രചന : സി. മുരളീധരൻ ✍️
അമ്പിളിപോലെ തിളങ്ങും കാച്ചിയ
പപ്പടമില്ലാതെന്തുണ്
നല്ലകുടിൽവ്യവസായംവിട്ടി-
ട്ടെങ്ങോപോയി പണ്ടാരൻ
ഇന്നത് തൊഴിൽ ശാലകളിലാക്കി
എന്തോ മായം ചേർത്തായി
ചട്ടി കലങ്ങൾ കുടങ്ങൾ അഴകിൻ
മട്ടിൽ പണിതു മിനുക്കിയവർ
ആലയിലൂതി കത്തികൾ അരിവാൾ
ചേലിൽ പണിതൊരു കരുവാനും
കൊട്ട പനമ്പ് മുറങ്ങൾ തൊട്ടി
കഷ്ടപ്പെട്ട് പണിഞ്ഞോരും
ഉരലിൽ നെല്ലും അവിലുമിടിക്കാൻ
അറിവുതികഞ്ഞ സോദരിമാർ
ബീഡി തെറുക്കാറുള്ളവർ ഈയം
പൂശാറുള്ളൊരു മൂശാരി
തലമുറയായി തുണി നെയ്യുന്നോർ
പലഹാരങ്ങൾ ചമച്ചവരും
സ്വന്തം തൊഴിലുകൾ അഭിമാനക്ഷയ
മെന്നകണക്കിൽ പാവങ്ങൾ
വീടും സ്ഥലവും പലിശക്കാർക്ക്
അടിയറവെച്ച് കരഞ്ഞേ പോയി
പലവഴിപോയി പെരുവഴിയായി
തലമുറ പണികൾ മറന്നേപോയി
പണമുള്ളവരുടെ പ്രസ്ഥാനത്തിൽ
പണയമതാകാൻ ആഹ്വാനം
എവിടെ പതിതരെ രക്ഷിക്കുന്നോർ
എവിടെപ്പോയി സോഷ്യലിസം
അറിയുക സ്വന്തം തൊഴിലഭിമാനം
ആരെന്തൊക്കെ മൊഴിഞ്ഞാലും
വരുമിനി തലമുറ പുത്തൻ, അറിവിൻ
നിറകുടമായിട്ടീ മണ്ണിൽ
മടിയും കുടിയും കൊടിയും വാചക-
മടിയും ദൂരെയെറിഞ്ഞു വരും!
അറിയും പണികൾ നിറയെ ചെയ്താൽ
അഭിമാനത്തിൽ ജീവിക്കാം!

