കോട്ടയം ജില്ലയുടെ കിഴക്കൻ മലനിരകളിൽ അധിവസിച്ചിരുന്ന മലയരയ സമുദായത്തിൽ ഉൾപ്പെട്ടവരെ 1848-ൽ മുണ്ടക്കയത്തെത്തിയ സി.എം.എസ് മിഷണറിയായ റവ. ഹെൻറി ബേക്കർ ജൂനിയർ ക്രിസ്‌തുമതത്തിലേക്ക് ജ്ഞാ സ്നാനപ്പെടുത്തിയതിൻ്റെ ചരിത്രം വേണ്ടത്ര തെളിവുകളോടെ ലഭ്യമാണ്. ഈ സന്ദർഭമാണ് മലയരയർക്കിടയിലെ ആദ്യത്തെ ക്രൈസ്തവ വൽക്കരണശ്രമം എന്ന് കരുതുന്നവർ ഏറെയുണ്ട്. എന്നാൽ ഈ സംഭവത്തിനും കൃത്യം 249 വർഷങ്ങൾക്ക് മുമ്പ് ഗോവൻ ആർച്ച്ബിഷപ്പ് നേരിട്ടെത്തി ഏതാനും മലയരയ കുടുംബങ്ങളെ ക്രിസ്തുമതത്തിൽ ചേർത്തതും വണ്ടിപ്പെരിയാറ്റിൽ സെൻ്റ്. മൈക്കിളിൻ്റെ നാമത്തിൽ ഒരു പള്ളി വെഞ്ചെരിച്ചതും അധികമാരും അറിയാൻ വഴിയില്ല. ഇന്നേക്ക് 427 വർഷങ്ങൾക്ക് മുമ്പ് ഗോവൻ ആർച്ച് ബിഷപ്പായ അലക്സിസ് ഡി മെനേസിസ് ക്രിസ്‌ത്യാനികളാക്കിയ മലയരയർ സുറിയാനി ക്രൈസ്‌തവരിൽ ലയിച്ചുചേർന്ന് അവരുടെ മുൻകാല പൈതൃകം തിരിച്ചറിയാതെ പോയെങ്കിൽ 178 വർഷങ്ങൾക്ക് മുമ്പ് റവ.ഹെൻറി ബേക്കറുടെ സാന്നിധ്യത്തിൽ ക്രിസ്തുമതം സ്വീകരിച്ച മലയരയരിൽ ഒരു വിഭാഗം തങ്ങളുടെ വംശീയപാരമ്പര്യം തിരിച്ചറിഞ്ഞു കൊണ്ടുതന്നെ CSI സഭയിൽ നിലകൊള്ളുന്നു.

കേരളത്തിലെ പരമ്പരാഗത നസ്രാണിസമൂഹം വേണ്ടത്ര ക്രൈസ്‌തവവൽക്കരിക്കപ്പെട്ടിട്ടില്ല എന്ന ആശങ്ക വെച്ചുപുലർത്തിയ പോർച്ചുഗീസുകാരുടെ അറിയിപ്പിനെ തുടർന്ന് പോർച്ചുഗലിലെ മാനുവൽ രാജാവ് നിർദ്ദേശിച്ച പ്രകാരം ബാബിലോണിയൻ മെത്രാൻമാരുടെ പാഷാണ്ഡവിശ്വാസപ്രമാണങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരും തദ്ദേശീയ പേഗൻ ആചാരങ്ങളൊക്കെയും പിന്തുടരുന്നവരുമായ നസ്രാണികളെ ലത്തീൻ ആരാധനക്രമത്തിലേക്കും റോമൻ കത്തോലിക്കാവിശ്വാസത്തിലേക്കും പരിവർത്തനപ്പെടുത്തുക എന്ന ദൗത്യവുമായാണ് 1598 ഡിസംബർ 27-ന് ഗോവയിൽ നിന്ന് പുറപ്പെട്ട അലക്സിസ് ഡി മെനെസിസ് 1599-ൽ മലബാറിലെത്തിയത്.

