രചന : ജോബിൻ പാറക്കൽ ✍️
ഇനിയും വയ്യ
ഞാൻ നിന്നെ മറന്നോട്ടേ ഐറിസ്?
പരസ്പരം പറഞ്ഞ നുണകൾക്ക് ഇരുവശവും ഇരുന്ന്
എത്ര വട്ടം നമ്മൾ പ്രണയിച്ചു
കറുത്ത നൂല് കൊണ്ട് തുന്നിക്കെട്ടിയ
കണ്ണുകളാൽ
എത്ര വട്ടം നമ്മൾ പരസ്പരം തിരഞ്ഞു
ഇനിയും വയ്യ ഐറിസ് …..
അത്ര സുന്ദരിയൊന്നും അല്ല മേവ
കടൽനിറമുള്ള കണ്ണുകളിൽ
രാത്രിയെ ഒളിപ്പിച്ച
എല്ലിച്ച പെൺകുട്ടി
പ്രണയത്തിൻ്റെ നിറം കറുപ്പാണെന്ന്
ആദ്യമായ് എൻ്റെ ചെവിയിൽ പറഞ്ഞവൾ
എന്നും പകൽ രാത്രിയോട് വിട പറയാൻ കാത്തിരിക്കാറുള്ള
അസ്തമയത്തിൻ്റെ പടവുകളിൽ വെച്ചായിരുന്നു
അവൾ ആദ്യമായ് എന്നോട്
പ്രണയം പറഞ്ഞത്
ഒരുമിച്ചുള്ള വെയിൽനടത്തങ്ങൾക്കിടയിൽ
നിഴലുകൾ പരസ്പരം വാരി പുണരുന്നത് കാണുമ്പോൾ
കൊതി തോന്നിയിട്ടുണ്ട്
അവളെ ഒന്ന് തൊടാൻ
അവൾക്കും ഒരു പക്ഷേ ?
പുതിയ സ്വപ്നങ്ങളിലേക്ക് പരസ്പരം നടന്നു തുടങ്ങിയത് കൈകൾ കോർത്ത് പിടിച്ച് തന്നെയായിരുന്നു
നിറങ്ങൾ കൊണ്ട് പണിത
ഒറ്റ മുറിയുള്ള ആ വീടിന്
അവളുടെ പേര് ഇട്ടതും അതുകൊണ്ടായിരുന്നു
പരസ്പരം കൊത്തി പറിച്ച് തളർന്ന്
വിയർപ്പുടുത്തുറങ്ങാൻ തുടങ്ങുമ്പോൾ ഒക്കെ
മേവ എപ്പോഴും ചോദിക്കുമായിരുന്നു
നിങ്ങൾ എന്താണ് എപ്പോഴും
നിറങ്ങൾ നിറങ്ങൾ എന്ന്
തെറ്റായി ഉച്ചരിക്കുന്നത് ?
അവൾ കേൾക്കാതെ ഒന്ന് ഉറക്കെ കരയാൻ കഴിഞ്ഞെങ്കിൽ …….
മേവ പിറക്കുന്നു
അലറി കരഞ്ഞുകൊണ്ട് തന്നെയായിരുന്നു അവളും ജീവിതത്തിലേക്ക് കടന്നു വന്നത്
താരാട്ട് പാട്ടുകൾ കേട്ട് തന്നെയായിരുന്നു ഉറങ്ങിയിരുന്നതും
ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് പിച്ച വെച്ച് നടന്നതും
പകലിരവുകളിൽ കിളിപ്പാട്ടുകൾ മതിയാവോളം കേട്ടതും
കൊതിയോടെ ചിരിയോടെ കലപിലകൾ പറഞ്ഞതും
പാൽ ചുരത്തി കൊതി മാറും മുമ്പ് അമ്മ അവളെ വിട്ടു പിരിഞ്ഞതും
ബാല്യം
തനിക്കൊപ്പം നടക്കാറുള്ള
പ്ലാസ്റ്റിക് പിടിയുള്ള വടി കൊണ്ട്
വഴികൾ വരച്ച് നടന്നു തീർത്ത ബാല്യം
കൗമാരം
ചിരികളില്ലാത്ത ചിലമ്പലുകളില്ലാത്ത
കൂടെ നടക്കാൻ കൂട്ടുകാരില്ലാത്ത
നിഴൽ പോലും എന്തെന്നറിയാത്ത
കരഞ്ഞു തീർത്ത കൗമാരം
യൗവ്വനം
ആരോ തുന്നി കൊടുത്ത
അളവുകൾ തെറ്റിയ
ഒറ്റയുടുപ്പിനുള്ളിൽ
മുഴച്ച് പൊന്തിയ യൗവനം
അവർ പരസ്പരം തൊട്ടപ്പോൾ
വഴക്കുകൾ പതിവായ വീട്ടിൽ നിന്നും
എന്നത്തേയും പോലെ
വെയിലിലേക്ക് ഇറങ്ങി നടന്ന
അന്നായിരുന്നു അവർ പരസ്പരം തൊട്ടത്
അല്ല …. കൂട്ടി മുട്ടിയത്
പ്രണയം
കൈകൾ കോർത്ത് പിടിച്ച്
നടന്നു വിയർത്ത വഴിയുടെ അറ്റത്തുള്ള
അസ്തമയത്തിന്റെ പടവുകളിൽ വെച്ച്
മേവയുടെ കണ്ണുകളിലെ കറുപ്പിനോട്
അവൻ തൻറെ പ്രണയം പറയുന്നു
ജീവിതം തുടങ്ങുന്നു തുടരുന്നു
പുതിയ സ്വപ്നങ്ങളിലേക്ക് പരസ്പരം നടന്നു തുടങ്ങിയത്
കൈകൾ കോർത്ത് പിടിച്ച് തന്നെയായിരുന്നു
നിറങ്ങൾ കൊണ്ട് പണിത
ഒറ്റ മുറിയുള്ള ആ വീടിന്
അവളുടെ പേര് ഇട്ടതും അതുകൊണ്ടായിരുന്നു
മടുപ്പ്
ഉത്തരമില്ലാത്ത ആ ചോദ്യം
മടുപ്പിക്കുന്നു വല്ലാതെ
( മേവ എപ്പോഴും ചോദിക്കുമായിരുന്നു
നിങ്ങൾ എന്താണ് എപ്പോഴും
നിറങ്ങൾ നിറങ്ങൾ എന്ന്
തെറ്റായി ഉച്ചരിക്കുന്നത് )
മേവയ്ക്ക് ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത
അനേകായിരം നിറങ്ങൾക്കിടയിലെ
മറ്റേതോ ഒരു നിറത്തിലേക്ക്
അയാൾ നടന്നു തുടങ്ങുന്നു
നിറങ്ങൾ എന്ന തിരിച്ചറിവിലേക്ക്
തനിക്കൊപ്പം നടക്കാറുള്ള
പ്ലാസ്റ്റിക് പിടിയുള്ള വടിയുമായി
നിറങ്ങളെ തിരഞ്ഞ്
മേവ നടന്നു തുടങ്ങുന്നു
തനിച്ച്………….

