ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ചുരുക്കി പറഞ്ഞാല്‍ ഇനി അന്താരാഷ്ട്ര വിപണിയിലെ വില കൊടുത്തു നിങ്ങള്‍ ഇവിടെ അരി വാങ്ങണം. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയാല്‍ ഇവിടെ കൂടും, കുറഞ്ഞാല്‍ ഇവിടെയും കുറയും. നമ്മുടെ പെട്രോള്‍ വില കുറഞ്ഞ പോലെകോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുമ്പോള്‍ പയ്യോളി എത്തുന്നതിന്റെ ഒന്ന് രണ്ടു കിലോമീറ്റര്‍ മുമ്പ് ഇടതു വശത്തായിട്ടാണ് തിക്കോടി എഫ്.സി.ഐ ഗോഡൗണ്‍. സാധാരണഗതിയില്‍ ബസ് യാത്രക്കാരുടെ കണ്ണില്‍ പെടാതെ പോകാന്‍ വഴിയില്ല, ഒന്നൊന്നര കിലോമീറ്റര്‍ നീളമുണ്ട്, ഗോഡൗണിന്റെ ഉള്ളില്‍ തന്നെ റെയില്‍വേ ട്രാക്കുണ്ട്, അതില്‍ മിക്കവാറും സമയം ഗുഡ്‌സ് ട്രെയിനുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ടാകും, ഒരു പാട് ലോറികകളും ആളും ബഹളവുമൊക്കെയുണ്ട്.

ഇവിടുന്നാണ് സിവില്‍ സപ്ലൈസിലേക്കും റേഷന്‍ കടകളിലേക്കുമൊക്കെയുള്ള അരി പോകുന്നത്. കൂടാതെ ഭക്ഷ്യക്ഷാമം, കൊറോണ, ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങി വല്ലതുമുണ്ടായാല്‍ പട്ടിണി മരണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി അരി സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതൊക്കെയാണെങ്കിലും ഇതൊരു ‘നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനമാണ്’. അത് കൊണ്ട് ഉടനെ വില്‍ക്കും, എന്ന് പറഞ്ഞാല്‍ ഉടനെ അദാനിയുടെ കയ്യിലെത്തും. പല ഗോഡൗണുകളും ഇപ്പോള്‍ തന്നെ അദാനിയുടെ കയ്യിലെത്തി.അതെന്താ അദാനിയുടെ കയ്യില്‍, നാട്ടില്‍ വേറെ മുതലാളിമാരില്ലേ, നമ്മള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലിസ്റ്റ് സൊസൈറ്റി അല്ലേ എന്ന് ന്യൂ-ജന്‍ ക്യാപിറ്റലിസ്റ്റുകള്‍ ചോദിക്കും.

വേറെ മുതലാളിമാരില്ലാഞ്ഞിട്ടാണോ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ഖനികളും മുഴുവനും അദാനിയുടെ കയ്യിലെത്തിയത്- അല്ല. ഇത് രണ്ടു ഗുജറാത്തികള്‍ക്ക് വേണ്ടി വേറെ രണ്ടു ഗുജറാത്തികള്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ്, അതിനിടക്ക് ഓപ്പണ്‍ മാര്‍ക്കറ്റും ക്യാപിറ്റലിസവും കൊണ്ട് വന്നു അലമ്പാക്കരുത്. കഥ തുടരാം.പഞ്ചാബില്‍, പട്യാലയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ ബസ്സില്‍ സഞ്ചരിച്ചാല്‍ രാജ്പുര എന്ന കൊച്ചു നഗരത്തില്‍ എത്താം. രാജ്പുരയുടെ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലെല്ലാം കൃഷിയാണ്, അരിയും ഗോതമ്പുമാണ് പ്രധാനം, മറ്റു കൃഷികളുമുണ്ട്.

