പ്രതി വായന : ജയന്തി അരുൺ ✍️
മണ്മറഞ്ഞുപോകാത്ത അടയാളപ്പെടുത്തലുകളിൽനിന്നും , മറവി ബാക്കിനിർത്തിയ ഓർമകളിൽനിന്നും കണ്ടെടുത്തവതരിപ്പിക്കുന്ന ഭാവനാനിർമിതിയാണ് ചരിത്രനോവലുകൾ.
ചരിത്രംപോലും പുനർനിർമ്മിക്കപ്പെടുന്ന കാലത്ത് ചരിത്രനോവലുകൾക്ക് പ്രസക്തിയേറുന്നുണ്ട്. ചരിത്രത്തോട് കൂടുതൽ ചേർന്നുനിൽക്കുമ്പോൾ നോവലുകൾക്കുണ്ടാകുന്ന വെല്ലുവിളി അതിൽനിന്ന് സാഹിത്യാംശം പിൻവാങ്ങുകയും വിവരണം മാത്രമായി പരിണമിക്കുകയും ചെയ്യുന്നുവെന്നുള്ളതാണ്. അവിടെയാണ് രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെ അടിസ്ഥാനമാക്കി രചിക്കുന്ന നോവലുകളും ചരിത്രത്തെ ഓർമകളിൽനിന്നും സ്വരുക്കൂട്ടി ഭാവനയിലൂടെ അവതരിപ്പിക്കുന്ന നോവലുകളും തമ്മിൽ താരതമ്യപഠനത്തിന് സാധ്യതയില്ലാത്ത വിധം വേറിട്ട് നിൽക്കുന്നത്. ആ പശ്ചാത്തലത്തിൽനിന്നുകൊണ്ട് വിശകലനം ചെയ്യേണ്ട, എഴുതപ്പെടാത്ത ചരിത്രവും ഭാവനയും ചേർത്തെഴുതിയ നോവലാണ് പി സുരേഷിന്റെ ‘മറതി’.
ചരിത്രനോവലിനെക്കാൾ രചനാസ്വാതന്ത്ര്യമുള്ള കൃതി എന്ന നിലയിൽത്തന്നെയാണ് ‘മറതി’യുടെ പ്രതിവായന.
സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രാദേശികപരിപ്രേഷ്യങ്ങൾ
സ്വാതന്ത്ര്യസമരം ഇന്ത്യയുടെ മണ്ണിൽനിന്നും ബ്രിട്ടീഷുകാരെ തുരത്താൻ വേണ്ടി മാത്രമുള്ളതായിരുന്നില്ല. പ്രാദേശികമായ ഒട്ടനവധി പ്രശ്നങ്ങളെ ഇഴചേർത്ത ഒറ്റച്ചരടായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരങ്ങൾ. രേഖപ്പെടുത്തപ്പെട്ടതിനേക്കാൾ എത്രയോ മടങ്ങ് പ്രാദേശികസമരങ്ങളും സമരനേതാക്കളും ഇന്ത്യയിലുടനീളം രേഖപ്പെടുത്തപ്പെടാതെ പോയിട്ടുണ്ട്. ഓരോ പ്രദേശത്തിനും സ്വന്തമായ സ്വാതന്ത്ര്യസമരചരിത്രങ്ങളും അതിനെ നയിച്ചവരും അതിനിടയിൽ അടിച്ചമർത്തപ്പെട്ടവരും കൊലചെയ്യപ്പെട്ടവരുമുണ്ട്. അത്തരമൊരു പ്രാദേശികസ്വാതന്ത്ര്യസമരചരിത്രത്തിലേക്കാണ് ‘മറതി’ സഞ്ചരിക്കുന്നത്. ചരിത്രവും ഭാവനയും വേർതിരിക്കാനാവാത്തവിധം ചേർന്നു കിടക്കുന്നതാണ് മറതിയുടെ പ്രത്യേകത. തെയ്യോൻ എന്ന കഥാപാത്രത്തിന്റെ വർത്തമാനത്തിൽനിന്ന് ഭൂതകാലത്തേക്കുള്ള യാത്രയാണ് നോവൽ.
വാർത്തമാനത്തിൽ തെയ്യോൻ സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ കുട്ടികളോട് സംസാരിക്കാൻ പോകുകയാണ്. അവിടെ നിന്നും തുടങ്ങുന്ന ഓർമകൾ ഉള്ളിച്ചേരി എന്ന ഗ്രാമത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലേക്കുള്ള പാലമാണ്. പാലം കടക്കുന്ന ഓർമകൾ തെയ്യോനെ കൊണ്ടുപോകുന്ന വഴികളിലൂടെ സഞ്ചാരിച്ചാൽ സ്വാതന്ത്ര്യസമരത്തിന്റെ ദേശീയവഴികളും സമാന്തരമായി ഉള്ളിച്ചേരിയുടെ പ്രാദേശികവഴികളും വെളിപ്പെടും. ആദ്യം വെളിപ്പെടുന്നത് ഇരുട്ടിലെ വെളിച്ചമാണ്. ഉള്ളിച്ചേരിയുടെ സ്വാതന്ത്ര്യസമരനായകൻ നാടുവിലക്കണ്ടി ദാമോദരൻ നായർ എന്ന വെളിച്ചം.
ദാമോദരൻ നായരുടെ
“എന്തന്ന അന്റെ പേര്? “ എന്ന ചോദ്യത്തിൽ നിന്നാണ് തെയ്യോൻ ഭൂതകാലത്തിന്റെയും ഭൂതകാലത്തിലേക്ക് വീണുപോകുന്നത്. അങ്ങനെയാണ് മരിച്ചുപോയ ഒരു പേരിന്റെ കഥ വെളിപ്പെടുന്നത്. സ്വാതന്ത്ര്യസമരം സ്വാതന്ത്ര്യമില്ലാത്ത നാടിനുവേണ്ടി മാത്രമല്ല, പേര് നഷ്ടപ്പെവർക്ക് പേരിനുവേണ്ടിക്കൂടിയാണെന്ന് തെയ്യോന്റെ സ്വാതന്ത്ര്യസമരകഥ വെളിപ്പെടുത്തും.
ഗോപാലൻ എന്ന പേര് മരിച്ച് തെയ്യോനായ കുട്ടിയുടെ സംഘർഷത്തിൽ വീഴുന്നതോടെ നോവലിലേക്ക് വായനക്കാരൻ പൂർണമായും ഇഴചേർക്കപ്പെടും. തെയ്യോനോടൊപ്പം സഞ്ചിരിക്കും.
“ചാടുവയലിലെ പയ്യിന്റെ ചൂരുമായി അച്ഛൻ വരുമ്പോൾ പറയണം :
‘അച്ഛാ, അച്ഛന്റെ മോൻ ഗോപാലൻ ഇന്നുരാവിലെ ചത്തുപോയച്ഛാ… ഞാൻ തെയ്യോനാണ്, തെയ്യോൻ ‘
പേരും സ്കൂളും നഷ്ടപ്പെട്ട ഗോപാലൻ അച്ഛനൊപ്പം പശുക്കളുമായി പുതിയ മേച്ചിൽപ്പുറത്തേക്ക് ഇറങ്ങി.
‘വളർച്ചമുറ്റിയ ഒരു വേങ്ങമരത്തിന്റെ ചുവട്ടിൽ തെയ്യോൻ വെറുതെ കുത്തിയിരുന്നു. താഴെ നനഞ്ഞുകുതിർന്ന ചെളിമണ്ണിൽ വിരലുകൾകൊണ്ട് ഗോപാലൻ എന്ന് അവൻ എഴുതി നോക്കി. പെട്ടെന്ന് അവനരികിലൂടെ ഓടിക്കളിച്ച കന്നുകുട്ടിയുടെ കുളമ്പിനടിയിൽപ്പെട്ട് ആ പേര് വായിക്കാൻ കഴിയാത്തവിധം ചിതറിപ്പോയി. “
ഉള്ളിച്ചേരി എന്ന ഗ്രാമത്തിന്റെ സാമൂഹികദൗർബല്യങ്ങളിൽനിന്നുള്ള ആദ്യത്തെ ദൃശ്യമാണ് ‘മരിച്ചുപോയ ഒരു പേര്.’
