രചന : സോഷ്യൽമീഡിയ ✍️
ഒരു നേരത്തെ ആഹാരത്തിനായി തെരുവിൽ കൈനീട്ടി നിന്നൊരു നാലു വയസ്സുകാരി… ഇന്ന് സ്റ്റെതസ്കോപ്പുമേന്തി നൂറുകണക്കിന് മനുഷ്യരുടെ ജീവൻ കാക്കുന്നൊരു ഡോക്ടറാണ്. ഏതെങ്കിലും സിനിമയിലെ കഥയൊന്നുമല്ലിത്, ധർമ്മശാലയിലെ തെരുവിൽ ജനിച്ചുവളർന്ന പിങ്കി ഹര്യൻ എന്ന പെൺകുട്ടിയുടെ ജീവിതമാണ്.
2004-ലൊരു ദിവസമാണ്, മക്ലിയോഡ് ഗഞ്ചിലെ തെരുവിൽ ഭിക്ഷ യാചിച്ചുനിന്ന പിങ്കിയെ ലോബ്‌സാംഗ് ജംയാങ് എന്നൊരു ടിബറ്റൻ സന്യാസി കാണുന്നത്. ഒരു നിമിഷം കൊണ്ട് ആ മനുഷ്യന്റെ മനസ്സലിവ് അവളുടെ വിധിയെത്തന്നെ മാറ്റിമറിച്ചു. തെരുവിലെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ തുടങ്ങിയ ‘ടോങ്-ലെൻ’ എന്ന കൂട്ടായ്മയിലേക്ക് ആ കുരുന്നിനെയും അദ്ദേഹം കൂട്ടിക്കൊണ്ടുവന്നു. ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു.
പഠിക്കാൻ മിടുക്കിയായ പിങ്കിയുടെ മനസ്സിലെ ഒരേയൊരു സ്വപ്നം ഒരു ഡോക്ടറാവുക എന്നതായിരുന്നു. ആ സ്വപ്നത്തിന് ചിറകേകാൻ ലണ്ടനിലെ ഒരു ഡോക്ടറും മറ്റ് ചില നല്ല മനുഷ്യരും കൂടെനിന്നു. അങ്ങനെ ചൈനയിലെ പ്രശസ്തമായ മെഡിക്കൽ കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി. വർഷങ്ങൾ നീണ്ട കണ്ണീരും കഠിനാധ്വാനവും ഒടുവിൽ വിജയം കണ്ടു; അവൾ മെഡിക്കൽ ബിരുദം സ്വന്തമാക്കി, നാട്ടിൽ തിരിച്ചെത്തി പ്രാക്ടീസ് ചെയ്യാനുള്ള പരീക്ഷയും പാസ്സായി.
ഇന്ന് ഡോക്ടർ പിങ്കി എവിടെയാണെന്നറിയാമോ? താൻ ഒരു കാലത്ത് പട്ടിണി കിടന്ന, കൈനീട്ടി നിന്ന അതേ ചേരികളിലെ പാവങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുകയാണ് അവർ. തന്നെപ്പോലെ തെരുവിൽ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുകയാണ്. നമ്മൾ നീട്ടുന്ന ഒരു ചെറിയ സ്നേഹഹസ്തത്തിന് ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പറ്റുമെന്ന് കാണിച്ചുതരുന്ന, ശരിക്കും പ്രചോദനമാകുന്നൊരു ജീവിതം. ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്!