രാജ്പുരയില്‍ നിന്ന് പത്തു പതിനഞ്ചു കിലോമീറ്റര്‍ ഉള്ളോട്ടു പോയാല്‍ ഗാഗര്‍-സരായ് എന്ന ഗ്രാമത്തിലെത്താം, അവിടുത്തെ ഒരു സാധാരണ കര്‍ഷകനാണ് ഗുല്‍ബീന്ദര്‍ സിങ്. രണ്ടു മൂന്നേക്കര്‍ ഭൂമിയുണ്ട്, ഒന്ന് രണ്ടു ട്രാക്ടറുകളുണ്ട്, നാലഞ്ചു മക്കളുമുണ്ട്. ഭാര്യയുടെ പേര് ഗുര്‍കിരണ്‍ കൗര്‍.ഗുല്‍ബീന്ദര്‍ സിങ്ങും ഗുര്‍കിരണ്‍ കൗറും നാലഞ്ചു മക്കളും ചേര്‍ന്ന് കൊല്ലം മുഴുവന്‍ കൃഷി ചെയ്യും. വിളവെടുത്ത് കഴിഞ്ഞാല്‍ എല്ലാം കൂടി ട്രാക്റ്ററില്‍ കയറ്റി രാജ്പുരയിലേക്ക് കൊണ്ട് പോകും. രാജ്പുരയിലാണ് മണ്ടി.മണ്ടി എന്നാല്‍ നെല്ലും ഗോതമ്പുമൊക്കെ കൃഷിക്കാരില്‍ നിന്ന് വാങ്ങി അവര്‍ക്ക് എം.എസ്.പി കൊടുക്കുന്ന സ്ഥലം. എം.എസ്.പി എന്നാല്‍ താങ്ങു വില – മിനിമം സപ്പോര്‍ട്ട് പ്രൈസ്. ഉത്തരേന്ത്യയില്‍ എം.എസ്.പി എന്ന് പറഞ്ഞാല്‍ അറിയാത്ത മനുഷ്യരില്ല. എം.എസ്.പി കിട്ടുന്നത് കണക്കുകൂട്ടിയാണ് കടം വാങ്ങുന്നത്, വിത്തിറക്കുന്നത്. എം.എസ്.പി കിട്ടിയില്ലെങ്കില്‍ തീര്‍ന്നു, ആത്മഹത്യയാണ് മുമ്പില്‍.മണ്ടിക്കാര്‍ ഇങ്ങനെ വാങ്ങി കൂട്ടുന്ന അരിയും ഗോതമ്പുമൊക്കെ എഫ്.സി.ഐ വാങ്ങും, വാങ്ങണമെന്ന് നിര്‍ബന്ധമാണ്. രാജ്പുരി മണ്ടിയുടെ തൊട്ടടുത്ത് ഗുഡ്‌സ് ട്രെയിന്‍ വരും.

ഗുഡ്‌സ് ട്രെയിന്‍ ഇപ്പോള്‍ ഇന്ത്യന്‍ റയില്‍വെയുടേത് ആണ്. അതും ‘നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖല സ്ഥാപനമാണ്’, അപ്പൊ പിന്നെ പറയേണ്ടതില്ലല്ലോ, അടുത്ത് തന്നെ ഗുഡ്‌സ് ട്രെയിന്‍ ഓടിക്കാനുള്ള കരാര്‍ അദാനി-റെയില്‍ കോര്‍പറേഷന് കൊടുക്കും. ഓപ്പണ്‍ മാര്‍ക്കറ്റാണ്, ക്യാപിറ്റലിസം ആണ്, മറക്കാന്‍ പാടില്ല.അങ്ങനെ രാജ്പുരിയില്‍ നിന്ന് കയറ്റിയ അരിയും കൊണ്ട് ഗുഡ്‌സ് ട്രെയിന്‍ ഒന്നൊന്നരമാസം ഓടിയോടി തിക്കോടി ഗോഡൗണില്‍ എത്തും. അവിടുന്നാണ് നമ്മുടെ റേഷന്‍ കടക്കാരന്‍ രാമകൃഷ്ണന്‍ അരിയെടുക്കുന്നത്. ആ അരിയാണ് ബി.പി.എല്‍കാര്‍ക്കും എ.പി.എല്‍കാര്‍ക്കുമൊക്കെ റേഷന്‍ കടയില്‍ നിന്നു കൊടുക്കുന്നത്.

