രചന : ശ്രീകല മോഹൻദാസ് ✍️
പണ്ട് പണ്ട് ഇതു പോലെ പള്ളിക്കൂടത്തിൽ
പോയിരുന്നൊരു ബാല്യകാലമുണ്ടായിരുന്നു..
യൂണിഫോമില്ല പുസ്തക സഞ്ചിയില്ല കാലിൽ ചെരുപ്പില്ല
നരച്ചു നിറം മങ്ങിയ ഏതെങ്കിലും നിറമുള്ള
ഒരു ട്രൗസറും കുപ്പായവും..
അതു തന്നെ തിരുമ്മിത്തിരുമ്മി പിഞ്ഞിയിട്ടു മുണ്ടാകും..
പരമാവധി രണ്ടു ജോഡി കുപ്പായമാണു ണ്ടാവുക…
അത് ചിലപ്പോൾ ഒന്നാവാനും മതി..
വൈകീട്ട് വന്നാൽ അത് അലക്കിയിട്ട്
ഉണക്കാവും മുമ്പേ,
പിറ്റേന്ന് അതു തന്നെ ഇട്ടു കൊണ്ടു പോവുന്ന കഥാപാത്രങ്ങൾ
എം. ടി. കഥകളിലടക്കം കണ്ടിട്ടുണ്ട്..
ആകെയുള്ള ഒന്നു രണ്ടു പുസ്തകം ഒരു കയ്യിൽ പിടിച്ച്
നഗ്ന പാദങ്ങൾ നീട്ടി നീട്ടി വെച്ച് മണിയടിക്കും മുമ്പ് സ്കൂളിലെത്തുവാൻ
തത്രപ്പെട്ടോടുന്ന ബാല്യ കൗമാരങ്ങൾ..
കുട്ടികൾ തനിച്ചു പോകുന്നതിൽ ആർക്കും
ഒരു ഭയവുമില്ല..
എല്ലാവരും തന്നെ അയൽക്കാരും പരിചി തരും എന്നിരിക്കെ
ആര് ആരെ പേടിക്കാൻ…
വണ്ടിയുമില്ല വള്ളവുമില്ല ഓടിയും നടന്നും എങ്ങനേയും സ്കൂളിലെത്തുക,
തീരെ ചെറിയ കുട്ടികൾ മുതിർന്നവർക്കൊ പ്പവും,
മറ്റുള്ളവർ വഴി നീളെ ചേരുന്ന കൂട്ടുകാർ ക്കൊപ്പവും
നേരം വൈകുമ്പോൾ ഇതു പോലെ ചിലരും
ഒറ്റക്കും തെറ്റക്കും എങ്ങനേയും സ്കൂളി ലെത്തും…
അതിനിടെ വഴിയോരത്തെ മാവിനു
കല്ലെറിഞ്ഞും
ചാമ്പയും പേരയും എത്തിപ്പറിച്ചു പങ്കിട്ടു തിന്നും
ദാഹിക്കുമ്പോൾ കിണറ്റീന്നു വെള്ളം കോരിക്കുടിച്ചും
ആസ്വദിച്ചു ജീവിച്ച ഒരു സർവ്വ സ്വതന്ത്ര സുന്ദര ബാല്യം..
ഇന്ന് അതൊക്കെ വെറും ഓർമ്മച്ചിത്രങ്ങളായ് മാറിയപ്പോൾ
ഈ ബാലന്റെ ചിത്രം പൊയ് പോയ കാലത്തെ
കണ്മുന്നിൽ കൊണ്ടന്നു നിർത്തുന്ന പോലെ….