സ്വാതന്ത്ര്യസമരത്തിന്റെ പ്രാദേശികവിനിമയങ്ങൾ തെയ്യോന്റെ കാഴ്ചകളിൽ നിന്നാണ് തുടങ്ങുന്നത്. ബ്രിട്ടീഷുകാർ കെട്ടിയ പാലം തകർക്കാൻ നടത്തുന്ന ചർച്ചകളിലാണ് തുടക്കം. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം മുതൽ സ്വാതന്ത്ര്യലബ്ധി വരെയുള്ള ദേശീയസ്വാതന്ത്ര്യസമരത്തിനൊപ്പം ഉള്ളിച്ചേരി ഗ്രാമം കൂട്ടുചേർന്നു.
മാതാംതോടിനു കുറുകെയുള്ള പാലം തകർക്കുന്നതാണ് തെയ്യോൻ പങ്കാളിയായ, ഉള്ളിച്ചേരിയിലെ സമരചരിത്രത്തിന്റെ തുടക്കം. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോടെ രാജ്യം പൂർണപങ്കാളിത്തത്തോടെ ഏറ്റെടുത്ത സമരത്തെ അതേ തീവ്രതയോടെ ഉള്ളിച്ചേരിയും ഏറ്റെടുത്തുകഴിഞ്ഞിരുന്നു.
നടുവിലക്കണ്ടി ദാമോദരൻ നായരുടെ സംഘത്തോടൊപ്പം കൗമാരക്കാരനായ തെയ്യോനും അതിന്റെ ഭാഗമായിരുന്നു.
ബ്രിട്ടീഷുകാരുടെ സുഖസഞ്ചാരം തടസ്സപ്പെടുത്തുകയായിരുന്നു മാതാംതോട് പാലം തകർത്തതിലൂടെ ലക്ഷ്യമിട്ടത്. തുടർന്ന് ഉള്ളിച്ചേരി പൂർണമായി സ്വാതന്ത്ര്യസമരത്തിലേക്ക് വീഴുകയായിരുന്നു. അംശക്കച്ചേരികൾക്ക് തീയിട്ടു. കീഴരിയൂർ ബോംബാക്രമണമുണ്ടായി. ഉള്ളിച്ചേരിയിൽ സമരമുഖത്തുണ്ടായിരുന്നവർ ഒളിവിലോ തടവിലോ ആയി. ജയിലനുഭവങ്ങളും ഒളിവനുഭവങ്ങളുമാണ് നോവലിനെ മുന്നോട്ടുനയിക്കുന്നത്.
തൊളൂരയുടെ വീട്ടിലെ ഒളിവനുഭവങ്ങൾക്കുശേഷം തെയ്യോൻ ഉള്ളിച്ചേരിയിലെത്തിയപ്പോൾ കാണുന്നത് സ്വാതന്ത്ര്യസമരങ്ങളില്ലാതെ ശാന്തമായ നാടാണ്. സ്വാതന്ത്ര്യം കിട്ടാൻപോകുന്നവെന്ന വാർത്ത സന്തോഷിപ്പിച്ചെങ്കിലും രാജ്യമാകമാനമുള്ള സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ ഉൾക്കൊള്ളാനുള്ള പ്രായം തെയ്യോനുണ്ടായിരുന്നില്ല. സ്വാതന്ത്ര്യം കിട്ടിയത് തെയ്യോനറിഞ്ഞത് മൂരിവണ്ടിക്കാരൻ ചെട്ട്യാരിൽനിന്നാണ്. ബ്രിട്ടീഷുകാർ പോയാലും പോയില്ലെങ്കിലും തനിക്കൊന്നുമില്ലെന്ന് ചിന്തിച്ച് ജീവിച്ചിരുന്ന ചെട്ട്യാർ ഗാന്ധിത്തൊപ്പിയും ഖാദികുപ്പായവുമിട്ട് സ്വാതന്ത്ര്യസമരപ്പോരാളിയായി പായസം വിളമ്പുന്നു. ‘കടോത്ത് വല്യ യോഗ’ത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയ കുഞ്ഞായി ഹാജി വെളുത്ത കുപ്പായവും മല്ലുമുണ്ടും ധരിച്ചു പുറത്തേക്ക് പോകുന്നതാണ് ഉള്ളിച്ചേരിയിൽ തെയ്യോൻ കണ്ട കാഴ്ച.
