രചന : വലിയശാല രാജു✍
ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തും
തലവേദനയോ പനിയോ ചെറിയൊരു ശരീരവേദനയോ വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം തേടുന്നത് ഒരു പാരസെറ്റാമോൾ ഗുളികയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ (Over-the-Counter) എളുപ്പത്തിൽ ലഭ്യമാകുന്നതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന മരുന്നുകളിലൊന്നും ഇതുതന്നെ. പാരസെറ്റാമോൾ സുരക്ഷിതമായ ഒരു ഔഷധമാണെന്ന പൊതുധാരണ പരക്കെയുണ്ടെങ്കിലും, ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിച്ചാൽ ഇത് കരളിലെ ഗുരുതരമായി തകരാറിലാക്കുമെന്ന് പലരും തിരിച്ചറിയുന്നില്ല. മെഡിക്കൽ രംഗത്ത് ഇതിനെ ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി’ (Drug-Induced Liver Injury)അഥവാ മരുന്നുകൾ മൂലമുണ്ടാകുന്ന കരൾ നാശം എന്ന് വിളിക്കുന്നു.
എന്തുകൊണ്ട് പാരസെറ്റാമോൾ കരളിനെ ബാധിക്കുന്നു?
നമ്മൾ കഴിക്കുന്ന ഏതൊരു മരുന്നും ശരീരത്തിൽ പ്രവർത്തിച്ച ശേഷം അതിനെ രാസമാറ്റങ്ങൾക്ക് വിധേയമാക്കി പുറന്തള്ളുന്നത് നമ്മുടെ കരളാണ് (Liver Metabolism). പാരസെറ്റാമോൾ സാധാരണ അളവിൽ കഴിക്കുമ്പോൾ കരൾ അതിനെ സുരക്ഷിതമായി വിഘടിപ്പിച്ച് പുറന്തള്ളുന്നു. എന്നാൽ മരുന്നിന്റെ അളവ് കൂടുമ്പോൾ (Overdose), കരളിന് അതിനെ സാധാരണ രീതിയിൽ സംസ്കരിക്കാൻ സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തിൽ കരൾ നാപ്കി’ (NAPQI – N-acetyl-p-benzoquinone imine) എന്ന മാരകമായ ഒരു വിഷാംശം ഉത്പാദിപ്പിക്കുന്നു.
സാധാരണ ഗതിയിൽ ‘ഗ്ലൂട്ടത്തയോൺ’ (Glutathione) എന്ന ആന്റിഓക്സിഡന്റ് ഉപയോഗിച്ച് കരൾ ഈ വിഷാംശത്തെ നിർവീര്യമാക്കാറുണ്ട്. എന്നാൽ ശരീരത്തിൽ പാരസെറ്റാമോളിന്റെ അളവ് അമിതമാകുമ്പോൾ ഗ്ലൂട്ടത്തയോണിന്റെ ശേഖരം തീരുകയും, നാപ്കി നേരിട്ട് കരൾ കോശങ്ങളെ (Hepatocytes) ആക്രമിച്ചു നശിപ്പിക്കുകയും ചെയ്യുന്നു. ഇത് കോശങ്ങളുടെ നാശത്തിനും തുടർന്ന് ‘അക്യൂട്ട് ലിവർ ഫെയ്ലിയർ’ (Acute Liver Failure) എന്ന ജീവന് തന്നെ അപകടകരമായ അവസ്ഥയ്ക്കും കാരണമാകുന്നു.
സുരക്ഷിതമായ അളവ് എത്ര?
ഒരു മുതിർന്ന വ്യക്തിക്ക് ഒരു ദിവസം കഴിക്കാവുന്ന പാരസെറ്റാമോളിന്റെ പരമാവധി അളവ് 4 ഗ്രാം (4000 മില്ലിഗ്രാം) ആണ്. സാധാരണ ഒരു ഗുളിക 500 മില്ലിഗ്രാം അല്ലെങ്കിൽ 650 മില്ലിഗ്രാം വീര്യമുള്ളതായിരിക്കും. ഒരു കാരണവശാലും 24 മണിക്കൂറിനുള്ളിൽ ഇതിന്റെ അളവ് പരിധി കടക്കാൻ പാടില്ല. കുട്ടികളിൽ ഇത് ശരീരഭാരത്തിന് അനുസരിച്ച് കൃത്യമായി കണക്കാക്കേണ്ടതുണ്ട്.
അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ
ചില പ്രത്യേക സാഹചര്യങ്ങളിൽ പാരസെറ്റാമോളിന്റെ ചെറിയ ഡോസുകൾ പോലും കരളിൽ വിഷാംശം ഉണ്ടാക്കാൻ ഇടയാക്കാറുണ്ട്:
പതിവായി മദ്യപിക്കുന്നവരിൽ കരളിന്റെ പ്രതിരോധ ശേഷിയും ഗ്ലൂട്ടത്തയോണിന്റെ അളവും വളരെ കുറവായിരിക്കും. ഇത്തരക്കാരിൽ സാധാരണ അളവിലുള്ള പാരസെറ്റാമോൾ പോലും കടുത്ത ലിവർ ടോക്സിസിറ്റിക്ക് കാരണമാകാം.
നമ്മൾ കഴിക്കുന്ന പല കഫ് സിറപ്പുകളിലും ജലദോഷത്തിനുള്ള മരുന്നുകളിലും പാരസെറ്റാമോൾ അടങ്ങിയിട്ടുണ്ടാകാം. ഇതറിയാതെ വീണ്ടും പാരസെറ്റാമോൾ ഗുളികകൾ കഴിക്കുമ്പോൾ അറിയാതെ തന്നെ മരുന്നിന്റെ അളവ് ശരീരത്തിൽ അമിതമാകുന്നു. ദീർഘനാൾ കൃത്യമായി ആഹാരം കഴിക്കാതിരിക്കുകയോ പോഷകാഹാരക്കുറവ് അനുഭവപ്പെടുകയോ ചെയ്യുന്നവരിൽ കരളിന് മരുന്നിനെ നിർവീര്യമാക്കാനുള്ള ശേഷി കുറവായിരിക്കും.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ (Toxicity Symptoms)
മരുന്ന് കഴിഞ്ഞ് ആദ്യ മണിക്കൂറുകളിൽ പ്രകടമാകുന്ന ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ.വലതുവശത്ത് നെഞ്ചിന് താഴെയായി അനുഭവപ്പെടുന്ന കടുത്ത വയറുവേദന.കണ്ണുകളിലും ചർമ്മത്തിലും ഉണ്ടാകുന്ന മഞ്ഞനിറം (Jaundice).
അമിതമായ ക്ഷീണം, മൂത്രത്തിന് കടുത്ത നിറവ്യത്യാസം വരുക. ഇവയൊക്കെ ശ്രെദ്ധിക്കേണ്ടതാണ്.
ലിവർ ടോക്സിസിറ്റി എങ്ങനെ തടയാം? (മുൻകരുതലുകൾ)
സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കുക. ചെറിയൊരു അസുഖം വരുമ്പോഴേക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി വേദനസംഹാരികൾ കഴിക്കുന്ന ശീലം നിർത്തുക.
ലേബലുകൾ കൃത്യമായി വായിക്കുക. നിങ്ങൾ കഴിക്കുന്ന മരുന്നുകളിൽ ‘Acetaminophen’ അല്ലെങ്കിൽ ‘Paracetamol’ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഒന്നിലധികം മരുന്നുകളിൽ ഇത് ഒരേസമയം അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
രണ്ട് ഡോസുകൾക്കിടയിലെ സമയം പ്രതേകം ശ്രദ്ധിക്കണം.ഒരു പാരസെറ്റാമോൾ കഴിച്ചാൽ അടുത്ത ഡോസ് കഴിക്കുന്നതിനായി കുറഞ്ഞത് 4 മുതൽ 6 മണിക്കൂർ വരെ ഇടവേള നൽകേണ്ടതുണ്ട്. വേഗത്തിൽ ആശ്വാസം ലഭിക്കാൻ വേണ്ടി തുടർച്ചയായി മരുന്ന് കഴിക്കരുത്.
കരൾ രോഗമുള്ളവർ കൂടുതൽ ശ്രദ്ധിക്കുക.
മുൻപേ തന്നെ ഫാറ്റി ലിവർ, സിറോസിസ് അല്ലെങ്കിൽ മറ്റ് ഹെപ്പറ്റൈറ്റിസ് രോഗങ്ങളുള്ളവർ ഡോക്ടറുടെ കർശനമായ മേൽനോട്ടത്തിൽ മാത്രമേ പാരസെറ്റാമോൾ ഉപയോഗിക്കാവൂ.
ശാസ്ത്രീയമായി ഉപയോഗിച്ചാൽ പാരസെറ്റാമോൾ പനിക്കും വേദനയ്ക്കും എതിരെയുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഒരു മരുന്നാണ്. എന്നാൽ അശാസ്ത്രീയമായ ഉപയോഗവും അശ്രദ്ധയും ഈ ജീവരക്ഷാ ഔഷധത്തെ കരളിനെ തകർക്കുന്ന മാരകവിഷമാക്കി മാറ്റും. ആരോഗ്യപരമായ അറിവുകൾ കൃത്യമായി മനസ്സിലാക്കുകയും, സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുകയും ചെയ്യുക എന്നതാണ് കരളിലെയും ശരീരത്തെയും സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഏക പോംവഴി.

