രചന : സുമേഷ് കെ മനക്കുളം ✍️
രണ്ടു കുപ്പി അന്തിക്കള്ളും മോന്തി വീട്ടിലേക്കുള്ള കാട്ടു വഴിയിലൂടെ നടക്കുമ്പോൾ മനസ്സിൽ ഓർത്തു, ഇനി എന്നാ ഇങ്ങനെ പറ്റാ എന്നറിയില്ല, ഇനി പറ്റുമോ എന്നുപോലും അറിയില്ല്യ, യുദ്ധം തുടങ്ങാൻ പോകുന്നു. പാടം കയറി വീടിന്റെ പടിക്കൽ എത്തിയത് അറിഞ്ഞില്ല. കുടിലിനകത്തേക്ക് കയറുമ്പോൾ ഉമ്മറത്ത് മുനിഞ്ഞു കത്തുന്ന വിളക്കിന്റെ വെട്ടത്തിൽ മകൻ ഇരുന്ന് ഉറക്കെ പാഠം ചൊല്ലി പഠിക്കുന്നു.
ഗുരു ബ്രഹ്മ ഗുരുർ വിഷ്ണു
ഗുരു ദേവോ മഹേശ്വര
ഗുരു സാക്ഷാൽ പര ബ്രഹ്മം തസ്മൈ ശ്രീ ഗുരവേ നമഃ
ച്ചി..നിർത്തടാ….. അവന്റെ ഒരു ഗുരു സ്തുതി… ചെക്കന്റെ കയ്യിൽനിന്ന് എഴുത്തൊല വാങ്ങി വലിച്ചെറിഞ്ഞു
അച്ഛന്റെ പെട്ടന്നുള്ള പ്രവർത്തി കണ്ട് കുട്ടി പേടിച്ച് കരയാൻ തുടങ്ങി.
എന്റെ മനുഷ്യാ നിങ്ങള് എന്തിനാ പഠിച്ചോണ്ടിരിക്കണ ക്ടാവിന്റെ മെക്കട്ട് കേറണേ
മകന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്ന് ഓടി വന്ന കെട്ട്യോള് ചോദിച്ചു.
ഭാര്യയെ രൂഷമായോന്ന് നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് കേറിപ്പോയി. മേൽ മുണ്ടും മാറി തോർത്തുമുണ്ടും എടുത്ത് കിണറ്റിൻ കരയിലേക്ക് നടന്നു.
എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. നാളെ യുദ്ധം തുടങ്ങുകയാണ്. സേനാംഗത്തിന് നേർച്ചകോഴിയുടെ ആയുസ്സെ ഉള്ളു. കേട്ട് പരിചയമോ ശത്രുതയോ ഒന്നും ഇല്ലാത്ത ആരെയൊക്കെയോ കൊല്ലണം, അല്ലെങ്കിൽ ആരുടെയോ കൈയ്യോണ്ട് ചാകണം. യുദ്ധത്തിന്റെ കാരണം ഒന്നും ഒരു ഭടൻ അറിയേണ്ട കാര്യമില്ല്യാ. ഇതിപ്പോൾ രാജാവിന്റെ മരുമകനെ കൊന്നവനോടു പകരം വീട്ടാനാണെന്ന് കേട്ടു.
കുളി കഴിഞ്ഞു വന്നപ്പോളേക്കും കെട്ട്യോള് അത്താഴം വിളമ്പി വെച്ചിരുന്നു.
അവൻ കഴിച്ചില്ലെടി???
ഇല്ല്യാ, അവൻ കരഞ്ഞു കിടന്നുറങ്ങി
വായിലേക്ക് കൊണ്ടു പോയ ഉരുള തിരിച്ചു കിണ്ണത്തിൽ ഇട്ട് എണീറ്റു
എന്തേ അത്താഴം കഴിക്കണില്ല്യേ???
