ശീതീകരിച്ച മുറിയിൽ
ദേഹമാകെ വയറുകൾ
മോണിറ്ററിലെ പച്ച ലൈറ്റണഞ്ഞ് ചുവന്ന വെളിച്ചം
വരാതിരിക്കാൻ
കാശ് കൗണ്ടറിലേക്കുള്ള
ഓട്ടമായിരുന്നു
ഓരോ ശ്വാസവും.
ഇടക്കിടെ
വെളുത്ത മാലാഖമാർ വന്ന്
ബോധമുണ്ടെന്ന് പറഞ്ഞ്
കൂട്ടിരിപ്പിന്
ആശ്വാസത്തിന്റെ കണിക വിതറി കൊണ്ടിരിക്കും
പക്ഷേ,
ശ്വാസത്തിന് പോലും
ആശ്വാസമുണ്ടായിരുന്നില്ല.
ലോൺ തീർന്നു.
ഇനി പുരയിടം വിൽക്കണം.
രജിസ്ട്രേഷൻ കഴിഞ്ഞപ്പോൾ
മാലാഖയുടെ കൈയിൽ നിന്ന്
ഒരു ബില്ല് കൂടി പ്രത്യക്ഷപ്പെടുന്നു.
കുടുംബം ശൂന്യമായപ്പോൾ
ഡോക്ടറുടെ ശബ്ദം പതിഞ്ഞു.
ഞങ്ങൾ ചെയ്യാനുള്ളതെല്ലാം ചെയ്തു
ഇനി ദൈവത്തിന്റെ കൈയിൽ.
പുറത്ത്
ഇരുണ്ട മേഘം പെയ്തു.
നേർച്ചകളും വഴിപാടുകളും
കടം വാങ്ങി നടത്തി.
ഒടുവിൽ
വെളുത്ത തുണിയിൽ പൊതിഞ്ഞവൻ
ട്രോളിയിൽ പുറത്തുവന്നു.
മരിക്കാതിരിക്കാൻ
കടം വാങ്ങിയ ജീവിതം,
മരിച്ചപ്പോളൊരു
ബില്ലായി ബാക്കിയായിരിക്കുന്നു.

റഹീം പുഴയോരത്ത്

By ivayana

Leave a Reply

Your email address will not be published. Required fields are marked *