മാതാംതോടിന് കുറുകെയുണ്ടായിരുന്ന പാലം പൊളിച്ച, ഉള്ളിച്ചേരിയിലെ സ്വാതന്ത്ര്യസമരപോരാളികളായിരുന്ന തെയ്യോനും കോയക്കുട്ടിയും കുഞ്ഞായി ഹാജിയുടെ പടാപ്പുറത്തുനിന്നും കിട്ടിയ നോട്ടീസിലൂടെ യോഗത്തെക്കുറിച്ചറിഞ്ഞു.
സ്വാതന്ത്ര്യം കിട്ടിയതുകേട്ടിട്ടും ചെയ്തുകൊണ്ടിരുന്ന പണി തുടർന്ന അമ്മാവൻ തൊളൂരയെപ്പോലെ ലോകപരിചയം കൗമാരക്കാരനായ തെയ്യോന് ഉണ്ടായിരുന്നില്ലല്ലോ. സ്വാതന്ത്ര്യലബ്ധിയിലൂടെ മാറിയ സമവാക്യങ്ങളെക്കുറിച്ച് അവനെന്തറിയാം.
“ആകാശത്തുനിന്ന് പിടിവിട്ട് മാതാംതോട്ടിൽ വീണുപോയ ഒരു മേഘം അവരോടൊപ്പം നടന്ന് പാലം നൂണ്ട് രാമൻപുഴയിലേക്ക് ഒഴുകിപ്പോയി “
രാമൻപുഴയിലേക്ക് ഒഴുകിപ്പോയത് ആകാശത്തുനിന്ന് വീണുപോയ മേഘമായിരുന്നില്ല, തെയ്യോനെപ്പോലെ, കോയക്കുട്ടിയെപ്പോലെ, കുഞ്ഞിരാമനെപ്പോലെ, ചത്തുക്കുട്ടിയെപ്പോലെ ഒട്ടേറെ സ്വാതന്ത്ര്യസമരഭടൻമാരുടെ ത്യാഗങ്ങളാണെന്ന് ചിന്തിക്കാനുള്ള പ്രായം അവനായിരുന്നില്ലല്ലോ.
എഴുതപ്പെട്ട ചരിത്രം എത്രയോ പോരാളികളെ മറന്നിരിക്കുന്നു. അവർ അടയാളങ്ങൾ അവശേഷിപ്പിക്കാതെ മാഞ്ഞുപോയവരായിത്തീർന്നു. ജീവിച്ചിരുന്നതിന് തെളിവുകളില്ലാത്തവർ.
സ്വാതന്ത്ര്യസമരചരിത്രത്തിലെ ജീവിതചിത്രങ്ങൾ
സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവിവരണമല്ല, ‘മറതി’യെന്ന നോവൽ. ഉള്ളിച്ചേരിയുടെ സമഗ്രചിത്രമാണ്.
ഭാവനയുടെ സ്വാതന്ത്ര്യമുപയോഗിച്ച് ചരിത്രത്തെ സാഹിത്യഭംഗി ചേർത്ത് വായനാസുഖമുള്ളതാക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
എത്ര ജീവിതങ്ങളാണ്, വൈകാരികസംഘർഷങ്ങളാണ് ഈ ചെറുനോവലിലൂടെ ( പേജുകളുടെ എണ്ണത്തിൽ മാത്രം) കടന്നുവരുന്നത്.
