രചന : ആദി ദേവ് ✍️
നിന്റെ ഉള്ളിൽ
നിന്നെത്തന്നെ
കീറിമുറിച്ചെടുത്ത
എത്ര ഭ്രാന്തുകളുടെ
നിശ്ശബ്ദനാദമാണ്?
ഒരു കവി
എത്രയെത്ര
നോവിന്റെ
ചിതറിയ
നക്ഷത്രക്കണ്ണീർ
ചേർത്തുവെച്ച
ആകെത്തുകയാണ്?
നിന്റെ
മുറിവുകളുടെ
മൂർഛയിൽ നിന്ന്
എത്ര തീപ്പൊരികൾ
ചാലിച്ചെടുത്താലാണ്
ഒരു വരി
നിന്റെ ആത്മാവിന്റെ
നെരിപ്പോടാകുന്നത്?
നിന്റെ
നഷ്ടങ്ങളുടെ
നിഴലുകളിൽ നിന്ന്
എത്ര തുള്ളി
നിനവിന്റെ
നീർപ്പിടിത്തം
ഒഴുക്കിയാലാണ്
ഒരു കവിത
നദിയാകുന്നത്?
ഒരു കവി
എത്ര
തോൽവികളുടെ
തകർന്ന
കല്ലുകൾ
നെഞ്ചിൽ
കെട്ടിവെച്ച
ഒരു പ്രപഞ്ചമാണ്?
നിന്റെ
നിശ്ശബ്ദതയുടെ
ആഴങ്ങളിൽ നിന്ന്
എത്ര
ഭ്രാന്തിന്റെ
നാമ്പുകൾ
പറിച്ചെടുത്താലാണ്
നിന്റെ
ഹൃദയം
ഒരു ഗീതമാകുന്നത്?
ഒരു കവിത
നിന്റെ
നിനവുകളുടെ
നിത്യമായ
നിലവിളിയാണ്.
ഒരു കവി
നിന്റെ
നഷ്ടങ്ങളുടെ
നക്ഷത്രപ്പുഴുക്കളുടെ
ആകെത്തുകയാണ്..!

