചരിച്ചാലും കുറ്റപ്പെടുത്താൻ വഴി നോക്കുന്ന സ്വഭാവവും ഉണ്ടാകും. എങ്ങനെയൊക്കെ ആയാലും ഇത്തരം സ്ഥാപനങ്ങളിൽ കഴിയുന്നവർക്ക് ഒരു കണക്കിന് ഗുണകരം തന്നെ. സമയത്തിന് ഭക്ഷണം. മരുന്ന് തുടങ്ങിയ പരിചരണങ്ങൾ മുടക്കമില്ലാതെ നടക്കും.
എന്നാൽ,, ചെറിയ കുട്ടികളുടെ കാര്യം. ഈ ലോകത്തിൽ ആരൊക്കെയോ ആയ് തീരേണ്ട വർ,,സമൂഹത്തിന് എന്തൊക്കെയോ ചെയ്തു തീർക്കാൻ കഴിയുമായിരുന്നവർ,, സ്കൂൾ, കോളജ് കളിൽ കൂട്ടുകാർക്കൊപ്പം കളിച്ചും പഠിച്ചും വളർന്ന് ഉയരത്തിലെത്തേണ്ടവരുടെ ദിവസങ്ങൾ ആ നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ടത് വേദനിപ്പിക്കുന്നതാണ്.

കുറേയേറെ കെട്ടിടങ്ങളുണ്ടെങ്കിലും ചിലതിനൊക്കെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടിയിരിക്കുനെന്ന് അവിടുത്തെ നടത്തിപ്പുകാർ പറഞ്ഞു. വികസനത്തിനായി കോടികൾ വാരി ചിലവാക്കുന്ന നമ്മുടെസർക്കാർ ഇത്തരം സ്ഥാപനകൾക്കുകൂടി കുറച്ചധികം ചെലവാക്കിയാൽ,, നല്ലൊരു കെട്ടിടം, കമ്പിയഴികൾ കൊണ്ടാണെങ്കിലും പുറംകാഴ്ചകൾ കാണുന്ന വിധം,,, നല്ല മതിൽ കെട്ടോട് കൂടിയ പൂന്തോട്ടങ്ങൾ,, ഒക്കെ മാനസികോല്ലാസം കിട്ടുന്ന വിധത്തിൽ നിർമ്മിച്ചാൽ,, ഇവരെ ക്ഷമയോടെ,, സ്നേഹത്തോടെ,പരിചരിക്കുന്നവർക്ക് കൂടുതൽ സഹായകമാകും എന്ന് തോന്നുന്നു.

എപ്പോഴെങ്കിലും സന്നദ്ധ സംഘടനകളോ,, അന്തേവാസികളുടെ ബന്ധുക്കളോ,, മറ്റ് കൂട്ടായമകളിൽഉള്ളവരൊനൽകുന്ന സംഭാവനകളാണ് അവിടെ നടത്തിപ്പിനെന്ന് കേട്ടു.
ഞാൻ മനസ്സിലോർത്ത കാര്യം. കഴിഞ്ഞ കൊട്ടിയുർ ഉത്സവത്തിന് പോയപ്പോൾ അവിടത്തെ ഭണ്ഡാരങ്ങളിൽ പണം നിക്ഷേപിക്കാനുള്ള ജനത്തിരക്ക്, ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ കുളത്തിൽ,, പായസനിവേദ്യം തയ്യാറാക്കുന്ന വലിയ വട്ടളത്തിൽ ഒക്കെ നാണയങ്ങൾ വലിച്ചെറിയാൻ മൽസരിക്കുന്ന ജനങ്ങൾ.
എന്നാൽ,, അവിടെ നടവഴിക്ക് താഴെ വയ്യാത്ത ആളുകൾ നിലത്ത് തുണി വിരിച്ച് ആൾക്കാർക്ക് നേരെ കയ് നീട്ടുന്നു. അവരുടെ കയ്കളോ,,ആ വിരിച്ച തുണിയോ അധികമാരും കാണുന്നില്ല. ചില ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ നിറഞ്ഞു കവിഞ്ഞു കാണാം. ജാതി മത വേലിക്കെട്ടുകൾക്കുള്ളിൽ കുന്ന് കൂടിക്കിടക്കുന്ന ധനശേഖരം. ഇതിൽ നിന്നൊക്കെ ഒരു ചെറിയ പങ്ക് ഇത്തരം സ്ഥാപനങ്ങളിലേക്ക് നൽകുന്നുണ്ടെങ്കിൽ എന്ന് തോന്നി.

