രചന : ശ്രീജിത്ത് ഇരവിൽ ✍️
എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകാൻ ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്നവരിൽ കുഞ്ഞിരാമൻ മാത്രമേ അയാളെ ശ്രദ്ധിച്ചുള്ളൂ… നടപ്പാതയിൽ ഇരിക്കുകയാണ് ആ മനുഷ്യൻ. തലയ്ക്ക് കാര്യമായ തകരാറുണ്ടെന്ന് ശ്രദ്ധിക്കുന്ന ആർക്കും തോന്നിപ്പോകും…
‘എന്താ പറ്റിയത്? എന്തിനാണ് ഇവിടെയിരിക്കുന്നത്…?’
പ്രത്യേകിച്ച് യാതൊരു തിരക്കുമില്ലാത്ത കുഞ്ഞിരാമൻ ചെന്ന് അയാളുടെ പുറംതോളിൽ തൊട്ട് ചോദിച്ചു. ഒന്നുമില്ലെന്ന് പറയാൻ വേണ്ടി മാത്രം ആ മനുഷ്യൻ തിരിഞ്ഞ് നോക്കി. എന്തായാലും പറയൂയെന്ന് പറഞ്ഞ് കുഞ്ഞിരാമന് അയാളുടെ മുന്നിൽ നിൽക്കാനാണ് തോന്നിയത്.
‘ഇയാൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകില്ലേ! ദൈവമാണെന്നാണൊ വിചാരം? ശരി ദൈവമേ… പണയം വെക്കാൻ കൊണ്ട് വന്ന സ്വർണ്ണം പോയി. ഇന്നലെ തൊട്ട് തേടുന്നതാ… പോലീസുകാര് പോലും നോക്കാന്നേ പറയുന്നുള്ളൂ… കണ്ടെത്തി തരാൻ പറ്റോ അങ്ങുന്നിന്…? ശല്ല്യം ചെയ്യാതെ പോയേ…’
ആ അപരിചിതൻ തന്നെ കളിയാക്കിയതാണോ, മറിച്ച് ഉള്ള സങ്കടം തുറന്ന് പറഞ്ഞതാണോയെന്ന് കുഞ്ഞിരാമന് മനസിലായില്ല. ആരെങ്കിലും കരഞ്ഞാൽ ഒപ്പം കരയുകയെന്നതിനപ്പുറം അയാളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന നന്മയുള്ള മനുഷ്യനായിരുന്നു കുഞ്ഞിരാമൻ. അത് മനസിലാക്കാൻ ആ അപരിചിതന് കഴിഞ്ഞില്ല.
കുഞ്ഞിരാമൻ പിൻവലിഞ്ഞു. തുടർന്ന്, കണ്ണുകൾ നിറയ്ക്കുന്ന ഏതൊരു കാഴ്ച കണ്ടാലും കാണാതെ നിൽക്കാൻ കെൽപ്പുള്ളവരുടെ കൂട്ടത്തിലേക്ക് കലരുകയും ചെയ്തു. അപ്പോഴേക്കും, ആ അപരിചിതനായ മനുഷ്യൻ ഉൾപ്പടെയുള്ള മുക്കാലോളം പേർക്കും കയറിപ്പോകാനായി ഒരു ബസ്സ് വന്ന് നിന്നിരുന്നു.
കാലത്ത് മെഡിക്കൽ കോളേജിലേക്ക് വന്നതായിരുന്നു കുഞ്ഞിരാമൻ. അയാളുടെ ഭാര്യയുടെ നാത്തൂന്റെ അനിയന്റെ മോൾക്ക് തൂറ്റലാണ്. ഓറഞ്ചും, മുന്തിരിയുമൊക്കെയായി കാണണമെന്ന് ഭാര്യക്ക് ഒരേ നിർബന്ധം. ആയിക്കോട്ടേയെന്ന് അയാളും പറഞ്ഞു. അവൾ ഇപ്പോഴും ആശുപത്രിയിലാണ്. സൊറ പറയാൻ ബന്ധുക്കളെ കിട്ടിയ ഉത്സാഹത്തിൽ ലയിച്ച് ഇരിക്കുകയാണ്.
