രചന : ജയരാജ് പുതുമഠം.✍
രാജഭരണത്തിന്റെ ഇരുണ്ട അധ്യായങ്ങളും അധികാരത്തിനുവേണ്ടി നടന്ന രക്തരൂക്ഷിത പോരാട്ടങ്ങളും ജാതി-മത മേൽക്കോയ്മകളുടെ പേരിൽ സാധാരണ മനുഷ്യർ അനുഭവിച്ച പീഡനങ്ങളും ചരിത്രത്തിന്റെ മുറിവുകളായി ഇന്നും അവശേഷിക്കുന്നു. കാലം മാറി, ഭരണരീതികൾ മാറി, രാജാധികാരത്തിന്റെ സ്ഥാനത്ത് ജനാധിപത്യം വന്നു. എന്നാൽ അധികാരത്തിന്റെ സ്വഭാവം മാത്രം പൂർണമായി മാറിയിട്ടുണ്ടോ എന്ന ചോദ്യം ഇന്ത്യൻ ജനതയുടെ മനസ്സാക്ഷിക്കുമുന്നിൽ വീണ്ടും ഉയരുകയാണ്.
പൗരന്റെ കൈകളിലാണ് പരമാധികാരമെന്ന ജനാധിപത്യസങ്കൽപ്പത്തിന്റെ മറവിൽ അധികാരം സ്വാർഥതാൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുമ്പോൾ, പുകയുന്ന രാഷ്ട്രീയ ഇന്ദ്രപ്രസ്ഥത്തിന്റെ കയ്പ് അനുഭവിക്കേണ്ടിവരുന്നത് സാധാരണ മനുഷ്യരാണ്.
മുഗൾ ഭരണകാലത്തെ അധികാരത്തർക്കങ്ങളും രാജഭരണകാലങ്ങളിലെ ജാതിവിവേചനവും മതമേൽക്കോയ്മകളും ചരിത്രത്തിലെ സങ്കീർണ അധ്യായങ്ങളാണ്. അവയെ ഇന്നത്തെ ജനാധിപത്യവുമായി തുലനം ചെയ്യാനാവില്ലെങ്കിലും, അധികാരം ചോദ്യം ചെയ്യപ്പെടാതെ നിലനിർത്താനുള്ള പ്രവണത കാലാതീതമായി തുടരുന്നുവെന്നത് വിസ്മരിക്കാനാവില്ല.
ജനാധിപത്യം ഒരു കബഡികളിയല്ല
ജനാധിപത്യം എന്നത് അഞ്ചുവർഷത്തിലൊരിക്കൽ വോട്ട് രേഖപ്പെടുത്തി ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമല്ല. ഭരണകൂടത്തെ ചോദ്യം ചെയ്യാനും അധികാരത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും ഓരോ പൗരനും ലഭിക്കുന്ന അവകാശങ്ങളുടെ സംരക്ഷണം കൂടിയാണത്. ഭരണാധികാരികളെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കലല്ലെന്നും സർക്കാരിനോടുള്ള വിയോജിപ്പ് ദേശവിരുദ്ധതയല്ലെന്നും തിരിച്ചറിയുമ്പോഴാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത സംരക്ഷിക്കപ്പെടുന്നത്.
അധികാരവിമർശനങ്ങളെ സംശയത്തോടെയും വിയോജിപ്പുകളെ ശത്രുതയോടെയും നേരിടുന്ന രാഷ്ട്രീയസംസ്കാരം ജനാധിപത്യത്തിന്റെ അടിത്തറയെ ദുർബലമാക്കുന്നു. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, മാധ്യമങ്ങളുടെ നിർഭയത്വം, നീതിന്യായത്തിലുള്ള വിശ്വാസം, ന്യൂനപക്ഷ സുരക്ഷ, പൗരാവകാശ സംരക്ഷണം എന്നിവയാണ് ജനാധിപത്യത്തിന്റെ ആരോഗ്യനില നിർണയിക്കുന്നത്.
Freedom House-ന്റെ 2026-ലെ Freedom in the World റിപ്പോർട്ട് ഇന്ത്യയ്ക്ക് 100-ൽ 62 പോയിന്റ് നൽകി ‘ഭാഗികമായി സ്വതന്ത്രം’ എന്ന് വിലയിരുത്തുന്നു. രാഷ്ട്രീയാവകാശങ്ങൾ, പൗരസ്വാതന്ത്ര്യങ്ങൾ, മാധ്യമസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങൾ എന്നിവയിലെ ആശങ്കകൾ ചൂണ്ടിക്കാട്ടുന്ന ഈ വിലയിരുത്തൽ ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്.
ജനാധിപത്യം വ്യക്തിപോഷണമല്ല
അധികാരം വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും ചുരുങ്ങുകയും രാഷ്ട്രീയപാർട്ടികൾ വ്യക്തിപ്രഭാവത്തിന്റെ വേദികളാവുകയും ചെയ്യുമ്പോൾ ജനാധിപത്യത്തിന്റെ ലക്ഷ്യം നഷ്ടപ്പെടുന്നു. കുടുംബസ്വാധീനത്തേക്കാൾ ജനപിന്തുണയ്ക്ക് പ്രാധാന്യം ലഭിക്കേണ്ട രാഷ്ട്രീയത്തിൽ, ഈ പ്രവണത ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊതുവായ വെല്ലുവിളിയായി കാണേണ്ടതുണ്ട്.