അവിടുന്നാണ് കൊറോണ വരുമ്പോള്‍ മനുഷ്യര്‍ പട്ടിണി കിടക്കാതിരിക്കാന്‍ അരി എത്തിക്കുന്നത്.അങ്ങനെയിരിക്കെ അതാ വരുന്നു പാര്‍ലമെന്റില്‍ ബില്ലുകള്‍, കൃഷി ബില്ല്, തൊഴില്‍ ബില്ല്, സ്വകാര്യ മണ്ടി ബില്ല്, എം.എസ്.പി ഇല്ലാതാക്കല്‍ ബില്ല്, സ്വകാര്യ റെയില്‍വേ ബില്ല്, സ്വകാര്യ ഗോഡൗണ്‍ ബില്ല്, കോണ്‍ട്രാക്ട് ഫാര്‍മിംഗ് ബില്ല്, കോര്‍പ്പറേറ്റ് ഫാര്‍മിംഗ് ബില്ല് – ചറപറാ ബില്ലുകള്‍. കര്‍ഷകരുടെ ബഹളം നടുറോട്ടില്‍, ന്യൂ-ജെന്‍ ക്യാപിറ്റലിസ്റ്റുകളുടെ ആഹ്ലാദ പ്രകടനം ഇന്റര്‍നെറ്റില്‍, പാര്‍ലമെന്റില്‍ അടിപിടി, അങ്ങനെ ആകെ ജഗപൊക.ഒരു സീസണ്‍ കൂടെ കഴിഞ്ഞു, വിളവെടുപ്പ് കാലം വന്നു. ഗുല്‍ബീന്ദര്‍ സിങ് സമരം ചെയ്തു തളര്‍ന്നു.

നാലു ഗുല്‍ബീന്ദര്‍ സിങ്ങുമാര്‍ സമരം ചെയ്താല്‍ തോല്‍ക്കുന്നവരാണോ അമ്പത്താറു ഇഞ്ചുകാര്‍. തെളിച്ച വഴിയില്‍ പോവാത്തത് കൊണ്ട് പോയവഴിവില്‍ തെളിക്കാമെന്ന് ഗുല്‍ബീന്ദര്‍ സിങ്ങും വിചാരിച്ചു.അങ്ങനെ ട്രാക്ടറുകളില്‍ അരിയുമായി ഗുല്‍ബീന്ദര്‍ സിങ്ങും ഗുര്‍കിരണ്‍ കൗറും രാജ്പുരിയിലേക്ക് പുറപ്പെട്ടു. മിനിമം അഞ്ചാറു മണ്ടിയെങ്കിലും ഉണ്ടാകും രാജ്പുരിയില്‍, ഗുല്‍ബീന്ദര്‍ സിങ് ഭാര്യയോട് പറഞ്ഞു. ഓപ്പണ്‍ മാര്‍ക്കറ്റാണ്, ക്യാപിറ്റലിസമാണ്, നമുക്ക് എല്ലാവരോടും വിലപേശി തകര്‍ക്കണം. ഒരു കാറ് വാങ്ങണം, ഫ്രിഡ്ജ്, എ.സി – നമുക്കങ്ങു സുഖിക്കണം.രാജ്പുരിയിലെത്തിയപ്പോള്‍ ഗുല്‍ബീന്ദര്‍ സിങ് കണ്ടത് ആകെ ഒരു മണ്ടി – അദാനി അഗ്രി കോര്‍പ്.

എവിടെ ഓപ്പണ്‍ മാര്‍ക്കറ്റ്, എവിടെ ക്യാപിറ്റലിസം. പുതിയ മണ്ടി നടത്തിപ്പുകാരന്‍, കോട്ടിട്ടു ടൈ കെട്ടിയ ഒരു ചെറുപ്പക്കാരന്‍, ഗുല്‍ബീന്ദര്‍ സിങ്ങിനും ഭാര്യക്കും ചിക്കു ഷെയ്ക്കും ചിക്കന്‍ പപ്‌സും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ നമുക്ക് വിലപേശല്‍ തുടങ്ങുകയല്ലേ, ഗുല്‍ബീന്ദര്‍ സിങ് ചെറുപ്പക്കാരനോട് ചോദിച്ചു. എന്ത് വിലപേശല്‍, ഇവിടെ ഫിക്‌സഡ് പ്രൈസാണ് സര്‍, ഇതാണ് പ്രൈസ് ലിസ്റ്റ്. അപ്പൊ ഓപ്പണ്‍ മാര്‍ക്കറ്റ്, ക്യാപിറ്റലിസം, വിലപേശല്‍ – ഗുര്‍കിരണ്‍ കൗര്‍ അമ്പരന്നു.അദാനി അഗ്രി കോര്‍പുകാരന്‍ പറഞ്ഞ വില എം.എസ്.പിയുടെ പകുതിയായതിനാല്‍ ഗുല്‍ബീന്ദര്‍ സിങ് അവിടുന്നിറങ്ങി, പണ്ടത്തെ മണ്ടിയിലെത്തി.

