വർണ്ണമെഴും പീലി ശോഭിതമായ്,
അതിനൊത്ത കിരീടംമൗലിയിൽ
ചാർത്തിയ ,മഴമേഘനിറമതോലും
തേജസ്വരൂപൻ ഹരിയെവന്ദിച്ചീടാം.

നിന്നിലേക്കെത്താൻ കൊതിക്കും
മാനസചോരനായെന്നാളും വിഭോ
കൈക്കുടന്നയിൽ കുന്നിക്കുരുവും
അതിന്നോളം ഭക്തിയുമായെത്തും.

ഏകാദശി തൊഴുതുമടങ്ങും നേരം
പരിഭവമൊടെൻചാരെ വന്നണയും
നിൻപരിപാവനമാം പ്രേമമതൊന്നേ
ഉൾപ്പുളകത്തിൻ നാന്ദിയത് സത്യം.

പലവിധഗാഥയാൽവാഴ്ത്തിപ്പാടും
നിന്നപദാനം അദ്രിപോലുയരെ
പലവുരു പരിചൊടു സേവിച്ചീടും
നിന്നുടെ പാദാംബുജമതെന്നാളും .

പശിയാലടിയൻ ഭവാനെ വിളിക്കും
അവിലിൻ നേദ്യമവനെനിക്കേകും
അഴലും നോവും നന്നെ പമ്പകടക്കും
അടിയനോടൊന്നും കുശലം പറയും.

പതിവായ് ചൊല്ലും കീർത്തനമാണേ
അടിയനതെന്നും അവലംബമാണേ
പന്ത്രണ്ടുപൂജയും തൊഴുതീട്ടങ്ങനെ
നിൻ ശ്രീകോവിലിൽ കാലംകഴിക്കും.

ഷിബു കണിച്ചുകുളങ്ങര

By ivayana

Leave a Reply

Your email address will not be published. Required fields are marked *