ഉദയംപേരൂർ സുന്നഹദോസിന് മുമ്പും ശേഷവും സിറിയൻ ക്രൈസ്തവരുടെ പള്ളികളും താമസകേന്ദ്രങ്ങളും സന്ദർശിച്ച് അവരെ റോമൻ സഭയുടെ കീഴിൽ കൊണ്ടുവരികയായിരുന്നു മെനേസിസിന്റെ പ്രധാന ലക്ഷ്യം. അഗസ്തീനിയൻ പുരോഹിതനായ അന്റോണിയോ ഗുവേയ തയ്യാറാക്കിയ Jornada do Arcebispo de Goa Dom Frey Aleixo de Menezes ഈ യാത്രയുടെ പ്രധാന രേഖയാണ്. ഗുവേയയുടെ ഗ്രന്ഥം 1606-ൽ കോയിംബ്രയിൽ അച്ചടിക്കപ്പെട്ടു; മെനെസിസിന്റെ യാത്രയെ മൂന്നു പുസ്തകങ്ങളിലായി വിവരിക്കുന്ന ഈ കൃതിയുടെ ഭൂരിഭാഗവും 1599-ലെ കേരളത്തിലെ സഭാപരമായ സംഭവങ്ങളാണ്.
ജൊർണാദോ ഒരു യാത്രാവിവരണം എന്നതിലുപരി; മെനെസിസിന്റെ പ്രവർത്തനങ്ങളെ അനുകൂലിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സഭാപരമായ താൽപ്പര്യങ്ങൾ വച്ചുപുലർത്തുന്നുണ്ട്. “ക്രൈസ്‌തവവിരുദ്ധമായ തെറ്റു”കളിൽ മുഴുകിക്കഴിഞ്ഞിരുന്ന മാർത്തോമാ നസ്രാണികളെ റോമൻ സഭയുടെ അനുസരണത്തിലേക്ക് കൊണ്ടുവന്ന വിജയനായകനായി ബിഷപ്പ് മെനേസിസിനെ ജൊർണാദോയിൽ അവതരിപ്പിക്കുന്നു. ഇതിൽ വിവരിക്കുന്ന സംഭവങ്ങളുടെ നേരിട്ടുള്ള സാക്ഷിയായിരുന്നില്ല അൻറോണിയോ ഗുവയേ എന്നും പല വിവരങ്ങളും സംഭവങ്ങളിൽ പങ്കെടുത്ത മറ്റുള്ളവരിൽ നിന്നും അധികാരികളിൽ നിന്നും അദ്ദേഹം ശേഖരിച്ചതാണെന്നും ജൊർണാദോയുടെ വിമർശനാത്മകവായനയിൽ നിന്നുതന്നെ ഗ്രഹിക്കാനാവും.

ഈ യാത്രയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത മെനെസിസ് തീരദേശത്തെ സുറിയാനി പള്ളികളിൽ മാത്രം ഒതുങ്ങിയില്ല എന്നതാണ്. കുരുമുളക്, ചുക്ക്, ഏലം തുടങ്ങിയ നാണ്യവിളകളുടെ ഉത്പാദനമേഖലകളിലേക്കും അവയുടെ വ്യാപാരപാതകളിലൂടെ ഉൾപ്രദേശങ്ങളിലേക്കും റോമൻ സഭയുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് വണ്ടിപ്പെരിയാറ്റിലെ മലയോര ജനവിഭാഗങ്ങൾക്കിടയിൽ പ്രത്യേകിച്ച് മലയരയ സമൂഹത്തിനിടയിൽ ക്രിസ്‌തുമത പ്രചരണവും അതിൻ്റെ ഫലമായി എട്ടോളം മലയരയ കുടുംബങ്ങളെ ജ്ഞാനസ്‌നാനം ചെയ്യിച്ചതും. തുടർന്ന് സെൻ്റ് മൈക്കിളിൻ്റെ പേരിലുള്ള ഒരു പള്ളിയും ജെസ്യൂട്ട് മേൽനോട്ടത്തിൽ ഇവിടെ സ്ഥാപിക്കപ്പെട്ടു.
ജൊർണാദോയിലെ വിവരണമനുസരിച്ച് വണ്ടിപ്പെരിയാറ്റിലെ ഭരണാധികാരിയായ പൂഞ്ഞാർ രാജാവിൽനിന്ന് മലയോര ജനങ്ങളെ സ്നാനപ്പെടുത്തുന്നതിനുള്ള അനുമതി നേടാൻ മെനെസിസ് ശ്രമിക്കുകയും, അതിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. പിന്നീട് പ്രാദേശിക മുസ്ലിംകളും ബ്രാഹ്മണരും ഈ നടപടിയെ എതിർക്കുകയും രാജാവിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തെങ്കിലും, രാജാവ് മെനെസിസിന് നൽകിയ വാക്കിൽനിന്ന് പിന്മാറിയില്ലത്രേ !
ബ്രിട്ടീഷുകാരനായ തോമസ് വൈറ്റ് ഹൗസ് രചിച്ച് 1873ൽ പ്രസിദ്ധീകരിച്ച “Lingerings of lights on a dark land” എന്ന കൃതിയിൽ ജൊർണാദോയെ ആസ്പദമാക്കിയുള്ള ഇക്കാര്യത്തിലുള്ള വിശദീകരണം കാണാവുന്നതാണ്.

