സ്ഥാനാർഥി വളരെ സ്നേഹത്തോടെ, ആദരവോടെ അന്നമ്മ ചേടത്തിയോട് പറഞ്ഞു. “അമ്മച്ചി രാവിലെ എട്ടുമണിക്ക് ഞാൻ ബൂത്തിലേക്ക് പോകാൻ താഴെ ആ പ്ലാവിൻ ചുവട്ടിൽ വണ്ടി റെഡിയാക്കി നിർത്തും.

അമ്മച്ചി ഈ നീരുവച്ച കാലുമായി അത്രയും ദൂരം നടക്കേണ്ട. “ഓ എത്ര സ്നേഹമുള്ള പയ്യൻ. ഞാൻ എന്തായാലും ഈ കൊച്ചനെ കുത്തത്തുളൂ.. അന്നമ്മ ചേടത്തി മനസ്സിൽ പറഞ്ഞു.. അങ്ങനെ ആ സുദിനം വന്നെത്തി. കാലത്ത് എട്ട്മണിക്കുതന്നെ അന്നമ്മ ചേടത്തി തയ്യാറായി താഴെ റോഡരികിലെ പ്ലാവിൻചുവട്ടിൽ എത്തി.

പറഞ്ഞതുപോലെ ജീപ്പിൽ നിറഞ്ഞ പുഞ്ചിരിയുമായി ചെറുപ്പക്കാർ.. നേതാവല്ല അണികൾ.. പക്ഷേ എന്തൊരു സ്നേഹം ഭവ്യത.. പിള്ളേരായാൽ ഇങ്ങനെ വേണം. അന്നമ്മച്ചേടത്തിക്കു അഭിമാനം തോന്നി.

ജീപ്പിൽ കാലു തൂക്കിയിട്ട് ഇരുന്നിട്ട് ചെറിയ വേദന.. അപ്പോൾ നടന്നു പോയിരുന്നെങ്കിലോ.. അന്നമ്മചേടത്തി കൃതാര്ഥതയോടെ ചെറുപ്പക്കാരെ നോക്കി.

ബൂത്തിന് കുറച്ചു മാറി ജീപ്പ് നിർത്തി ചെറുപ്പക്കാർ പറഞ്ഞു.. അമ്മച്ചി ഇനി അങ്ങോട്ട്‌ പൊക്കോ.. നമ്മുടെ ചിഹ്നം മറക്കല്ലേ… സുക്ഷിച്ചു നടക്കണം.. കാലിനു നീരുള്ളതാ…. അന്നമ്മ ചേടത്തി ക്യൂ നിന്നു.. വോട്ടു ചെയ്തു.

തിരിച്ചു വീട്ടിലേക്കു പോകാൻ ജീപ്പ് നോക്കി നിന്നു കണ്ണും, കാലും കഴച്ചു.. ജീപ്പ് ആളുകളുമായി വരുന്നുണ്ട്.. തന്നെ കണ്ട ഭാവം നടിക്കുന്നില്ല..

അവർ വേറെ വഴി വരുന്നു പുതിയ വോട്ടർമാരുമായി.. വേറെ വഴിക്കു പോകുന്നു വേറെ വോട്ടർമാരെ തേടി.

നീരുവച്ച കാലുമായി തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾതന്റെ വോട്ടു നേടിയ നേതാവിനെ അന്നമ്മ ചേടത്തി കൃതജ്ഞതയോടെ സ്മരിച്ചു.

By ivayana