‘വേണമെങ്കിൽ നിങ്ങള് പോയിക്കോ.. ഞാൻ വൈകുന്നേരത്ത് വരാം…’
അത് കേട്ടപ്പോൾ അവിടെ നിന്ന് ഇറങ്ങിയ കുഞ്ഞിരാമനാണ് ഇപ്പോഴൊരു അപരിചിതൻ കാരണം ഇളിഭ്യനായി നിൽക്കുന്നത്. നാട്ടിലേക്കുള്ള ബസ്സും കാണാതെ വന്നപ്പോൾ ആകെയൊരു വെപ്രാളം. മനുഷ്വത്വമെന്ന് പറയുന്നത് പിന്നെ എന്താണെന്ന് അയാൾ ചിന്തിച്ചു.
അങ്ങനെ ഓർത്തപ്പോൾ തന്നോട് ദൈവമാണോയെന്ന് ചോദിച്ച് പരിഹസിച്ച ആ അപരിചിതന്റെ മനസ്സ് എത്ര വികലമാണെന്ന് കുഞ്ഞിരാമന് തോന്നി. യഥാർത്ഥത്തിൽ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ. കാര്യമായി എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി കാണും. മാർഗ്ഗമായി ആ സ്വർണ്ണം മാത്രമേ മുന്നിൽ ഉണ്ടായിക്കാണൂ. എന്നിരുന്നാലും ചോദിച്ചാൽ പറഞ്ഞുകൂടെ. രണ്ടുവട്ടമല്ലേ ചോദിച്ചുള്ളൂ… വ്യക്തിപരമാണെന്നോ, പറയാൻ താൽപ്പര്യമില്ലെന്നോയെന്ന പ്രതികരണമാണെങ്കിൽ കുഴപ്പമില്ലായിരുന്നു… ഇതിപ്പോൾ….
കേട്ടവരെല്ലാം ഊറിയൂറി ചിരിച്ചിട്ടുണ്ടാകുമെന്ന് കൂടി തോന്നിയപ്പോൾ കുഞ്ഞിരാമൻ ഒരു കുട്ടിയുടെ നിരാശയിലേക്ക് മറിഞ്ഞു വീണു. ഇനിയിപ്പോൾ ഭാര്യയോടൊപ്പം തന്നെ തിരിച്ചു പോകാമെന്ന് കരുതി അയാൾ ആശുപത്രിയിലേക്ക് തന്നെ നടക്കുകയായിരുന്നു.
മുന്നിൽ കാണുന്ന ചില കുപ്പികളെയൊക്കെ തട്ടിക്കൊണ്ടാണ് കുഞ്ഞിരാമന്റെ കാലുകൾ നടക്കുന്നത്. പെട്ടെന്നാണ് അവകൾ നിന്നതും. കണ്ണുകൾ സംശയത്തോടെ വിടർന്നതും.
