രചന : രവനീഷ് രാമൻ ✍️
വാക്കുകൾ മുറിഞ്ഞുപോയൊരു നേരത്ത്,
മൗനം മാത്രം കൂട്ടിരുന്നൊരു തീരത്ത്,
പെട്ടെന്നൊരു സാന്ത്വനം പോലെ
പഴയൊരു ഓർമ്മ അരികിലിരുന്നു.
കരച്ചിൽ പോലും പുറത്തുവരാത്ത
കടലോളം ആഴമുള്ള മൗനത്തിൽ,
ആരോ ഒരാൾ ചേർന്നുനിന്നു—
വാക്കുകളില്ലാതെ, നോവിനൊപ്പം.
മൗനത്തിനപ്പുറം ആരോ പറഞ്ഞതുപോലെ—
“നിനക്കുണ്ടായ വേദന
എനിക്കുമുണ്ടായി…”
ആ വാക്കുകൾ മൗനത്തിൽ വീണപ്പോൾ,
പാതിവഴിയിൽ തളർന്ന നിഴലുകൾക്ക്
വീണ്ടും നടക്കാൻ തോന്നി.
ആത്മാവിനെ തൊട്ടറിഞ്ഞ
ആ തിരിച്ചറിവിൽ,
ഇരുളിലാണ്ട ഹൃദയത്തിനുള്ളിൽ
ഒരു ചെറുവെളിച്ചം തെളിഞ്ഞു.
ഒറ്റയ്ക്കല്ലെന്ന് അറിഞ്ഞ നിമിഷം—
പങ്കിട്ടൊരു നോവിന്റെ ചൂടിൽ
തണുത്തുപോയ ഹൃദയം
വീണ്ടും മിടിച്ചുതുടങ്ങി.