തെയ്യത്തിരയുടെ ജീവിതവും മരണവും, പിറുങ്ങന്റെ മരണം, അര്ത്തനാടിയുടെ ദയനീയാവസ്ഥ, മുള്ളങ്കണ്ടി മീത്തൽ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വം, കുഞ്ഞിരാമന് കുഞ്ഞിനെ കാണിച്ചുകൊടുക്കാൻ കോടതി വളപ്പിൽ ദിവസങ്ങളോളം കാത്തിരുന്ന ഭാര്യ മാണിക്യത്തിന്റെ നിസ്സഹായത, വെള്ളപ്പറായിയുടെ മരണം തുടങ്ങി എത്രയെത്ര ഗ്രാമജീവിതക്കാഴ്ചകളിലൂടെ നോവൽ കടന്നുപോകുന്നു.
ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം മുതൽ സോഷ്യലിസ്റ്റ് കോൺഗ്രസായ ശങ്കരമാരാരുടെ കൈതോല സമരം വരെയും കെ പി ആറിലൂടെ കമ്യൂണിസത്തിന്റെ ആരംഭചിത്രവും നോവലിൽ വന്നുപോകുന്നു. അതെല്ലാം തെയ്യോന്റെ കാഴ്ചയിലും കേൾവിയിലും കൂടി കടന്നുപോകുന്നതുകൊണ്ട് ചരിത്രനോവലിന്റെ വിരസത ‘മറതി’ക്കില്ല. ദാമോദരന്റെ ബല്ലാരിജയിലനുഭവങ്ങളെ കുഞ്ഞുമാധവിയിലേക്കും കുഞ്ഞിലേക്കും കൂടി തിരിച്ചുവിട്ട് വൈകാരികത നിലനിർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഓർമകളെക്കുറിച്ചുള്ള ദാമോദരന്റെ ചിന്തകളും അതിന്റെ ഭാഗമായി വരുന്നതാണ്. നോവലിന്റെ ചരട് ഓർമകളാണല്ലോ.
‘മറതിയും തെയ്യോൻ പാലവും.
വർത്തമാനത്തിൽനിന്നും ഭൂതകാലത്തിലേക്കുള്ള പാലമാണ് തെയ്യോൻ. അതുകൊണ്ടുതന്നെ ‘മറതി’യുടെ കാലം തെയ്യോന്റെ ജീവിതത്തിലൂടെ അളക്കണം. സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത്, തെയ്യോന് പതിനേഴിലേക്ക് എത്താൻ ഇനിയും ദൂരമുണ്ട്. കൗമാരക്കാരനായ തെയ്യോൻ കാണുന്ന സ്വാതന്ത്ര്യസമരചിത്രങ്ങളാണ് ‘മറതി’യെന്ന് പൂർണമായും പറയാനും സാധ്യമല്ല. നോവൽ അതിനപ്പുറം വളരുന്നുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന തെയ്യോനിൽ നിന്നാണല്ലോ നോവൽ ആരംഭിക്കുന്നത്. എത്രാമത്തെ സ്വാതന്ത്ര്യദിനാഘോഷം എന്ന് സൂചനകളില്ല. തെയ്യോന്റെ പ്രായം എത്രയായിരിക്കും? ആഘോഷത്തിൽ പങ്കെടുക്കാൻ പോയ തെയ്യോൻ ആഘോഷത്തിന്റെ വർണക്കാഴ്ചകളിൽനിന്നും സ്വാതന്ത്ര്യസമരകാലത്തേക്കും അതിനുമപ്പുറമുള്ള ഭൂതകാലത്തിലേക്കും പോയി. ഉള്ളിച്ചേരി സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ മാതാംതോടിന് കുറുകെയുള്ള പുതിയ പാലത്തിൽ നിൽക്കുന്ന കൗമാരക്കാരനായ തെയ്യോനിൽ നോവൽ അവസാനിക്കുന്നു. സ്വതന്ത്രഭാരതത്തിൽ എന്തു സംഭവിക്കാൻ പോകുന്നു എന്നതിനെപ്പറ്റി യാതൊരു പിടിപാടുമില്ലാത്ത തെയ്യോനിലാണ് കഥ നിൽക്കുന്നത്. കുന്ന് കയറിചെല്ലുമ്പോൾ മുന്നിൽ കിടങ്ങ് വന്നതുപോലെയുള്ള അവസാനിപ്പിക്കലാണത്. നോവൽ എഴുതിത്തുടങ്ങിയപ്പോൾ പദ്ധതിയിട്ട അവസാനമല്ല ‘മറതി’ക്കുള്ളത് എന്ന തോന്നൽ പ്രതിവായനയ്ക്കുണ്ട്.