കാലുകൾ തട്ടിത്തെറിപ്പിച്ചപ്പോൾ ചെന്ന് പതിച്ച പ്ലാസ്റ്റിക് കുപ്പിയോട് ചേർന്ന്, ചെറിയ ഒരു ജ്വല്ലറിക്കൂട്. കുപ്പി തട്ടിയപ്പോഴാണെന്ന് തോന്നുന്നു അത് പൊതിഞ്ഞ കടലാസ് പൂർണ്ണമായും തുറന്നത്. റോഡിലേക്ക് തള്ളി നിൽക്കുന്ന ആശുപത്രിമതിലിനോട് ചേർന്നാണ് സംഭവം. ആൾക്കാരൊക്കെ തുപ്പി വൃത്തികേടാക്കിയത് കൊണ്ട് വലിയ രീതിയിലുള്ള ശ്രദ്ധ പ്രസ്തുത ഇടം നേടുന്നില്ല. മണ്ണായാലും, മനുഷ്യരായാലും വൃത്തിയില്ലെങ്കിൽ ആരും അടുക്കില്ലല്ലോ…
കുഞ്ഞിരാമൻ അതെടുത്ത് തുറന്ന് നോക്കി. വലിയ കനമൊന്നും ഇല്ലാത്ത സ്വർണ്ണമാലയായിരുന്നു അതിനകത്ത്. ദൈവമുണ്ടെന്നും, അത് താൻ തന്നെയാണെന്നും ആ നിമിഷം അയാൾക്ക് തോന്നി. അല്ലെങ്കിൽ പിന്നെ, നാടകങ്ങളെ പോലും വെല്ലും വിധം ആ അപരിചിതനും, ഈ പൊന്നും തന്റെ മുന്നിൽ തന്നെ തെളിയില്ലല്ലോ എന്നായിരുന്നു അയാളുടെ ഉൾവാദം.
കുഞ്ഞിരാമൻ ആലോചിച്ചു. ഇത് തന്നെയാണ് തന്നെ പരിഹസിച്ചവന്റെ മുതലെന്ന് എങ്ങനെ അറിയുമെന്നായിരുന്നു ആദ്യ ചിന്ത. അതിനായി അയാൾ ആദ്യം സ്വർണ്ണത്തിന്റെ തൂക്കം അറിഞ്ഞു. ഒരു പവന് രണ്ട് ഗ്രാമിന്റെ കുറവ്.
രണ്ടാമത്തെ ചിന്ത, ആ അപരിചിതനായ മനുഷ്യനെ എങ്ങനെ കണ്ടെത്തുമെന്നായിരുന്നു. അതിനായി കുഞ്ഞിരാമൻ സ്ഥലം പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. അൽപ്പം വിയർത്തെങ്കിലും പരാതിയിൽ പറഞ്ഞ തൂക്കം ഉറപ്പിക്കുന്നതിനോടൊപ്പം, വിലാസവും കുറിച്ചെടുത്തു. അപരിചിതന്റെ പേര് വേണുവെന്നാണ്. ശേഷം അങ്ങോട്ടേക്കുള്ള ടിക്കറ്റുമെടുത്ത് കുഞ്ഞിരാമൻ യാത്ര തിരിക്കുകയായിരുന്നു.
മുഖത്ത് തൊടുന്ന കാറ്റിനോടെല്ലാം താനാണ് ദൈവമെന്ന് പരിചയപ്പെടുത്തി കൊണ്ടായിരുന്നു കുഞ്ഞിരാമന്റെ ആ ആനന്ദയാത്ര. കണ്മുന്നിൽ തെളിയുന്ന അപരന്റെ പ്രയാസം കാണുമ്പോൾ തന്നാലാകും വിധം അതിന്റെ കാഠിന്യം കുറക്കുന്നവരെല്ലാം ദൈവങ്ങളാണ്. ആ ഗുണമുള്ളത് കൊണ്ടായിരിക്കണം സ്വർണ്ണം കിട്ടിയിട്ടും കുഞ്ഞിരാമന്റെ കണ്ണുകൾ മഞ്ഞളിക്കാതിരുന്നത്.
ബസ്സ് നിന്നു. ചില അന്വേഷണങ്ങൾക്ക് ശേഷം നഷ്ട്പ്പെട്ടവന്റെ വിലാസത്തിലേക്ക് കുഞ്ഞിരാമൻ എത്തുകയും ചെയ്തു. കാളിംഗ് ബെല്ല് ഇല്ലാത്തത് കൊണ്ട് ആരുമില്ലേയെന്ന് ചോദിച്ച് അയാൾ ക്ഷമയോടെ മുറ്റത്ത് നിൽക്കുകയാണ്. ആദ്യം വന്നത് ഒരു കുട്ടിയായിരുന്നു. അവനാണെങ്കിൽ വലിയ വായയിൽ ആരായെന്ന് ആരാഞ്ഞു. ഇവിടെ മറ്റാരും ഇല്ലേയെന്ന മറുചോദ്യമായിരുന്നു അയാളുടെ മറുപടി.
