കാത്തുനിൽക്കയാണു യാത്രചൊല്ലുവാൻ..
പാതി പ്രാണനായ നിന്റെ പൂമരം..
ഉർവ്വരമാമോർമ്മതൻ ദിനങ്ങളിൽ..
ചൂഴ്ന്നു നിന്നിലാർദ്രമാം തണുപ്പുമായ്..
വെയിലുദിച്ചു നിന്നയുച്ച നേരമോ..
കരുതലായ്പൊതിഞ്ഞകാട്ടുതണലു ഞാൻ..
സുഗന്ധസൂനമായിരം പൊഴിച്ചു ഞാൻ..
കാറ്റിലൂറി നിന്നിലെന്റെ ഗന്ധമായ്..
ഋതു വസന്തമോമനിച്ച നാളുകൾ
കുടവിരിച്ചു പൂക്കളിൽ നിനക്കു ഞാൻ..
പെയ്തൊഴിഞ്ഞ വർഷമേഘതോർച്ചയിൽ
പെയ്തു നിന്നു നിന്നിലേക്കു പിന്നെയും..
ഇലകളൂർന്നു പോയ ശിശിര മാത്രകൾ
വിരഹ ബാഷ്പ നേത്രയായ രാത്രികൾ.
കൂട്ടുവന്നു പാട്ടുമൂളി ശാരിക, തണു –
സ്പർശമേകി തനു പടർന്ന തൈമുല്ല..
മണ്ണടരിനുള്ളിലൂർന്ന വേരുകൾ..
ഇറ്റുനീർ ചുരന്നെടുക്കുമെങ്കിലും..
പട്ടുണങ്ങി പാതിയായി പൂമരം..
പാതിയിൽ കരിഞ്ഞ പ്രണയ വല്ലരി..
ബാക്കിയായ പച്ചില തളിർപ്പിലായ്..
പൂത്ത പൂവിലാത്മരാഗ സ്പന്ദനം..
ഓണനാളിലൂയലിട്ട ചില്ലകൾ..
ഓമനിച്ചയോർമ്മതൻ തുരുത്തുകൾ..
മഞ്ഞുതുള്ളിയുമ്മ വെച്ച പുലരികൾ
മധുഹരൻ വിരുന്നു വന്ന വേളകൾ..
രാഗലോലയൗവ്വനത്തഴപ്പിലെ…
കുറുമ്പുകാറ്റിൻ കൈവിരൽ കുസൃതികൾ..
ഊഷരമീ മണ്ണടരിനുള്ളിലെൻ..
വേരുകൾ കരിഞ്ഞുണങ്ങിയെങ്കിലും..
പെയ്തമർന്ന പെരുമഴകളുള്ളിലായ്
കരുതിവെച്ച ഈറനാകുമോർമ്മകൾ.
മതിയെനിക്കു കാത്തുവെയ്ക്കുവാനൊരു
കുഞ്ഞു പൂവു നീ വരുന്ന നാൾ വരേ..💕

By ivayana

Leave a Reply

Your email address will not be published. Required fields are marked *