ഒരു മുറിക്കുള്ളിൽ
നാം ലോകം ചുറ്റുമ്പോൾ,

തിളക്കമാർന്നിടങ്ങളെ
പകലെന്നും,
ഇരുളാർന്നിടങ്ങളെ
രാത്രിയെന്നുമെഴുതുന്നു.

സൂഷ്മത്തിൽ സൂഷ്മമായൊരു
നിഴൽകണം പെറ്റ് പെരുകുന്നു.
അതിർത്തികൾ മറഞ്ഞു പോകുന്നു,

മത വർഗ്ഗ ജാതികൾ
‘മനുഷ്യ ‘നെന്നൊന്നൊറ്റ വാക്കായി മാറുന്നു.
തിരിച്ചറിവുകളിലവനൊറ്റയെന്നറിയുന്നു.
‘ഒറ്റ’ യെന്നതൊരൊറ്റ സത്യമെന്നറിയുന്നു.

തിരക്കെന്നൊരു വാക്ക് –
തിരക്കിയിറങ്ങുന്നു.
തിരകൾക്കപ്പുറവുമതില്ലാതെയാകുന്നു.

തിരിച്ചറിവുകളിൽ,

ഒരു പകൽ പക്ഷിയുടെ പാട്ട്.
രണ്ടിലപല്ലു മുളച്ചൊരു –
പയർ വിത്തിൻ്റെ പുഞ്ചിരി.
ആകാശത്തിൻ്റെ നീലിമ.
അന്നമാകുന്നൊരു പ്ലാവ്.
ഉണ്ടായിരിന്നിട്ടുമവയത്ഭുതമാകുന്നു.

അദൃശ്യമാം മുഖംമൂടികളഴിയുന്നു
ദൃശ്യം മുഖാവരണങ്ങളാഭരണമാകുന്നു.
സംബന്ധത്തിനാഡംബരം
അസംബന്ധമെന്നറിയുന്നു.

ലോകത്തിനിന്ന് ജനാലയുടെ
പ്രതിബിംമ്പമെന്നറിയുന്നു.
കൂട്ടിലെ പറവയ്ക്ക്
ചിറകുകളിലാണ് സ്വാതന്ത്ര്യമെന്നറിയുന്നു

ദൈവമിന്നറകളിൽ വിശ്രമിക്കുന്നു,
മനുഷ്യൻ മുറികളിൽ മതമില്ലാതുറങ്ങുന്നു.
അറമുറിയാതെയും അന്നമെത്തുന്നു.
അകമുറിക്കുള്ളിലും കരുതലാകുന്നു.

മേൽക്കൂരയില്ലാത്തൊരാകാശം
അത്രമേൽ ആശതൻ നക്ഷത്രമാകുന്നു.

പാഠങ്ങളിൽ
നാം പഠിക്കുന്നത്
പാഠങ്ങളാൽ നാമൊന്നും –
പഠിക്കുന്നില്ല എന്നതു തന്നെയാണ് !

.
അനീഷ് കൈരളി

By ivayana