എനിക്ക് വേണ്ടാ…
കൈകഴുകി കിടപ്പുമുറിൽ ചെന്നു. മകൻ കട്ടിലിൽ കിടന്ന് ഉറങ്ങുന്നു. അവന്റെ അരികിൽ കിടന്ന് അവന്റെ തലമുടിയിലൂടെ കൈ ഓടിച്ച് കണ്ണടച്ചു കിടന്നു.
മനസ്സ് കുറെ പിറകിലേക്ക് സഞ്ചരിച്ചു.
ജരാസന്ധ മഹാരാജവിന്റെ സേനയിലെ നിഷാദരുടെ തലവൻ ആയിരുന്നു അച്ഛൻ. എത്ര കഴിവുള്ള സേനാപതി ആണെങ്കിലും അതകൃതൻ ആണല്ലോ. മറ്റു സേനകളുടെ അതിപനാക്കിയാൽ അതിലെ മേൽജാതിക്കാരായ ഭടന്മാർ അംഗീകരിക്കില്ല. വളർന്നപ്പോൾ മനസ്സിലാക്കിയ പാഠം.
ആർഭാടം ഒന്നും ഇല്ലെങ്കിലും പട്ടിണിയില്ലാത്ത ഒരു ബാല്യം. ഏതൊരു മകനെ പോലെയും അച്ഛൻ ആയിരുന്നു എന്റെയും മാതൃകാപുരുഷൻ . കളിവില്ലും അമ്പും ആയിരുന്നു തന്റെ ഇഷ്ട കളിക്കൊപ്പുകൾ. ഒരു വില്ലാളി ആകണം എന്നായിരുന്നു തന്റെ ആഗ്രഹം, എന്നീട്ട് അച്ഛനെപോലെ രാജാവിന്റെ സേനയുടെ സേനപതിയാകണം. കാട്ടിലെ പേരറിയാ ഗുരുവിന്റെ ശിക്ഷണം പോര. അതിലും നല്ല ഗുരുവിന്റെ കീഴിൽ അഭ്യസിക്കണം. അങ്ങിനെ ഒരാൾ ആര്???
വനാതിർത്തിയിലുള്ള ഗ്രാമത്തിലേക്ക് കൂട്ടം തെറ്റിപ്പോയ കന്നുകാലികളെ തിരഞ്ഞു പോയ ഒരു കൂട്ടുകാരൻ ആണ് പറഞ്ഞത് വനാതിർത്തിയിലെ ഗുരു കുലത്തിൽ ദ്രോണാചാര്യർ രാജകുമാരന്മാരായ കൗരവരെയും പാണ്ഡവരെയും ആയുധ അഭ്യാസം പഠിപ്പിക്കുന്നു.
അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പരശുരാമ ശിഷ്യനായ ദ്രോണരെ കുറിച്ച്. അദ്ദേഹത്തിനു ശിഷ്യപ്പെടണം. ലോകം അറിയുന്ന വില്ലാളി ആകണം.
പിറ്റേന്ന്, പുലരാൻ ഏറെ സമയം ബാക്കിയുള്ളപ്പോൾ തന്നെ എണീറ്റ് അമ്മയുടെ അനുഗ്രഹം വാങ്ങി നടപ്പ് തുടങ്ങി. അവിടെ എത്തിയപ്പോളേക്കും നേരം പുലർന്നിരുന്നു.
രാജകുമാരന്മാർ കൂട്ടം കൂട്ടമായി എത്തി തുടങ്ങിയിരുന്നു. പല വർണ്ണങ്ങളിൽ ഉള്ള പട്ടു വസ്ത്രങ്ങൾ ചുറ്റി ആഭരണങ്ങൾ അണിഞ്ഞ അവർ കറുത്ത തൊലിയുള്ള , പരുപരുത്ത. മരവുരിയും അണിഞ്ഞു കല്ലു മാലയും ഇട്ട് മുള വില്ലുമായി നിൽക്കുന്ന തന്നെ ഒരു വിചിത്ര ജീവിയെ പോല്ലേ നോക്കി.