പ്രപഞ്ചം സൃഷ്ടിച്ച ഈശ്വരൻ,, സർവ്വ ചരാചരത്തെയും കാത്ത് സൂക്ഷിക്കാനും പ്രകൃതിയുടെ താണ്ഢവത്തിൽ സർവ്വം നശി നശിപ്പിക്കാനും ശക്തിയുള്ള ദൈവത്തിന് പണത്തിന്റെ ആവശ്യമുണ്ടാകുമോ. മനുഷ്യനെ ധ ധനികനും ദരിദ്രനുമാക്കുന്നത്ദൈവം തന്നെയല്ലെ.ഈ ദൈവം തന്നെയല്ലെ, ഈ സ്ഥാപനത്തിൽ വസിക്കുന്നവർക്കും ഇത്തരമൊരു ജീവിത സാഹചര്യത്തിന് വിധിയൊരുക്കിയത്.
അവിടെ നിന്ന് തോന്നിയ മറ്റൊരു കാര്യം. ആസ്ഥാപനത്തിന് ചേർന്ന് ഒരു ചെറിയ കോവിൽ പണിത്, ഏതെങ്കിലും ഒരു ദൈവത്തിന്റെ ചെറിയൊരു പ്രതിഷ്ഠയും നടത്തി,, അൽപം (അനുഭവങ്ങൾ പ്രചരിപ്പിക്കാൻ നമ്മൾ മലയാളികൾ മിടുക്കരാണല്ലൊ) പ്രചാരണം നൽകിയാൽ,, അവിടെ ഭക്തജനപ്രവാഹമായിരിക്കും.മുന്നിൽ വലിയൊരു ഭണ്ഢാരവും. നിറഞ്ഞ് കവിഞ്ഞേക്കും.

രാവിലെ പട്ടണത്തിലേക്ക് പോകുന്ന ബസിൽ ദൂരനാട്ടിൽ നിന്ന് വരുന്ന ഒരൂകൂട്ടം നാടോടി സ്ത്രീകളെ കാണാറുണ്ട്. അവർ ബസ്‌സ്റ്റാന്റിൽ എല്ലാവർക്ക് നേരെയും കയ് നീട്ടുന്നു. ഒരിക്കൽസ്കൂൾ,, കോളജ് വിദ്യാർത്ഥികളുടെ നേരെ കയ് നീട്ടിയപ്പോൾ, താൻ പ്രതികരിച്ചതിന് ഒരു സ്ത്രീ എന്നെ നോക്കി കണ്ണുരുട്ടി. ചിലകുട്ടികൾക്ക് വീട്ടിൽ നിന്ന് കണക്ക് വെച്ച് നൽകുന്ന തുഛമായ തുകയായിരിക്കും കയ്യിലുണ്ടാവുക. ഇവരെ കാണാത്ത ഭാവത്തിൽ നിന്നാൽ അവരുടെചൂണ്ടുവിരൽ കണ്ണിന് നേർക്ക് നീണ്ടു വരുന്നു. ഇത് കണ്ടാണ് താൻ പ്രതികരിച്ചത്.
ഈ കൂട്ടത്തിൽ അധ്വാനശേഷിയില്ലാത്തവരെ സംരക്ഷിക്കാൻ ആളില്ലാത്തവരാണെങ്കിൽ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ചാൽ അവർക്ക് സമയത്തിന് ഭക്ഷണവും അസുഖം വന്നാൽ ചികിൽസയും കിട്ടുമായിരുന്നു.