തുടക്കത്തിലുള്ള തെയ്യോനെ ഉപേക്ഷിച്ച് നോവൽ അവസാനിപ്പിച്ചത് നന്നായെന്ന് തന്നെയാണ് പ്രതിവായനയ്ക്ക് അഭിപ്രായം.
തിരിച്ചു തെയ്യോനിലേക്കും മറ്റൊരു അന്ത്യത്തിലേക്കും കൊണ്ടുപോകുന്നത് ദുഷ്കരമായിരിക്കും.
മറതിയിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഘടകം ഓരോ അധ്യായത്തിന്റെയും പേരുകളാണ്. ‘മരിച്ചുപോയ ഒരു പേര്’, ‘പറായിയുടെ തുമ്പപ്പൂക്കൾ’ ഇങ്ങനെ വായനയിലേക്ക് നയിക്കുന്ന പേരുകൾ കൃത്യമായ സൂചനകൾ കൂടിയാണ്.
‘മറതി’യിൽ നോവലിന്റെ ഘടനയ്ക്ക് ചേരാതെ നിൽക്കുന്നത് ഒരു ചെറിയ ഭാഗം മാത്രമാണ്. അബുവിന്റെ ചായക്കടയിലെ ആ സംഭാഷണം ഇങ്ങനെയാണ്.
“ചായയ്ക്ക് കൂട്ടാനൊന്നും മാണ്ടേ? “
“എറുമ്പിന്റെ മുട്ട പുയ്ങ്ങ്യേത്ണ്ടെങ്കി, രണ്ടെണ്ണം ങ്ങെടുത്തോ “
അബു ചിരിച്ചു.
“ങ്ങള്യടപ്പം ഓർലിക്സിന്റെ തയ്യൊന്നൂല്ലേ? “
ചായ കുടിക്കാൻ വന്ന ദിനേശൻ ചോദിച്ചു.
“ണ്ട്. എണക്ക് നാളെ രണ്ടെണ്ണം
കൊണ്ടത്തരാ “
ദിനേശൻ ചിരിച്ചുകൊണ്ട് തലയാട്ടി.
“ലഡൂന്റെ നാല് വിത്തും കൊണ്ടുത്തരാ, മോനേ ദിനേശാ “
തെയ്യോൻ ചായ കുടിച്ചു പുറത്തിറങ്ങി. “
വായിക്കാൻ രസമുണ്ടെങ്കിലും, തെയ്യോൻ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലോ നോവലിന്റെ വഴിയിലോ ഈ സംഭാഷണത്തിനുള്ള പ്രധാന്യമെന്തെന്ന് ന്യായമായും സംശയിക്കണം.
ഒഴുക്കോടെ വായിച്ചുപോകാവുന്ന നോവലിൽ അനാവശ്യമെന്നുതോന്നിയ ഒരേയൊരു ഭാഗം ഇതുമാത്രമാണ്.
അത് മറതിയുടെ മാറ്റുകുറയ്ക്കുന്നില്ലെന്ന് എടുത്തുപറയട്ടെ.
മലയാളനോവൽ സാഹിത്യം കെട്ടുകാഴ്ചകളിലേക്കും വിട്ടുവീഴ്ചകളിലേക്കും ദൃശ്യമാധ്യമസാധ്യതകളിലേക്കും ചുവടുവയ്ക്കുന്ന കാലത്ത് ‘മറതി’ മികച്ച വായനാനുഭവമാണ് നൽകുന്നത്. ചരിത്രവും ഭാവനയും സമ്മേളിയ്ക്കുന്ന മനോഹരമായ ആഖ്യാനം. കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