അല്പസമയം കഴിഞ്ഞപ്പോൾ ഗുരു ആഗതനായി. തന്നെ കണ്ടപ്പോൾ അടുത്തേക്ക് വിളിച്ചു.
ആരാ നീയ്യ്??? എന്തുട്ടിനാ ഇങ്ങട് വന്നേ???
പഠിക്കാൻ വന്നതാ
മിടുക്കൻ … എന്തുട്ടാ നിന്റെ പേര്??
ഏകലവ്യൻ
കൊള്ളാലോ , എവിട്യാ നിന്റെ വീട്?
തിരിഞ്ഞു കാട്ടിലേക്ക് വിരൽ ചൂണ്ടി..
അവിടെ ഉൾക്കാട്ടിലാ??
അത് കേട്ടതും ഗുരുവിന്റെ മുഖത്ത് ഉണ്ടായിരുന്ന വാത്സല്യ ഭാവം മങ്ങി
നിന്റെ പിതാവ് ആരാണ് ???
നിഷാദ സേനാധിപൻ ഹിരണ്യധനുസ്സ്
ഒരു നിഷാധന് അറിവ് പകരുകയോ? അതും ബ്രാഹ്മണനായ ഞാൻ???? വന്ന വഴിയേ തിരിച്ചു പോ… പുറത്തേക്ക് വിരൽ ചൂണ്ടി അദ്ദേഹം ആക്രോശിച്ചു.
തലതാഴ്ത്തി അവിടെ നിന്ന് പുറത്ത് കടക്കുമ്പോൾ മനസ്സിൽ സംശയം ഫണം വിരിച്ചാടി അറിവിനും അയിത്തമോ. ഇവിടെയും ജാതിയുടെ മുള്ള് വേലിമറയോ
തന്റെ സിരകളിലും ഓടുന്നത് ഒരു യോദ്ധാവിന്റെ രക്തമാണ്, ക്ഷത്രിയ യോദ്ധാവിന്റെ ചോരയിലെ വീര്യത്തേക്കാൾ ഒട്ടും കുറവല്ല നിഷാദ യോദ്ധാവിന്റെ ചോരയിലെ വീര്യത്തിന്. അത് കൊണ്ട് തോറ്റു കൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു.
പാഠശാലക്ക് പുറത്തുള്ള മരത്തിൽ കയറി ഇരുന്ന് ദ്രോണാചാര്യൻ രാജകുമാരന്മാരെ പഠിപ്പിക്കുന്നത് കണ്ടു പഠിച്ചു.
മണ്ണ് കുഴച്ചു ദ്രോണരുടെ രൂപം ഉണ്ടാക്കി രാത്രി മുഴുവൻ അതിന് മുന്നിൽ നിന്ന് രാവിലെ കണ്ടു പഠിച്ച അഭ്യാസങ്ങൾ ചെയ്തു പഠിച്ചു.
പിന്നെ അതായി തന്റെ ദിനരാത്രചര്യ.
കാലം കടന്ന് പോയി. രാജകുമാരന്മാരുടെ പഠിപ്പ് കഴിയുന്ന മുറക്ക് താനും അഭ്യാസങ്ങൾ പരിശീലിച്ചു. തിരിച്ചു കാട്ടിലേക്ക് മടങ്ങി.
ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് താൻ വിശ്രമിക്കുമ്പോൾ കുറച്ചപ്പുറത്ത് ഒരു നായ നിർത്താതെ കുരക്കുന്നു.
ഉറങ്ങാൻ സമ്മതിക്കുന്നില്ലല്ലോ ഈ ശ്വാനൻ എന്ന് മനസ്സിൽ പറഞ്ഞ് വില്ലെടുത്ത് അമ്പ് കൊരുത്ത് എയ്ത് അതിന്റെ കുര നിർത്തി വീണ്ടും കിടന്നുറങ്ങി.
