രചന : യൂനസ് മണത്തല ✍️
സ്വന്തം സുഖത്തിന് മാതാപിതാക്കളെ ഉപേക്ഷിച്ചവൻ
വൃദ്ധസദനത്തിന്റെ പടിവാതിൽക്കൽ
സ്വന്തം ബാല്യത്തെ മറന്നുവെച്ചു
തന്റെ രക്തത്തിൽ പിറന്ന പിഞ്ചുകുഞ്ഞിനെ
തെരുവിന്റെ തണുപ്പിലേക്ക് എറിഞ്ഞവൻ
മനുഷ്യനെന്ന് വിളിക്കാൻ ഏത് നിഘണ്ടുവിലാണ്
ആ വാക്കിന്റെ അർത്ഥം തിരുത്തിയത്
ഇന്ന് കൂൺ പോലെ മുളച്ചുയരുന്നു
അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും
അവയുടെ ചുവരുകൾക്കുള്ളിൽ അനാഥരായി
കഴിയുന്നത് മക്കളല്ല മാതാപിതാക്കളാണ് കുഞ്ഞുങ്ങളാണ്
ഒടുവിൽ മനുഷ്യത്വം തന്നെയാണ്
മക്കൾക്കായി സ്വപ്നങ്ങൾ പണയംവെച്ചവർ
ഇന്ന് മക്കളുടെ സമയത്തിനായി
വാതിൽക്കൽ കാത്തിരിക്കുന്നു
സ്വന്തം ജീവിതം മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക്
കടം കൊടുത്തവർ ഒടുവിൽ സ്വന്തം
മാതാപിതാക്കളെയും സ്വന്തം മക്കളെയും
സമൂഹത്തിന് തിരിച്ചടയ്ക്കുന്നു
ഇതാണോ നാം പണിതെടുത്ത പുരോഗതി
വീട് വലുതായി മുറികൾ കൂടി
പക്ഷേ അതിനുള്ളിൽ മനുഷ്യന്
താമസിക്കാൻ ഇടമില്ലാതായി
നമ്മൾ ജീവിക്കുന്നത് ജീവിതമല്ല
മറ്റൊരാളുടെ സുഖത്തിനായി
മറ്റൊരാളുടെ പ്രതീക്ഷയ്ക്കായി
മറ്റൊരാളുടെ സൗകര്യത്തിനായി
കടം വാങ്ങിയ ഒരു ജീവിതം മാത്രം.