‘ആരാ മോനേ…?’
ആ ശബ്ദത്തിന്റെ ഉടമ കുഞ്ഞിരാമൻ തേടി വന്ന ആളുടേത് ആയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ മുന്നിൽ കണ്ടപ്പോൾ വീട്ടുകാരൻ അന്താളിച്ചു. പരിചിതമായ രംഗം ഓർത്തുകൊണ്ട് നിങ്ങൾക്കെന്താണ് വേണ്ടതെന്ന് ശബ്ദിക്കുകയും ചെയ്തു.
‘ആരാ അത് വേണൂവേട്ടാ…?’
”ഒന്നുമില്ലെടി… നീ അവിടെയിരിക്ക്… ഞാൻ വരാം…”
അകത്ത് നിന്ന് വന്ന ഒരു സ്ത്രീയുടെ ശബ്ദത്തിനോടാണ് വേണു മറുപടി പറഞ്ഞത്. അത് ഭാര്യയാണെന്നും കുളിമുറിയിൽ വീണ് കാലൊടിഞ്ഞ് കിടക്കുകയാണെന്നും അയാൾ വ്യക്തമാക്കി. ശേഷം, ബുദ്ധിമുട്ടുണ്ടാക്കാതെ പോകൂവെന്നും, തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും മൊഴിഞ്ഞു. അങ്ങനെ പറയുമ്പോൾ വേണു കൈകൂപ്പിയിരുന്നു. ആ കൈകളിലേക്കാണ് തന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണക്കൂട് കുഞ്ഞിരാമൻ വെയ്ക്കുന്നത്.
‘ഈ കുഞ്ഞിരാമൻ ദൈവമാണെന്ന് ഇപ്പോൾ മനസിലായില്ലേ…?’
വേണുവിന് മറുപടി ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് കൈകൂപ്പി നിൽക്കുന്ന ഒരു പ്രതിമയിലേക്ക് അയാൾ മാറിയിരിക്കുന്നു. മനുഷ്യരാണ്. സമൂഹങ്ങളായി ജീവിക്കുമ്പോൾ സഹാനുഭൂതിയെന്ന് പറയുന്നയൊരു സംഗതി കൂടി വേണം. സ്വകാര്യമായി ചേക്കേറാൻ ഇടമുണ്ടായിട്ടും പൊതുവിൽ ഒരാൾ കരയുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ എല്ലാവർക്കുമാകില്ല. കൂട്ടം കൂടി ഒരാളെ കരയിപ്പിക്കാനും സാധിക്കില്ല… വെറുപ്പിന്റെ ചര്യകളിൽ മുഴങ്ങി ആവർത്തന വിരസത പോലും അറിയാതെ ചലിക്കുന്ന യന്ത്രങ്ങളാകാൻ എല്ലാ മനുഷ്യർക്കും സാധിക്കില്ലല്ലോ…
‘വേണൂവേട്ടാ… ആരാ അത്..?’
വേണു മിണ്ടാതെ നിന്നപ്പോൾ തിരിഞ്ഞു നടന്ന കുഞ്ഞിരാമന്റെ കാതുകളിലേക്കും ആ സ്ത്രീയുടെ ശബ്ദം എത്തിയിരുന്നു. അതുകൊണ്ട് തന്നെ, അവിശ്വസനീയമായ രംഗത്തിന് സാക്ഷ്യം നിന്ന പരവേശത്തോട് കൂടിയുള്ള വേണുവിന്റെ മറുപടിയും അയാൾ വ്യക്തമായി കേട്ടു.
‘വന്നത് ദൈവമാണെടി… പേര് കുഞ്ഞിരാമൻ….!!!’