മടക്കയാത്രയിൽ കൂട്ടുകാരിൽ ചിലർതങ്ങൾക്ക് തോന്നിയ മാനസിക ചിന്തകൾ പങ്കുവച്ചു. ആർക്കൊക്കെയോ അവരെ കണ്ട് തങ്ങളുടെ മാതാപിതാക്കളെ ഓർമ വന്നു. ഒരിക്കലും തന്റെ അമ്മയെ ഒരു വിധത്തിലും വിഷമ വിഷമിപ്പിക്കില്ലെന്ന് ഒരു കൂട്ടുകാരി പറയുന്നത് കേട്ടു. ഇനിയും ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കണമെന്നും ചിലർ പറഞ്ഞു. എന്നാൽ തനിക്ക് അവിടെയുള്ളവരെ കണ്ടപ്പോൾ പ്രത്യേകിച്ച് വിഷമം തോന്നിയില്ല.കാരണം.,, കുംബത്തിലെപ്രായമായവരെയും, മാനസിക പ്രാപ്തിയില്ലാത്ത ആളെയും പരിചരിക്കാനുള്ള പ്രയാസം നന്നായി അനുഭവിച്ചറിഞ്ഞത് കൊണ്ട് തന്നെ. ഇതിപ്പോ,, കുറേ പേരെ ഒരിടത്ത്, നേരാംവണ്ണം സംരക്ഷിക്കപ്പെടുന്നു. അവിടെ കഴിയുന്ന ഭൂരിഭാഗം പേർക്കും വീട്ടിൽ സമയത്തിന്ഭക്ഷണം നൽകാൻ,, തുണികൾ കഴുകി നൽകാൻ, ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഒന്നും സൗകര്യപ്പെട്ടവർ ഉണ്ടാകണമെന്നില്ല. നാളെ,, തനിക്കും എന്താണ് അവസ്ഥ എന്നതറിയില്ല.
ഒരിക്കൽ കൂടെ പണി ചെയ്യുന്ന ഒരു കൂട്ടുകാരിയുടെ ഉപദേശം ഓർത്തു. തങ്ങൾക്ക് ജീവിക്കാൻ,, അധ്വാനിക്കാനുള്ള ആരോഗ്യം ബാക്കി വയ്ക്കണം. പിള്ളാരെ നോക്കി ജീവിതം തീർക്കരുത് എന്ന്.
ഒരു കണക്കിന് അതുമൊരു യാഥാർത്ഥ്യം. എത്രയേറെ കഷ്ടപ്പെട്ട് വളർത്തി ഉന്നതങ്ങളിലെത്തിച്ചെന്നാലും വാർദ്ധക്യമായാൽ,, സ്വന്തം കാര്യങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നാൽ,, ചിലപ്പോർകുട്ടികൾക്ക്മാതാപിതാക്കൾഒരു ബാധ്യത തന്നെയിരിക്കും.

അത്തരം സന്ദർഭങ്ങളിൽ ഇത് പോലുള്ള കേന്ദ്രങ്ങളിൽ അഭയം തേടാമെന്ന് തൊഴിലിടങ്ങളിൽ വച്ച് ഞങ്ങളിൽ ചിലർ പറയാറുണ്ട്.
ഒക്കെയും കാലത്തിന്റെ കൽപനകൾക്കൊപ്പം. എല്ലാവരും അനുഭവങ്ങൾ പങ്ക് വച്ച കൂട്ടത്തിൽ എനിക്ക് തോന്നിയത് കുറച്ച് വരികൾ കൂടി ഇതോടൊപ്പം.

വരിയില്ല,, വാക്കുകൾ
കൂട്ടിയെഴുതുവാന
ക്ഷരപൊട്ടുകൾ മാഞ്ഞു പോയോ,,
പിറവി തൻ മൂല്യം തിരിച്ചറിയാനെത്ര –
യകലവും താണ്ടി –
യലഞ്ഞിടേണം.
മറവി തൻ മായാ- വലയത്തിൽ നമ്മളി
യുലകത്തിൽ വർണങ്ങൾ തേടിടുമ്പോൾ,,
തകരാതെ,, തളരാതെ
താളമതില്ലാതെ
താഴ്മയിൽ ചെന്നൊന്നറി –
ഞ്ഞിടുവാൻ
അറിയുന്ന വാക്കുകൾ
വാചകങ്ങൾ,
,തന്നാലറിയാത്ത കൗതുകവും
ചേർത്തു വരക്കുന്ന ലോകമെങ്ങോ,,,
കാത്തിരിപ്പു –
ണ്ടെന്നതോർത്തിക്കാം……..

By ivayana

Leave a Reply

Your email address will not be published. Required fields are marked *