രചന : അഫ്സൽ ബഷീർ തൃക്കോമല ✍️
1945 ഒക്ടോബർ 16 ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ “എല്ലാവർക്കും ഭക്ഷണം” എന്ന മുദ്രാവാക്യവുമായി ഭക്ഷ്യ കാർഷിക സംഘടന (FAO) രൂപീകരിച്ചു. പിന്നീട് 1979 മുതൽ എല്ലാ വർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം (World Food Day ) ആയി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തു.ഭക്ഷണം മുഖ്യം” എന്ന പ്രമേയത്തിൽ 1981-ലായിരുന്നു ആദ്യ ഔദ്യോഗിക ദിനാചരണം. ഐക്യരാഷ്ട്ര പൊതുസഭ 1984-ൽ ദിനാചരണത്തിന് അംഗീകാരം നൽകി.
പ്രതിവർഷം 50 ലക്ഷം കുട്ടികളാണ് ലോകത്ത് പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത് .മാത്രമല്ല അതിന്റെ മൂന്നിരട്ടിയിലേറെ മുതിർന്ന ആളുകൾ ഒരു നേരത്തെ ഭക്ഷണമില്ലാതെ വലയുകയും ചെയ്യുന്നു. “മെച്ചപ്പെട്ട ഭക്ഷണത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടി കൈകോർക്കുക” എന്നതായിരുന്നു 2025 ലെ പ്രമേയം.
“Innovate today. Nourish tomorrow.” (ഇന്ന് നവീകരിക്കാം; നാളത്തേക്ക് പോഷണം നൽകാം എന്നതാണ് 2026 ലെ പ്രമേയം .
വിശപ്പും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിന് ആഗോള സഹകരണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ആവശ്യകതയെ ഈ പ്രമേയം അടിവരയിടുന്നു. ലോകത്ത് 67 കോടി ജനങ്ങൾ ഭക്ഷ്യ സുരക്ഷിതത്വത്തിലെ അനാരോഗ്യ പ്രവണതകൾ മൂലം അമിതവണ്ണം കാരണമുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുകയാണെന്നത് ഇതിന്റെ മറു വശം.രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണം അഥവാ ജങ്ക് ഫുഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഭക്ഷണം കുഞ്ഞുങ്ങൾക്ക് ഏറെ ദോഷമാണെന്ന് പറയേണ്ടതില്ല.അറിഞ്ഞുകൊണ്ട് അത്തരം ഭക്ഷണം നിരന്തരം കഴിച്ച് രോഗാവസ്ഥയിലെത്തിയവരും മരണം വരിച്ചവരെയും കണക്കെടുക്കാൻ പോലും കഴിയാതെ രാജ്യങ്ങൾ അമ്പരന്നു നിൽക്കുന്നു. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ കപ്പയും ചേമ്പും കാച്ചിലും പ്രഭാത ഭക്ഷണമായിരുന്ന സ്ഥാനത്ത് നൂഡിൽസും ബർഗറും സാൻഡ്വിച്ചും തീന്മേശകൾ കൈയടക്കിയപ്പോളാണ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ കൂണ് പോലെ മുളച്ചു വന്നതെന്നു ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം കാണാതെ പോകാൻ കഴിയില്ല. എല്ലാവർക്കും ഭക്ഷണമെന്ന ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം കൃത്യമായി പാലിക്കാൻ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈയെടുക്കാതെ ലോകത്തെ പട്ടിണിക്കും പോഷകാഹാര കുറവിനും അറുതിയുണ്ടാകില്ല.
പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ പ്രകൃതിക്കു നിരക്കാത്തതും എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണ ക്രമങ്ങൾ പൊണ്ണത്തടിയിലേക്ക് നയിക്കുന്നതും അത് വഴി മാരക രോഗങ്ങളുണ്ടാകുന്നതും ഒഴിവാക്കിയില്ലെങ്കിൽ വലിയ വിപത്തും നേരിടേണ്ടി വരും. ഭക്ഷണം കഴിച്ചു വയറു നിറഞ്ഞ ശേഷവും മിച്ച ഭക്ഷണം ചവറ്റുകുട്ടയിൽ വലിച്ചെറിയും മുമ്പ്, ലോകമെമ്പാടും പിഞ്ചുകുട്ടികളും വയോവൃദ്ധരും ഉൾപ്പെടെ ലക്ഷക്കണക്കിന് പേരാണ് ഒരു നേരെത്തെ ഭക്ഷണം പോലുമില്ലാതെ പട്ടിണി കിടക്കുന്നത് എന്നോർക്കുക.വന്യമൃഗങ്ങളെ ഉൾപ്പെടെ വേട്ടയാടി അതിന്റെ മാംസം പച്ചയ്ക്കും അർധ വേവിലും ഉപയോഗിക്കുന്നതും, കണ്ട പിട്ടാ പ്രാണികളെ എല്ലാം പിടിച്ചു കഴിക്കുന്നതും ലോകത്ത് വർധിച്ചു വരുന്നതും അതു മൂലമാണ് പല മഹാവ്യാധിയുടെയും സാംക്രമിക രോഗങ്ങളുടെയും ഉത്ഭവം എന്നതും നാളെ മനുഷ്യരാശി തന്നെ ഉന്മൂലനം ചെയ്യപ്പെടാൻ ഇത്തരം ഭക്ഷണ രീതികൾ കാരണമാകാമെന്നും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
സമ്പന്നരുടെ വൃദ്ധ മാതാപിതാക്കൾ പട്ടിണി നേരിടുന്നു എന്ന സർവേ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. മക്കളുടെ ചോറ് മരുന്ന് ആണെന്ന് പറയുന്നതിൽ രണ്ടർത്ഥമുണ്ട്. അത് മികച്ച രോഗ പ്രതിരോധമാണെന്നും അതിലൂടെ വയോജനങ്ങൾ ശാരീരികമായും മാനസികമായും കൂടുതൽ ഊർജ്ജസ്വലരാകും എന്നതും അല്ല മക്കൾ അളന്നു തൂക്കിയേ മാതാപിതാക്കൾക്ക് നൽകൂ എന്നും മരുന്ന് പോലെ മാത്രം അവർക്കതു ഉപയോഗിക്കാനാകൂ എന്നും വിവക്ഷ.
ലോക ഭക്ഷ്യ ദിനത്തിൽ ആഹാര വൈവിധ്യ വത്കരണത്തിനായി പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തുക ഒപ്പം അത് കൃത്യമായി ഉപയോഗിക്കുക അത് തന്നെ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭക്ഷണത്തിലൂടെ രോഗ പ്രതിരോധം എന്ന നിലയിലേക്കെത്തിക്കും.ഉല്പാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാമതും മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുമാണ്. അത് പോലെ തേനിന്റെയും മുട്ടയുടെയും ഉല്പാദനവും മുൻപത്തേക്കാൾ ഇരട്ടിയലധികമായി.
സാമ്പത്തിക പ്രതിബന്ധങ്ങള് മൂലം പാവപ്പെട്ടവരും അര്ഹരായ മറ്റ് ജനവിഭാഗങ്ങളും നേരിടുന്ന കഷ്ടപ്പാടുകൾ ലഘൂകരിക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെഎവൈ) ആരംഭിച്ചത്.ഇതൊക്കെ നമുക്ക് മുൻപിൽ ഉള്ളപ്പോഴും ഇന്നും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന അവസ്ഥയാണ്.ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കുകയും സാധാരണ മനുഷ്യരുടെ പട്ടിണി മാറ്റാൻ കഴിയുന്ന പദ്ധതികൾക്ക് ഊന്നൽ കൊടുക്കുകയും അത് താഴെ തട്ടിൽ വരെ എത്തുകയും ചെയ്യും എന്ന പ്രതീക്ഷയോടെ
“അനുകരിച്ച് ജീവിച്ചു മടുത്തു
അനുസരിച്ച് ജീവിച്ചു കൊള്ളാം
പ്രകൃതിയോടൊപ്പം ഒന്ന് ചേരാം
മറ്റുള്ളവരൊരു ചിരി തന്നിനെ കളിയോടൊപ്പം പിഴുതെറിഞ്ഞു.
എന്നിട്ടോ ചന്തയിലേക്കോടി
വിഷമയുള്ളൊരു പച്ചക്കറികൾ
വില കൊടുത്തു പേതി വാണ്ടി “എന്ന് തുടങ്ങുന്ന
“പ്രമേഹസമ്മുലാതികളിൽ കുരുങ്ങി
എന്തിനു വെറുതെ സമ്മർദം.
പ്രകൃതിയിലേക്ക് മടങ്ങാം
നമുക്കൊന്നായി”. എന്നവസാനിക്കുന്ന
എന്റെ കവിതയാണ് ഈ ദിനത്തിൽ
ആശംസയായി പറയാനുള്ളത്.