വൈറ്റ്ഹൗസ് പെരിയാറ്റിലെ “Malleans” എന്ന് വിളിക്കുന്ന മലയരയ ജനവിഭാഗത്തെ കുറിച്ചാണ് പറയുന്നത്. അവർ അന്ന് നഗരങ്ങളിലും സാധാരണ ഗ്രാമങ്ങളിലും താമസിച്ചിരുന്നില്ല; താഴ്‌വരകളിലും വനപ്രദേശങ്ങളിലുമായിരുന്നു താമസം. സ്വന്തം തലവന്മാരുടെയും ന്യായാധിപന്മാരുടെയും കീഴിൽ ഒരു പരിധിവരെ സ്വതന്ത്രമായ സാമൂഹികസംവിധാനവും അവർക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. അവരിൽ ചിലർ തെക്കുംകൂർ രാജാവിനും ചിലർ പൂഞ്ഞാർ രാജാവിനും കപ്പം കൊടുത്തിരുന്നെങ്കിലും സ്വന്തം നിയമങ്ങളനുസരിച്ചുള്ള സ്വയംഭരണം നിലനിർത്തിയിരുന്നു എന്നും അദ്ദേഹം പറയുന്നു.
തുടർന്ന് അദ്ദേഹം വ്യക്തമായി എഴുതുന്നു:“Before 1599 they were all pagans, but since that time a good number of them have embraced Christianity. Eight of their best men, among whom were three Pandares, with their whole families first received baptism, who being followed by many others”

അതായത്, മലയരയരിലെ മൂന്ന് പണ്ടാര സ്ഥാനികൾ ഉൾപ്പെടെ എട്ട് പ്രമുഖരും അവരുടെ കുടുംബാംഗങ്ങൾ മുഴുവനായും ജ്ഞാനസ്നാനം സ്വീകരിച്ചു; തുടർന്ന് മറ്റു പലരും അവരെ പിന്തുടർന്നു എന്നാണ് വൈറ്റ് ഹൗസിൻ്റെ ഈ വാക്കുകളിൽ നിന്ന് മനസിലാക്കാനാവുന്നത്. എന്നാൽ 1873-ൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്ന കാലത്ത് മതപരിവർത്തനം നടത്തിയവരുടെ പിൻമുറക്കാർ തിരിച്ചറിയപ്പെടാതെ സിറോ മലബാർ സഭയുടെ ഭാഗമായി മാറി എന്നാണ് കരുതേണ്ടത്.