മതവും ജാതിയും അധികാരം ഉറപ്പിക്കാനുള്ള ഉപകരണങ്ങളാകുമ്പോൾ സാമൂഹിക അകലം വർധിക്കുകയും പരസ്പരവിശ്വാസം തകരുകയും ചെയ്യുന്നു. പൗരബോധത്തേക്കാൾ മത-ജാതി സ്വത്വങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നത് സമൂഹത്തിലെ ഐക്യത്തിനും നീതിക്കും വെല്ലുവിളിയാകുന്നു.
തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ അസമത്വം, കർഷക-തൊഴിലാളി പ്രതിസന്ധികൾ എന്നിവയ്ക്ക് അർഹമായ പരിഗണന ലഭിക്കാതെ വരുമ്പോൾ സാധാരണക്കാരാണ് വില നൽകേണ്ടിവരുന്നത്. പൊതുസമ്പത്തിന്റെ വിനിയോഗം, ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, നയങ്ങളുടെ ഗുണഫലങ്ങൾ എന്നിവയാണ് ജനാധിപത്യത്തിന്റെ കേന്ദ്രത്തിൽ നിലനിൽക്കേണ്ടത്.
രാഷ്ട്രീയ പാരമ്പര്യവും ഭാവിയും സംരക്ഷിക്കാനുള്ള അധികാരമത്സരങ്ങൾക്കിടയിൽ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ വിസ്മരിക്കപ്പെടുന്നു. ജനങ്ങളെ സേവിക്കേണ്ടവർ അവർക്കുമേൽ അധികാരം സ്ഥാപിക്കാൻ മത്സരിക്കുന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വൈരുധ്യം.
മാധ്യമമുഖങ്ങൾ പരിഷ്ക്കരിക്കപ്പെടണം
ഇന്ത്യൻ ജനാധിപത്യം പൂർണമായി പരാജയപ്പെട്ടിട്ടില്ല. രാഷ്ട്രീയശക്തികളും ജനകീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും കോടതികളും പൗരസമൂഹവും അതിന്റെ സംരക്ഷണത്തിനായി ഇടപെടുന്നുണ്ട്. ഈ സാധ്യതകളെ ശക്തിപ്പെടുത്തുക കാലത്തിന്റെ ആവശ്യമാണ്.
ജനാധിപത്യത്തിന്റെ സംരക്ഷണം ഭരണഘടനയിലും പാർലമെന്റിലും മാത്രം ഒതുങ്ങുന്നില്ല; അനീതിക്കെതിരെ ഉയരുന്ന പൗരശബ്ദത്തിലും അധികാരത്തെ ചോദ്യം ചെയ്യുന്ന മാധ്യമധൈര്യത്തിലും ജാതിമതഭേദങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന മനസ്സിലുമാണ് അതിന്റെ ജീവൻ.
അതുകൊണ്ടാണ് “നിയമവിരുദ്ധമായി ആരെയും തടവിൽ വെക്കരുതെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും” പ്രത്യേക സിറ്റിങ്ങിൽ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബഞ്ചാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഇന്റർനെറ്റ് സേവനം തടസ്സപ്പെടുത്തൽ, സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നുന്ന ഗതാഗതനിയന്ത്രണം തുടങ്ങിയവയെക്കുറിച്ചും ജൂസ്റ്റിസുമാർ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
“ക്രമസമാധാനം ഉറപ്പാക്കാൻ ഭരണകൂടത്തേക്കാൾ മുകളിലുള്ള അവകാശമൊന്നും പോലീസിനില്ല” എന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.
ഇന്ദ്രപ്രസ്ഥത്തിലെ അധികാരസൗധങ്ങൾ എത്ര ഉയരത്തിൽ ഉയർന്നാലും അവയുടെ അടിത്തറയിൽ നിൽക്കുന്നത് ഇന്ത്യൻ ജനതയാണ്. ആ ജനതയുടെ ജീവിതത്തിൽ നീതിയും സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അധികാരത്തിന്റെ ആഘോഷങ്ങൾക്കൊന്നും ജനാധിപത്യത്തിന്റെ യഥാർഥ വിജയം അവകാശപ്പെടാനാവില്ല.
അധികാരക്കസേരകൾ മാറിയതുകൊണ്ടല്ല, അധികാരത്തിന്റെ സ്വഭാവം മാറുമ്പോഴാണ് ചരിത്രം വഴിതിരിയുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ പുകമറ നീങ്ങണമെങ്കിൽ സ്വന്തം പ്രതിച്ഛായയ്ക്കപ്പുറം ജനങ്ങളുടെ കണ്ണീരിലും സ്വപ്നങ്ങളിലും ഉത്തരവാദിത്തം തിരിച്ചറിയുന്ന ഭരണസംസ്കാരം വളരണം.

