രചന : ഹരീഷ് തമ്പി ✍️
മൗനം
കണ്ണീരിന്റെ രൂപം പൂണ്ടപ്പോൾ,
ഭൂമിയൊരു നദിയെ പ്രസവിച്ചു.
ആദ്യത്തെ ആ ശബ്ദം
മേഘങ്ങളുടെ കാതിൽ
ചെന്നെത്തിയിരിക്കണം;
മേഘങ്ങൾ മുലപ്പാലായി
എന്നിലേക്കിറങ്ങി.
കാറ്റ്
എന്റെ ചെറുവിരലിൽ
ആദ്യദിശ കാണിച്ചു.
പാറകളിൽ തട്ടി
വേദനിപ്പിച്ചിരുന്ന എന്റെ തിരകൾ,
പിന്നീട് അതേ പാറകളെ നോക്കി
ചിരിക്കാൻ പഠിച്ചു.
ചിലമ്പണിഞ്ഞിരുന്നു
എന്റെ തിരകൾ;
ഇലകൾ പോലും
എന്റെ ചിരിയുടെ താളത്തിൽ
ഇളകുമായിരുന്നു.
എന്റെ ചിരി
കാടുകളിൽ നിറഞ്ഞുനിന്ന
ഒരു പ്രഭാതത്തിൽ—
വാല്മീകി
എന്റെ തീരത്ത് വന്നു നിന്നു.
നിശ്ശബ്ദമായ ഒരു നോക്കിനൊടുവിൽ
അവിടുന്ന് പുഞ്ചിരിച്ചു:
“സരയൂ…”
പോകുമ്പോൾ മാത്രം പറഞ്ഞു—
“എല്ലാ ഒഴുക്കുകളും
ഒരു ദിവസം
സ്വന്തം ആഴമറിയും.”
ആ വാക്കിന്റെ ആഴത്തിൽ
ഒരു നിമിഷം ഞാൻ നിശ്ചലമായി.
ആദ്യമായി
ഞാൻ ആകാശത്തേക്ക് നോക്കി.
എന്റെ വിങ്ങൽ കണ്ട
അമ്മമേഘം,
ഞാൻ വളർന്നതറിയാതെ
വീണ്ടും ചുരന്നു.
നിർത്താതെ പെയ്ത
ആ പാൽമഴയിൽ,
എന്റെ അടിയൊഴുക്കിൽ
പുതിയൊരു ജീവൻ തുടിച്ചു.
അന്നാണ്
എന്റെ ആഴം
ഉണർന്നത്.
പിന്നെ
എന്റെ ഒഴുക്ക്
ചിലമ്പിൽ നിന്ന്
ശാന്തതയിലേക്ക് മാറി.
എനിക്കായി
കാറ്റ് പുതിയ രാഗങ്ങൾ പാടി,
മുളകൾ താളമിട്ടു,
പൂക്കൾ വഴികളിൽ
മംഗളക്കോലം തീർത്തു.
ഒരുനാൾ
കിരീടത്തിന്റെ ഭാരം അഴിച്ചുവെച്ച്,
കാടിന്റെ നിശ്ശബ്ദതയിലേക്ക്
ഒരു പദസ്വനം നടന്നടുത്തു.
അവൻ
എന്റെ തീരം തൊട്ടപ്പോഴൊക്കെയും,
എന്റെ തിരകൾ
സ്വന്തം ഒഴുക്ക് മറന്നിരുന്നു.
പിന്നീടറിഞ്ഞു—
ചില വരവുകൾ
ഒഴുകിപ്പോകാനല്ല,
ഉള്ളിൽ ശേഷിക്കാനാണ്.
