വിശ്വാസo, അതല്ലേ എല്ലാം’
വന്നു തൊടുന്നൊരു പരസ്യവാചകം.
പറഞ്ഞു പരത്തിയ പരസ്യമല്ലോ
വിശ്വാസ,’മെന്ന് കുതറി മാറുന്നു.
വിശ്വാസം വരാതെ
മാറ്റിമാറ്റിപ്പിടിക്കുന്നു ചാനലുകൾ.
ചലിതനേത്രങ്ങൾ വിജൃoഭിതമാവുന്നു.
നുരഞ്ഞു ചുവന്ന് ഫ്ലാഷ് ന്യൂസുകൾ .
കവിഞ്ഞൊഴുന്ന സ്‌ക്രീനുകൾ .
കാഴ്ചയുടെ വിഭവപ്രത്യായനങ്ങൾ!
കറുത്ത മുഖംമൂടികളണിഞ്ഞ്,
കൈകൾ പിന്നിൽ വരിഞ്ഞു കെട്ടി,
മുട്ടിന്മേൽ നിരന്നിരിക്കുന്ന
പച്ചമനുഷ്യരുടെ പിടയ്ക്കുന്ന
ചങ്കറുത്ത് കടൽ ചുവപ്പിക്കുന്ന
വെറുത്തകാലത്തെ ഹീനദൃശ്യങ്ങളെ
വിശ്വാസമെന്ന് വിളിക്കുമോ,നിങ്ങൾ?
എന്ത് പ്രാർത്ഥനയാണ്
പകർന്നിടാനുള്ളത്
ഇരകൾക്കുമേൽ?
എന്ത് ന്യായപ്രമാണമാണ്
പുതച്ചിടാനുള്ളത്
വേട്ടക്കാർക്കുമേൽ?
എന്ത് ശിക്ഷാവിധിയാണ്
അളന്നിടാനുള്ളത്
ഹിംസയ്ക്കുമേൽ?
ദേ, എനിക്കെന്നെത്തന്നെ
പിടിക്കാതയായിരിക്കുന്നു.
ദൈവത്തെയോർത്ത്
ദൈവത്തെക്കൊണ്ടെന്നെ
പൊറുതിമുട്ടിക്കരുതേ.
എങ്കിലും,വിളിച്ചു പോകുന്നു:
ദൈവമേ, ഈ വിശ്വാസമെന്ന ചരക്ക്
ഇത്രമേൽ വിറ്റഴിക്കപ്പെടുന്നത്
ഇത്തിരി കടന്ന കയ്യായിപ്പോയില്ലേ?
ഇക്കണ്ട വിശ്വാസമാലിന്യങ്ങൾ
ഇട്ടുപുതപ്പിക്കാനീ ആകാശവും,
കുഴിച്ചുമൂടാനീ ഭൂമിയും
തികയാതെ വരുന്ന കാലം വിദൂരമല്ല.
മുട്ടിന്മേൽ നിന്ന്
മരണത്തെ പ്രാപിക്കലും
ഒരു പ്രാർത്ഥനയാകാം;
നന്മമരങ്ങൾ വിശുദ്ധവചനങ്ങളാൽ
സ്നാനപ്പെടുമ്പോലെ.
പക്ഷെ,
കഴുത്തറുക്കപ്പെടുന്നതിനുമുമ്പുള്ള
അവരുടെ നെഞ്ചിലെ ആരവം
നിങ്ങളുടെ പ്രാർത്ഥനകൾക്കുമേൽ
കറുത്ത നിശ്ശബ്ദതയുടെ
മരവിപ്പ് കുടഞ്ഞിടും!
വഴിത്താരകളിൽ ഭയവിഹ്വലതകൾ
മുളച്ചുപൊന്തും!
മരണം നിങ്ങളെ കേട്ടുകൊണ്ടു്
സദാപിന്തുടരും!
ഒടുവിൽ ഒരിറ്റു ശ്വാസം തരാൻ
ഒരു ദൈവവും കാണില്ല തന്നെ.
അപ്പോഴും പടർന്നു പന്തലിച്ച്
‘വിശ്വാസം, അതല്ലേ എല്ലാം`!

ലാൽ രഞ്ചൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *