ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്ര ശംഖുമുഖം വഴിയാണ്. പഴയ ശംഖുമുഖത്തിന്റെ ഒരു ശ്മശാന ഭൂമി എന്നു വേണം ഇപ്പോൾ ഇവിടം കാണുമ്പോൾ തോന്നുക. എട്ടുവയസ്സുള്ളപ്പോൾ ആദ്യമായി കണ്ട ശാലീന സുന്ദരമായ പ്രകൃതി കനിഞ്ഞരുളിയ കടൽത്തീരമല്ലിത്, പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ മനുഷ്യരുടെ വികലമായ ഭാവനകളാൽ വികൃതമാക്കപ്പെട്ട ഒരു സ്ഥലം.ഇക്കഴിഞ്ഞ മഴക്കാലത്ത് കടൽ ക്ഷോഭത്താൽ സന്ദർശകർക്കായി കെട്ടിയിട്ടിരുന്ന ഇരിപ്പിടങ്ങളും, എന്തിന് എയർപോർട്ടിലോട്ടു പോകുന്ന രണ്ടു വരി പാതയിലെ ഒരു റോഡും പൂർണ്ണമായി കടലെടു – ത്തു കഴിഞ്ഞു.

ബീച്ച് ,പൂർണ്ണമായിഅടച്ചിരിക്കുകയാണ്.സന്ദർശകർക്ക് വിലക്കുകളും ഏർപ്പെടുത്തിക്കഴിഞ്ഞു. ഒരുനീണ്ടവേലികെട്ടിത്തിരിച്ചിരിക്കുകയാണ്. വേലിക്കരികിൽ നിന്നാൽ കടലു കാണാം.കടൽ എന്നും എന്റെ ഒരു ബലഹീനതയാണ്. കോ വിഡ് കാരണം ഒരിടത്തും പോകാറുമില്ല.”ചേട്ടാ വണ്ടി ഒന്നു നിറുത്താമോ? എനിക്ക് കടൽ കാണണം, അതിരു തിരിച്ചിരിക്കുന്ന ആ വേലിക്കരികിൽ നിറുത്തിയാൽ മതി.” കാറിൽ നിന്നും മെല്ലെയിറങ്ങി, വേലിക്കരികിൽ നിന്ന് ലാസ്യഭാവത്തിൽ ശാന്തമായി തിരയെ പുണരുന്ന അറബിക്കടലിലേയ്ക്ക് നോക്കി നിന്നു.എല്ലാം ഉള്ളിലൊതുക്കി നിസ്സംഗതയോടെ ഒന്നു മറിയാത്ത ഭാവത്തിൽ അലസമായി പരന്നു കിടക്കുന്ന പ്രകൃതിയിലെ ഒരു നിതാന്ത സത്യം…മനസ്സ് ശൂന്യമാണ്, ഒരു മരവിപ്പ് .

മോനും കുടുംബവും ഏകദേശം രണ്ടു മാസക്കാലം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇന്ന് അവർ മടങ്ങിപ്പോയി, അവരെ യാത്ര അയച്ചിട്ടു വരുന്ന വഴിയാണ്.കഴിഞ്ഞ മൂന്നു വർഷം പഠിത്തം കാരണം മോന് വീട്ടിൽ വളരെക്കുറച്ചു ദിവസങ്ങളാണ് താമസിക്കുവാൻ സാധിച്ചിട്ടുളളത്. കോവിഡ് കാരണം ഈ വർഷം നേരത്തെ വരാനും സാധിച്ചില്ല.ഞങ്ങൾ മാതാപിതാക്കന്മാർക്ക് ഏറെ സന്തോഷംതോന്നിയ ദിവസങ്ങൾ, എന്നിലെ അമ്മ ഏറ്റവും കർമ്മനിരതയായ ദിനങ്ങൾ. മക്കൾക്ക് ഇഷ്ടപ്പെട്ടആഹാരങ്ങൾ വച്ചു വിളമ്പി ആനന്ദിച്ചു. പാചകം എനിക്ക് ഏറെ ഇഷ്ടമാണ്, മക്കൾഎത്തിയപ്പോൾഎന്നിലെ പാചകക്കാരിയുടെ ഉത്സാഹം കണ്ടു് സ്വയം അതിശയം തോന്നി.ശാരീരികമായ ബലഹീനകൾ വകവെച്ചില്ല. മക്കൾക്ക് ഇഷ്ടമുള്ള വകകളെല്ലാം ഉണ്ടാക്കി അവർ സന്തോഷമായി കഴിക്കുന്നതു കണ്ട് നിർവൃതിയടഞ്ഞു.

ഇനിയും ഇതു പോലെ ഒരു അവസരം കിട്ടിയില്ലെങ്കിലോ?മോന്റെ PG യുടെ റിസൽട്ട് ഇവിടെ വച്ചാണ് അറിഞ്ഞത്. ‘സ്വപ്നത്തുരുത്തിന് ഒരു തൂവൽ കൂടി.’ എല്ലാം ദൈവകൃപ മാത്രം. ഞങ്ങളുടെ ആദ്യത്തെ കണ്മണി ‘നിഷമോളും കുട്ടികളും’ കൂടെ ഇല്ലാതെ പോയല്ലോ എന്നവിഷമം ഇടക്കിടക്ക് അലട്ടിക്കൊണ്ടിരുന്നു. കൊവിഡ് എന്ന ചെറു വില്ലൻ കുവൈറ്റിൽ നിന്നും അവരുടെ വരവിനെ ഇപ്രാവശ്യം തടഞ്ഞു.അടുത്ത വർഷം മോളും കുടുംബവും എത്തും ഇതുപോലെ അവരും ഞങ്ങൾക്കൊപ്പം വന്ന് കുറച്ചു ദിവസം താമസിക്കും എന്ന് പ്രത്യാശിക്കു കയാണ്.’ഭൂമിയിലെ സ്വർഗ്ഗമാണ് ‘കുടുംബം.’. അതിനെ സ്വർഗ്ഗമായി നിലനിറുത്തുന്നതിൽ കുടുംബത്തിലെ ഏവരും കടപ്പെട്ടിരിക്കുന്നു.

ഇപ്പോഴത്തെ കുട്ടികൾക്ക് അവരുടെ ജീവിതം എങ്ങിനെ ആവണമെന്ന് സ്വയം തീരുമാനിക്കാ നറിയാം. മാതാപിതാക്കന്മാരുടെ പഴങ്കഥകൾ എത്രത്തോളം ഇഷ്ടപ്പെടുമെന്നും പറയാൻ വയ്യ.അധികം അവരുടെ കാര്യങ്ങളിൽ ഇടപെടാതിരി -ക്കുകയാണ് നല്ലത്. എങ്കിലും നമ്മുടെ അനുഭവ പാഠങ്ങൾക്ക് അവർ ചെവി കൊടുക്കും, പുറമേ അധികം പ്രകടിപ്പിച്ചില്ലെങ്കിലും ഉത്തരവാദിത്തത്തോടെ മാതാപിതാക്കന്മാരുടെ ആവശ്യങ്ങൾ അറിഞ്ഞ് അവർ പ്രവൃത്തിക്കും.എന്റെ ജീവിതത്തിലെ ഒരു സ്വപ്നം മക്കളുടെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയോടെസഫലമാവുകയാണ്. അതൊരു സസ്പെൻസായിതല്ക്കാലമിരിക്കട്ടെ, സമയമാകുമ്പോൾ പറയാം.

പാചകം ഒരു കലയാണെന്നും, ഭർത്താവിന്റെ ഹൃദയത്തിലോട്ടുള്ള വഴി നല്ല ഭക്ഷണം വച്ചു വിളമ്പി ക്കൊടുക്കുന്നതിലൂടെ ജ്വലിക്കുമെന്നും ഇന്നത്തെപെൺകുട്ടികൾമനസ്സിലാക്കിയിരുന്നെങ്കിൽ! എത്ര വിദ്യാഭ്യാസം നേടിയവരാണെങ്കിലും പാചകം അറിഞ്ഞിരിക്കുന്നത് ഒരു ബഹുമതി തന്നെയാണ്.ഒരു വീടിന്റെ ഐശ്വര്യം സ്ത്രീയിലൂടെയാണ് നിലനില്ക്കുന്നത്. അടുക്കളയിൽ എന്നെ സഹായിക്കാനെത്തുമ്പോൾ മരുമകളോട് ഇതുപോലെയെല്ലാം പറഞ്ഞു കൊടുക്കാറുണ്ട്.ജോലിക്കാർ വീട്ടിൽ ഉണ്ടെങ്കിലും അവരെ നിയന്ത്രിക്കണമെങ്കിൽ നമുക്കും പണികൾ അറിയണം. പ്രത്യേകിച്ചും അടുക്കളക്കാര്യങ്ങളിൽ.

മൂന്നുവയസ്സുകാരി മുത്ത് എന്ന് ഞാൻ ഓമന പേരിട്ടു വിളിക്കുന്ന ‘ആരഭി ‘ ഞങ്ങളുടെ ദിനങ്ങൾസ്വർഗ്ഗീയമാക്കി, ഓമനക്കുഞ്ഞിനോടൊത്തു സമയം ചിലവഴിക്കുമ്പോൾ ചേട്ടന്റെ മുഖത്തെ നിർവൃതി ഞാൻ നോക്കി നില്ക്കാറുണ്ടായിരുന്നു.സംസാരിച്ചു തുടങ്ങുന്ന മുത്തിന്റെ പാട്ടുകളും, വർത്തമാനങ്ങളും എത്ര രസകരമാണെന്നോ!വല്ലപ്പോഴും പുറത്ത് ഞങ്ങൾ പോകുമ്പോൾ കുഞ്ഞു മുഖത്ത് മാസ്ക്ക് ധരിക്കാൻ അവൾ ഒട്ടും മടി കാട്ടാറില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് കുഞ്ഞുങ്ങളും സുരക്ഷാപാഠങ്ങൾ ഉൾക്കൊ ക്കൊള്ളുന്നു.ഒരിക്കൽ ട്രിവാൻഡ്രം മാളിൽ പോയപ്പോൾ എസ്ക്കേലേറ്ററിനടുത്ത് ഞാൻ പരുങ്ങി നിന്നു. അതിൽ കയറാൻ സത്യത്തിൽ ഇപ്പോഴും എനിക്ക്പേടിയാണ്.

പക്ഷേ… മുത്ത് ഒരു ഭയവും കൂടാതെഅവളുടെ അച്ഛന്റെ കരങ്ങളിൽ പിടിച്ച് ധൈര്യത്തോടെ ഒരു പേടിയും കൂടാതെ മുകളിലും താഴെയും പൊയ്ക്കൊണ്ടിരുന്നു. ജനിച്ചു വളരുന്നസാഹചര്യത്തിനനുസരിച്ച് കുഞ്ഞുങ്ങൾ ഉൾക്കൊള്ളേണ്ടവകൾ ഉൾക്കൊള്ളും.എയർപോർട്ടിലേക്ക് പുറപ്പെടും മുൻപു് പ്രാർത്ഥിച്ച് യാത്രയാക്കുമ്പോൾ കണ്ണുകൾ സജലങ്ങളായികെട്ടിപ്പിടിച്ച് നിറുകയിൽ ഉമ്മ വെയ്ക്കുമ്പോൾ മനസ്സ് ഒന്നു പിടഞ്ഞുവോ?

“ഇല്ല,ഞാൻകരയുകയില്ല”എല്ലാറ്റിനുംസാക്ഷിയായി അവർക്കൊപ്പമുണ്ട്, ഇതുവരെ നടത്തിയവൻ ഇനിയും വഴി നടത്തും. പിന്നെ എന്തിനു വിലപിക്കണം?. മക്കൾക്കായി അവർക്ക് നന്മ വരുത്തണമേയെന്ന് പ്രാർത്ഥിക്കാം.കാറിൽ കയറും മുൻപ് ഫോട്ടോകൾ എടുത്തു. മുത്തിന് – അവളുടെ അപ്പൂപ്പൻ കെട്ടിക്കൊടുത്ത ഊഞ്ഞാൽ നിശ്ശബ്ദ സാക്ഷിയായി നിലകൊണ്ടു. അമ്മിണി പൂച്ച ചെടികൾക്കിടയിലിരുന്ന് സാകൂതംഎല്ലാം വീക്ഷിക്കുന്നുണ്ട്.യാത്രാ മദ്ധ്യേ അധികമാരും സംസാരിച്ചില്ല.മുത്തും നിശ്ശബ്ദയായി കാണപ്പെട്ടു.

എയർപോർട്ടിലെത്തിട്രോളിയിൽ ലെഗേജുകൾഎടുത്തുവച്ചു.പേരക്കുട്ടിയെ പിരിയുവാൻ ഏറെ വിഷമം തോന്നി, പക്ഷേ… മിടുക്കിയായി അവളുടെ അച്ഛനുമമ്മയ്ക്കുമൊപ്പം അവൾ എയർപോർട്ടിനുള്ളിലേക്ക് കയറി,കുഞ്ഞി കൈകൾ വീശി ഞങ്ങളോട് യാത്ര പറഞ്ഞു.നീലക്കടലേ…നിന്നെ നോക്കി നില്ക്കുമ്പോൾ മനസ്സിലൂടെ എത്രയോ സുന്ദരമായ ഓർമ്മകളാണ്അണിനിരന്നത്!ശംഖുമുഖമേ ! എന്നാണ് വീണ്ടും നിന്റെ പ്രതാപകാലം വീണ്ടെടുക്കുക. പ്രകൃതിയെ നോവിച്ച് പരിഷ്ക്കാരങ്ങൾ അടിച്ചേല്പിച്ചാൽ നിനക്ക് ഇഷ്ടമാകുമോ?പുതിയ ബീച്ച് സുന്ദരമായി പണിയട്ടെ, അന്ന് വീണ്ടും വരാം. പെട്ടെന്ന് ഒരു തിര വന്ന് കരയെ ആഞ്ഞു പുണർന്നു, എനിക്ക് യാത്രാ മംഗളം നേരുന്നതു പോലെ.

വീണ്ടും കാറിലേക്ക് കയറുമ്പോൾ, ചേട്ടൻ ഒരു ചെറു ചിരിയോടെ മുഖത്തേക്കു നോക്കി. കാർ മെല്ലെ ഓടികൊണ്ടിരിക്കുമ്പോൾ ഒരു ചോദ്യം നിനക്ക് ഏത് ഐസ്ക്രീമാണ് വേണ്ടത്, ? ബട്ടർ സ്ക്കോച്ച് ആയാലോ?ഈ,സ്നേഹത്തിനു മുന്നിൽ ഞാനെന്തു പറയാനാണ്!കാറു നിറുത്തി, റോഡരികിലെ കച്ചവടക്കാരനിൽനിന്നും ഐസ് ക്രീം വാങ്ങി, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്പമായ മത്സ്യകന്യകയുടെ ശില്പ ചാരുത ആസ്വദിച്ചു കൊണ്ട് ഐസ് ക്രീം നുണഞ്ഞു. നല്ല ചുടാണ് അപ്പോൾ തണുത്ത പദാർത്ഥങ്ങൾ കഴിക്കുമ്പോൾ ആശ്വാസം തോന്നി.മാസ്ക്കിൽ നിന്നും കുറച്ചു നേരത്തേക്ക് മോചനവും. പറക്കമുറ്റിയാൽ കുഞ്ഞുങ്ങൾ സ്വതന്ത്രമായിപറക്കട്ടെ, അമ്മക്കിളി സ്വയം സാന്ത്വനം തേടുകയായി.

By ivayana