എഫ്.സി.ഐ വാങ്ങാത്തതിനാല്‍ ഇനി അവിടെ അരി എടുക്കുന്നില്ലെന്ന് നടത്തിപ്പുകാരന്‍ പറഞ്ഞു. ഇപ്പോള്‍ എടുത്ത അരി തന്നെ അവിടെ കെട്ടിക്കിടക്കുകയാണ്. അങ്ങനെ ഗുല്‍ബീന്ദര്‍ സിങ് തിരിച്ചു അദാനി അഗ്രി കോര്‍പ്പിലെത്തി.കിട്ടിയ വിലക്ക് അവിടെ വിറ്റു. ടൈ കെട്ടിയ ചെറുപ്പക്കാരനെ പഞ്ചാബിലെ സ്വതസിദ്ധമായ നാലഞ്ചു തെറികള്‍ വിളിച്ചു. ഞാനെന്തു ചെയ്യാനാണ് സര്‍, കോണ്‍ട്രാക്ട് ലേബറാണ്, മാസാവസാനം അയ്യായിരം രൂപ കിട്ടിയാല്‍ കിട്ടി – കോട്ടിട്ട മാനേജരുടെ കരച്ചില്‍.അങ്ങനെ രാജ്പുരിയിലെ അദാനി അഗ്രി കോര്‍പ് ശേഖരിച്ച അരി, അദാനി റെയില്‍വേ കോര്‍പറേഷന്റെ ഗുഡ്‌സ് ട്രെയിനില്‍, തിക്കോടിയിലെ അദാനി ഫുഡ് കോര്‍പറേഷന്റെ ഗോഡൗണിലേക്ക് പുറപ്പെട്ടു.

ഏകദേശം ഭോപ്പാലില്‍ എത്തിയിട്ടുണ്ടാകും, അദാനിയുടെ ഗുജറാത്ത് ഓഫീസില്‍ നിന്ന് എന്‍ജിന്‍ ഡ്രൈവര്‍ക്ക് ഒരു കാള്‍. ഗുഡ്‌സ് ട്രെയിന്‍ അദാനി പോര്‍ട്ടിലേക്ക് തിരിച്ചു വിടണം.ഓസ്ട്രേലിയലിലെ കാന്‍ബറയില്‍ നിന്ന് ആയിരം ടണ്‍ അരിയുടെ ഓര്‍ഡര്‍ ഉണ്ട്. നല്ല വിലയാണ്, കൂടാതെ അദാനി മൈനിങ് കോര്‍പറേഷന് ഓസ്ട്രേലിയയില്‍ കുറച്ചു ഡോളറിന്റെ ആവശ്യവുമുണ്ട്. പതിനായിരം രൂപ തികച്ചു ശമ്പളമില്ലാത്ത കോണ്‍ട്രാക്ട് ലേബറായ എന്‍ജിന്‍ ഡ്രൈവര്‍ ഗുഡ്‌സ് ട്രെയിന്‍ അദാനി പോര്‍ട്ടിലേക്ക് വിട്ടു, അരി കാന്‍ബെറയിലേക്ക്.റേഷന്‍ കടക്കാരന്‍ രാമകൃഷ്ണന്‍ രാവിലെ ഒരു പിക്കപ്പ് ലോറിയും വിളിച്ചു തിക്കോടി ഗോഡൗണിലേക്ക് പുറപ്പെട്ടു.

