രചന : എം വി പ്രസാദ് ✍
ഇന്നലെ ഞാൻ
ഞാറിന് വെള്ളം
തിരിക്കുമ്പോൾ
പേര് മറന്നുപോയ
ചേച്ചി
കടന്നുപോയി……….
പാടത്തേയ്ക്ക്
തിരിയുന്ന
വഴിയിലുള്ള
വലിയ മാവിൻ്റെ
ചോട്ടിൽ വെച്ച്
ക്യാൻസർ വന്ന്
മരിച്ചു പോയ
മകളുടെ കാര്യം
പറഞ്ഞ് കരയുന്ന
പേരറിയാത്ത
ചേട്ടനെ കേട്ടാണ്
ചേച്ചി
നടവരമ്പിലേയ്ക്ക്
കാലെടുത്തു
വെച്ചത്…….
മകൾ
മരിച്ചതിനു ശേഷം
ആദ്യത്തെ
വിഷുവിനെയോർത്ത്
ചേട്ടൻ
കണ്ണീർ പൊഴിച്ചു……
വിഷുവിൻ്റെ
ഊണും കഴിഞ്ഞ്
അമ്മായിയുടെ
വീട്ടിലേയ്ക്ക് പോയ
പതിനേഴുകാരൻ
മകൻ പാടത്ത്
പൊട്ടിവീണ
കമ്പിയിൽ ചവുട്ടി
മരിച്ചു പോയ
കാര്യം പറഞ്ഞ്
ചേച്ചി കുറെ
കരഞ്ഞു……..
ഞാനാകട്ടെ
വിഷുവിനും,
ഓണത്തിനും
ശിവരാത്രിയ്ക്കും
എന്നു വേണ്ട
എപ്പോഴും
ഓർമ്മയിൽ
വരുന്ന മരിച്ചു പോയ
ഏട്ടനെ ഓർത്ത്
കരയുകയായിരുന്നു…