ഈ നേരത്താണ് ദ്രോണരും ശിഷ്യരും മൃഗയാ വിനോദത്തിന് ആ വനത്തിൽ വന്നത്.
അവര് ആ കാഴ്ച കണ്ട് ഞെട്ടി. ഒരു നായെടെ വായെല് അമ്പുകൾ കൊണ്ട് ഒരു നിർമ്മിതി. എന്നാ ആ നായെടെ വായെല് ഒറ്റ മുറിവുല്ല്യ, പക്ഷെ അതിന് കുരക്കാനും പറ്റില്ല്യ.
ഇത് ചെയ്തവൻ നിസ്സാരക്കാരനാവില്ലെന്ന് മനസ്സിലാക്കിയ ആചാര്യൻ ശിഷ്യർക്ക് ആജ്ഞ നൽകി.
ഇത് ചെയ്തവൻ ഇവിടെ എവിടെയോ ഉണ്ടാകും. പോയി അവനെ കണ്ടുപിടിച്ച് എന്റെ മുന്നിൽ കൊണ്ട് വരിക, ജീവനോടെ.
അവർ മാറാത്തണലിൽ ഉറങ്ങി കിടന്ന തന്റെ അടുത്തെത്തി.
കാപ്പെരുമാറ്റം കേട്ടപ്പോളാണ് താൻ എണീറ്റത് . നോക്കിപ്പോ മുന്നിൽ തന്റെ ഗുരു ദ്രോണർ.
നീ…..നീയാ…… ഏകലവ്യൻ അല്ലേടാ……. ഗുരുവിന്റെ കാൽ തൊട്ട് വന്ദിച്ചു എണീറ്റ തന്നോട് അദ്ദേഹം ചോദിച്ചു.
അതേ ഗുരോ….
അത് ചെയ്തത്?
വായ തുറക്കാനോ അടക്കാനോ പറ്റാതെ നിൽക്കുന്ന നായയെ ചൂണ്ടി സംശയത്തോടെ അദ്ദേഹം ചോദിച്ചു.
“അതേ ഗുരോ”
ഭേഷ്, ആരാ നിന്റെ ഗുരു??
അങ്ങ് തന്നെയാണ് എന്റെ ഗുരു, അങ്ങയുടെ സമക്ഷത്ത് നിന്നുമേ അടിയൻ എന്തും പഠിച്ചിട്ടുള്ളു.
ഇതു കേട്ടപ്പോ അർജ്ജുനൻ ദ്രോണരെ ഒരു നോട്ടം നോക്കി.
അപ്പൊ അങ്ങേക്ക് എന്നെക്കാൾ പ്രിയ ശിഷ്യൻ വേറെ ഉണ്ടായിരുന്നല്ലേ?എന്നതാണ് ആർജ്ജുനന്റെ ആ നോട്ടത്തിന്റെ അർത്ഥം എന്ന് ദ്രോണർക്ക് മനസ്സിലായി.
ഞാൻ എപ്പോൾ നിന്നെ? അദ്ദേഹം സംശയത്തോടെ ചോദിച്ചു.
താൻ അദ്ദേഹത്തോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. എന്നിട്ട് താൻ ദിവസും പൂജിക്കുന്ന, താനുണ്ടാക്കിയ ദ്രോണരുടെ പ്രതിമ കാണിച്ചു കൊടുത്തു.
ദ്രോണർക്ക് കാര്യങ്ങൾ മനസ്സിലായി, ഇവൻ തന്റെ പ്രിയ ശിഷ്യനായ അർജ്ജുനന്റെ യശസ്സിനെക്കാളും മേലെയാകും. അതിനനുവദിച്ച് കൂടാ. അദ്ദേഹം അതിനുള്ള വഴികൾ മനസ്സിൽ കണക്ക് കൂട്ടി.
വിഷമത്താൽ താഴേക്ക് നോക്കി നിന്നിരുന്ന അർജ്ജുനന്റെ നെറുകിൽ ആരുമായായ് തഴുകികൊണ്ട് അദ്ദേഹം ശാന്തനായി തന്നോട് പറഞ്ഞു.
ഏകലവ്യാ… എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നീ എന്നിൽ നിന്ന് ധനുർവിദ്യ അഭ്യസിച്ചത്. തത്വത്തിൽ അപ്പൊൾ ഞാൻ നിനക്ക് ഗുരുവാണ്. പക്ഷെ വിദ്യാഭ്യാസം പൂർണ്ണമാകണം എങ്കിൽ ഗുരുവിന് ദക്ഷിണ നൽകണം. അതാണ് ആചാരമെന്ന് അറിയാമല്ലോ.
ഉവ്വ്, എന്ത് വേണമെന്ന് അങ്ങേക്ക് ആജ്ഞാപിക്കാം.
നിന്റെ വലത് കയ്യിലെ തള്ളവിരൽ, അതാണ് നീയെനിക്ക് തരേണ്ട ഗുരുദക്ഷിണ.
അത് കേട്ട് ഞെട്ടിപ്പോയ താൻ അദ്ദേഹത്തിന്റെയും മാറ്റുള്ളവരുടെയും മുഖത്തേക്ക് പതർച്ചയോടെ നോക്കി.
ആചാര്യന്റെയും, ആർജ്ജുനനന്റെയും കണ്ണുകളിൽ കുടിലതയുടെ തീക്ഷണതയുണ്ടായിരുന്നു.. ബാക്കി കണ്ണുകളിൽ തന്നോടുള്ള സഹതാപമോ, ആചാര്യന്റെ ആവശ്യം കേട്ടുള്ള ഞെട്ടല്ലോ ആയിരുന്നു.
ഒരു നിമിഷം താൻ കണ്ണടച്ച് നിന്നു, പിന്നെ അരയിൽ തൂക്കിയിട്ടിരുന്ന തുകലുറയിൽ നിന്ന് വേട്ടക്കത്തി ഊരി ആചാര്യന്റെ മുന്നിൽ മുട്ട് കുത്തിനിന്ന് തലയുയർത്തി അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു
അങ്ങയുടെ ആജ്ഞ പോലെ, നിഷാധനായ ഹിരണ്യധനുസ്സിന്റെ പുത്രൻ ഏകലവ്യന്റെ ഗുരുദക്ഷിണ സ്വീകരിച്ചാലും.
ഒറങ്ങില്ല്യേ???
കെട്ട്യോൾടെ ശബ്ദം കെട്ട് ഏകലവ്യൻ ചിന്തയിൽ നിന്നുണർന്നു
മ്മ്…..
എന്തിനാ ഇന്ന് മോനെ ചീത്ത പറഞ്ഞെ…….
ജാതിയുടെ പേരിൽ എനിക്ക് അറിവ് പകർന്നു തരാൻ വിസമ്മതിച്ച, ഒരു ഗുരു തന്റെ ശിഷ്യരെയെല്ലാം ഒരു പോലെ കാണേണ്ടവനായിട്ടും, ശിഷ്യരിൽ ഒരുവനോടുള്ള അമിത വാത്സല്യം കൊണ്ട് മറ്റൊരുത്തന്റെ ഭാവി ഇരുളടപ്പിച്ച എന്റെ ഗുരുവിനെ ഓർത്തപ്പോൾ…. ഞാൻ…. എനിക്ക്….. പറ്റിപ്പോയി
തള്ളവിരൽ ഇല്ലാത്ത തന്റെ വലത് കൈപത്തിയിലേക്ക് നോക്കി ഏകലവ്യൻ പറഞ്ഞു.