കുറെ ബി.പി.എല്‍കാര്‍ രാവിലെ തന്നെ റേഷന്‍ കടയുടെ മുമ്പില്‍ വന്നു നില്‍ക്കാന്‍ തുടങ്ങും. ഓപ്പണ്‍ മാര്‍ക്കറ്റിനെ പറ്റിയും ക്യാപിറ്റലിസത്തെ പറ്റിയും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഫ്രീലോഡര്‍സ് ആന്‍ഡ് കണ്‍ട്രി ഫെല്ലോസ്, രാമകൃഷ്ണന്‍ മനസ്സില്‍ പറഞ്ഞു. രാമകൃഷ്ണന്‍ ഒരേ സമയം സി. രവിചന്ദ്രന്‍ ഫാന്‍സിന്റെയും മോഡി ഫാന്‍സിന്റെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ മെമ്പറാണ്. കയ്യില്‍ ചരടൊക്കെയുണ്ട്.രാമകൃഷ്ണന്‍ അദാനി ഫുഡ് കോര്‍പറേഷന്‍ സ്റ്റാഫായ ബാലകൃഷ്ണനെ കണ്ടു. ഇമ്മാസവും അരി വന്നില്ല എന്ന് ബാലകൃഷ്ണന്‍ വിനയപുരസ്സരം രാമകൃഷ്ണനെ അറിയിച്ചു. ഓസ്ട്രേലിയയില്‍ നിന്നും, കാനഡയില്‍ നിന്നും, ബ്രൂണെയില്‍ നിന്നുമൊക്കെ അരിക്ക് ഓര്‍ഡര്‍ ഉണ്ട്. അരി സംഭരിക്കുന്ന മുതലാളിക്ക് അത് ഏറ്റവും വില കിട്ടുന്നിടത്ത് വില്‍ക്കാന്‍ അവകാശമുണ്ട്. അതാണ് ഓപ്പണ്‍ മാര്‍ക്കറ്റ്.രാമേട്ടന്‍ രാവിലെ കുളിച്ചു ഒരു സഞ്ചിയുമായി റേഷന്‍ കടയിലേക്ക് ഇറങ്ങി. രാമേട്ടന്‍ ബി.പി.എല്ലുകാരനാണ്.

അരി വന്നോ, രാമേട്ടന്‍ രാമകൃഷ്ണനോട് ചോദിച്ചു. രാമേട്ടനിരിക്ക്, രാമകൃഷ്ണന്‍ പറഞ്ഞു. രാമകൃഷ്ണന്റെ അച്ഛന്റെ പ്രായമുണ്ട് രാമേട്ടന്. നിങ്ങളുടെ തലമുറയില്‍ പെട്ടവര്‍ കമ്മ്യൂണിസം തലക്ക് പിടിച്ചവരാണ്, നിങ്ങള്‍ക്ക് ഫ്രീ മാര്‍ക്കറ്റ് എക്കണോമിയെ പറ്റി എത്ര പറഞ്ഞാലും മനസ്സിലാവില്ല.ചുരുക്കി പറയൂ രാമകൃഷ്ണാ.ചുരുക്കി പറഞ്ഞാല്‍ ഇനി അന്താരാഷ്ട്ര വിപണിയിലെ വില കൊടുത്തു നിങ്ങള്‍ ഇവിടെ അരി വാങ്ങണം. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയാല്‍ ഇവിടെ കൂടും, കുറഞ്ഞാല്‍ ഇവിടെയും കുറയും.നമ്മുടെ പെട്രോള്‍ വില കുറഞ്ഞ പോലെ. രണ്ടു പേരും ചിരിച്ചു. രാമകൃഷ്ണന്‍ മൊബൈലില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എടുത്തു ന്യൂയോര്‍ക്കിലെ അരിയുടെ വില കാണിച്ചു കൊടുത്തു,

കിലോക്ക് 5 ഡോളര്‍, എന്ന് പറഞ്ഞാല്‍ 350 രൂപ. രാമേട്ടന്‍ 3500 രൂപയും കൊണ്ട് 10 കിലോ അരി വാങ്ങാന്‍ തൊട്ടടുത്ത റിലൈന്‍സ് ഫ്രഷ്മാര്‍ട്ടിലേക്ക് നടന്നു.ഗുല്‍ബീന്ദര്‍ സിംഗിന്റെ വീട്ടിലേക്ക് രാവിലെ രണ്ടു കോട്ടിട്ട ചെറുപ്പക്കാര്‍ കയറി വന്നു. ഗുല്‍ബീന്ദര്‍ സിംഗിനിപ്പോള്‍ കൃഷിയില്ല. അദാനി അഗ്രി കോര്‍പ് കൊടുക്കുന്ന വില വിത്ത് വാങ്ങാന്‍ പോലും തികയാത്തത് കൊണ്ട് കൃഷി നിര്‍ത്തിയതാണ്. മക്കള്‍ ദല്‍ഹിയില്‍ അദാനി ബില്‍ഡേഴ്‌സിന്റെ സൈറ്റില്‍ വാര്‍ക്കപ്പണി ചെയ്തു നാട്ടിലേക്കയക്കുന്ന പണം കൊണ്ടാണ് ഗുല്‍ബീന്ദര്‍ സിങ്ങും ഭാര്യയും ജീവിക്കുന്നത്.കോട്ടിട്ട ചെറുപ്പക്കാര്‍ ഗുല്‍ബീന്ദര്‍ സിങ്ങിന് നല്ലൊരു ഓഫര്‍ കൊടുത്തു.