വണ്ടിപ്പെരിയാറ്റിലെ പള്ളിയോടൊപ്പം ഒരു ആയുധപ്പുര കൂടി പോർച്ചുഗീസുകാർ സ്ഥാപിച്ചത് ഈ മതപരിവർത്തനത്തോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. തെക്കുംകൂറിൻ്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പള്ളി അങ്ങാടിയിൽനിന്ന് മധുര വഴി കൊറോമാണ്ഡൽ തീരത്തെ തുറമുഖങ്ങളിലേക്ക് കുരുമുളക് എത്തിച്ചിരുന്ന റാവുത്തർമാരുടെ കുത്തക തകർക്കാനും പോർച്ചുഗീസുകാരുടെ സ്വാധീനത്തിലാക്കാനുമുള്ള ശ്രമങ്ങൾക്ക് പ്രാദേശികമായ പിന്തുണ ഉറപ്പാക്കാൻ കൂടിയാണ് തദ്ദേശീയരായ മലയരൻമാരെ ഒപ്പം നിർത്തിയതും പള്ളിയും ആയുധപ്പുരയും സ്ഥാപിച്ചതെന്നും നിരീക്ഷിക്കാം. കടൽത്തീരത്ത് കടലരയൻമാരെ ഒപ്പം നിർത്തി പള്ളികൾ സ്ഥാപിച്ചും നാട്ടുരാജാക്കൻമാരെയും തുറമുഖങ്ങളിലെ മുസ്ലിം വ്യാപാരികളെയും പ്രതിരോധത്തിലാക്കിയതിൻ്റെ മറ്റൊരു പതിപ്പായിരുന്നു ഇതും.

കാഞ്ഞിരപ്പള്ളിയിലെ റാവുത്തർമാരെ കമ്പംമേട് ചുരത്തിലേയ്ക്കുള്ള വഴിയിൽ തോക്ക് കാട്ടി തടയുകയും കുരുമുളക് പിടിച്ചെടുക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പോർച്ചുഗീസുകാർ പയറ്റിയത്. മലബാർ മേഖലയിൽ ചാലിയം കേന്ദ്രീകരിച്ച് കുഞ്ഞാലി മരയ്ക്കാരും മാപ്പിളമാരും പോർച്ചുഗീസുകാർക്കെതിരെ ജീവൻ മരണപോരാട്ടം നടത്തുന്ന അതേ കാലഘട്ടത്തിലാണ് വണ്ടിപ്പെരിയാറ്റിലെ ആയുധപ്പുരയ്ക്കെതിരെ റാവുത്തർ വ്യാപാരികൾ കൂട്ടത്തോടെ നീക്കം നടത്തുന്നത്.

അവർ തമ്പലക്കാട്ടുള്ള തെക്കൻകൂർ ഇടത്തിലെത്തി രാജാവിനെ കണ്ട് പോർച്ചുഗീസ് ആയുധപ്പുര നീക്കം ചെയ്യുന്നതിന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ പൂഞ്ഞാർ രാജാവിൻ്റെ അധീനതയിലായിരുന്നെങ്കിലും തെക്കുംകൂറിന് ഉണ്ടായിരുന്ന മേൽക്കോയ്മയെ മറികടക്കാൻ പൂഞ്ഞാറിന് സാധിക്കുമായിരുന്നില്ല. കാഞ്ഞിരപ്പള്ളി-മധുര മലയോരപാതയുടെ നിയന്ത്രണവും തെക്കുംകൂറിനുള്ളതായിരുന്നു തെക്കുംകൂർ രാജാവ് ഇടപെട്ട് ആയുധപ്പുരയും പള്ളിയും നീക്കം ചെയ്തിരിക്കാം. ഇക്കാര്യത്തിൽ ആധികാരികമായ രേഖകളുടെ പിൻബലമില്ലെങ്കിലും അത്തരമൊരു പള്ളിയുടെയോ ആയുധപ്പുരയുടെയോ സാന്നിധ്യത്തെ കുറിച്ച് പിൽക്കാലത്തെ ബ്രിട്ടീഷ് പ്രതിനിധികളുടെ വണ്ടിപ്പെരിയാറിനെ കുറിച്ചുള്ള വിവരണങ്ങളിലോ ആർക്കൈവൽ രേഖകളിലോ കാണപ്പെടാത്തിടത്തോളം പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ അത് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടിരിക്കാമെന്ന് ഉറപ്പായും കരുതാം.

(ഇത് പഴയ കാല രേഖകളെ അടിസ്ഥാനമാക്കിയ ചരിത്രക്കുറിപ്പ് മാത്രമാണ്.)

By ivayana

Leave a Reply

Your email address will not be published. Required fields are marked *