അദാനി അഗ്രി കോര്‍പ് ആ ഗ്രാമം മുഴുവന്‍ മാക് ഡൊണാള്‍ഡ്‌സിന് ഉരുളക്കിഴങ്ങുണ്ടാക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഫാര്‍മിംഗ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗുല്‍ബീന്ദര്‍ സിങ്ങിന്റെ ഭൂമി മുഴുവന്‍ അദാനിക്ക് കൊടുത്താല്‍ മാന്യമായ ഒരു വില അവരു തരും. ഗുല്‍ബീന്ദര്‍ സിങ്ങിനും ഭാര്യക്കും അവിടെ പണിയെടുത്തു ജീവിക്കുകയും ചെയ്യാം. മാന്യമായ ദിവസക്കൂലി കിട്ടും, 200 രൂപ.അന്ന് സന്ധ്യക്ക് ഗാഗര്‍-സാരായിലെ കള്ളു ഷാപ്പില്‍ നിന്ന് ആനമയക്കി അടിച്ചു വന്ന ഗുല്‍ബീന്ദര്‍ സിങ് ഭാര്യയെ നോക്കി പാടി. നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ. അത് ജന്മിത്വത്തെ തോല്‍പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പാടിയ പാട്ടല്ലേ, നമ്മളിപ്പോള്‍ ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസ്റ്റ് എക്കണോമിയല്ലേ. ഗുര്‍കിരണ്‍ കൗര്‍ ചോദിച്ചു. ഗുല്‍ബീന്ദര്‍ സിങ് സര്‍വ ശക്തിയുമെടുത്തു ഭാര്യയെ ഒരു ആട്ട് ആട്ടി.

അതിനു ശേഷം ഗുല്‍ബീന്ദര്‍ സിംഗിനെ പറ്റി ആരും കേട്ടിട്ടില്ല.അഞ്ചെട്ടു വര്‍ഷം കഴിഞ്ഞു. ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ യുങ് ഷൂ വാന്‍ എന്ന ഒരു ചൈനക്കാരന് ഭയങ്കര തുമ്മല്‍. തുമ്മല്‍ നിര്‍ത്താതായപ്പോള്‍ ഒരു ലാബില്‍ കഫം ടെസ്റ്റ് ചെയ്തു. ഇത് വരെ കണ്ടു പിടിക്കാത്ത ഒരു വൈറസാണെന്ന് മനസ്സിലായി. അയാളുടെ സമ്പര്‍ക്ക പട്ടിക എടുത്തപ്പോഴേക്ക് കുറേപേര്‍ അമേരിക്കയിലെത്തിയിട്ടുണ്ട്.സമ്പര്‍ക്കക്കാരുടെ സമ്പര്‍ക്ക പട്ടികയില്‍ കുറേപേര്‍ ഇന്ത്യയില്‍. നാട് മുഴുവന്‍ വൈറസായി. അന്നത്തെ പ്രധാനമന്ത്രി യോഗി ആദിത്യനാഥ് മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാട്ടുകാര്‍ക്കാര്‍ക്കും പണിയില്ല, പണമില്ല. പട്ടിണി ഒഴിവാക്കണമെങ്കില്‍ പത്തു കിലോ അരി വീതം നാട്ടുകാര്‍ക്ക് കൊടുക്കണം.യോഗി ആദിത്യനാഥ് ചുറ്റും നോക്കി. ഗോഡൗണ്‍ ഒന്നും സര്‍ക്കാരിന്റെ കയ്യിലില്ല. അദാനിയെ വിളിച്ചു, അരി കിട്ടിയില്ല. മണ്ടി ഉണ്ടോ എന്ന് നോക്കി. ഇല്ല. ഗുല്‍ബീന്ദര്‍ സിങ് എവിടെ, റേഷന്‍കട എവിടെ, രാമകൃഷ്ണന്‍ എവിടെ. കഥ കഴിഞ്ഞു. “✍️ Krishna Kumar (ഫത്താഹ് മുള്ളൂർക്കര)

By ivayana