‘Thappad’ കണ്ട് അക്ഷരാർദ്ധത്തിൽ കുറേ നേരം കരഞ്ഞു പോയെന്ന് പെൺസുഹൃത്ത് പറഞ്ഞപ്പോഴാണ് ഇതേപ്പറ്റി ആലോചിച്ചത്.
“Boys dont cry” എന്ന് പറയാറില്ലെ. അതുകൊണ്ടുതന്നെ ആണുങ്ങളോടായിരുന്നു ചോദ്യം.
സാഹചര്യം നോക്കി കണ്ണുനീർ മറച്ചു പിടിക്കാം എന്നല്ലാതെ കരയുന്നത് ബലഹീനതയായി തോന്നേണ്ട കാര്യമുണ്ടോ?
ഞാൻ നല്ല അസ്സലായി സിനിമ കണ്ട്, അതിലെ രഗങ്ങൾ കണ്ട് ചിരിക്കുകയും പേടിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന ആളാണ്. പല ആൺ സുഹൃത്തുക്കളോടും ഇതേപ്പറ്റി ചോദിച്ചപ്പോൾ സമാന മറുപടിതന്നെയാണ് കിട്ടിയത്.
ആകാശ ദൂത് കണ്ട് കരഞ്ഞതു മുതൽ എക്സൈറ്റ്മെൻറും സന്തോഷവും ഒക്കെ കാരണം കണ്ണു നിറഞ്ഞവർ വരെ.
എഴുത്തുകാരൻ അബിൻ ജോസഫിനെ കണ്ണു നിറയിച്ച സീനാണ് ചുവടെ ലൈഫ്ഈസ് ബ്യൂട്ടിഫുളിലെ മനോഹര സീൻ. നാസി തടങ്കലിലെ ജൂതനായ അച്ഛനെ വെടിവെച്ച് കൊല്ലാൻ കൊണ്ടു പോകുന്നത് ചെറു ദ്വാരത്തിലൂടെ കാണുന്ന മകൻ. ആ സമയവും മകനെ ചിരിപ്പിക്കാൻ ഒരു കണ്ണടച്ച് ചിരിപ്പിക്കുകയും പട്ടാളക്കാരെ പോലെ നടന്ന് കാണിക്കുകയും ചെയ്യുന്ന അച്ഛൻ. ഒടുവിൽ ഒരു മറവിൽ കൊണ്ടുപോയി വെടിയുതിർക്കുമ്പോൾ കാഴചക്കാരന്റെ ഹൃദയത്തിൽ തുരുതുരാ തുളവീഴുന്ന ഒരു വേദനയുണ്ട്. കണ്ണു നിറച്ച് നെഞ്ച് പൊളിയുന്ന ഒന്നാന്തരം വേദന. ഇതേ രംഗം തന്നെയാണ് മാധ്യമ പ്രവർത്തകനായ അരുൺ ഗോപിയുടെയും കണ്ണ് നിറച്ച സീൻ.
മറ്റൊരു സുഹൃത്തായ താജുവിനെ കണ്ണ് നിറച്ചത് ഉദയനാണ് താരത്തിലെ സലിം കുമാർ തന്റെ അഭിനയം സ്ക്രീനിൽ കണ്ട് ഞെളിഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണത്രേ വാത്സല്യം കണ്ട് കണ്ണ് നിറഞ്ഞ ഷെഫീക്കും കൃഷ്ണമോഹനും,പികെയിലെ അവസാന സീൻ കണ്ട് കണ്ണ് നിറഞ്ഞ അലീക്ക,കൂടെ കണ്ട് കണ്ണു നിറച്ച നിഖിൽ, ചിത്രം കണ്ട് കണ്ണു നിറച്ച പ്രവീൺ. ഹാച്ചി സിനിമയിലെ പട്ടിയെ കണ്ട് കണ്ണ് നിറച്ച നടൻ ധനീഷ്. അങ്ങനെ അങ്ങനെ സിനിമാ കൊട്ടകയിൽ ഇരുട്ടത്തിരുന്ന് കണ്ണ് നിറയ്ക്കുന്ന കുറേ ആണുങ്ങളുണ്ട്.
നിങ്ങൾ സിനിമ കണ്ട് കരയുന്നവരാണെങ്കിൽ വൈകാരികമായി ആളുകൾക്കിടയിൽ നിങ്ങൾ ബലവാനാണത്രേ.കുന്നിക്കുരു പോലുള്ള പീറ്റ്യൂട്ടറി ഗ്രന്ഥി തരുന്ന ലൌ ഹോർമോൺ ആളുകളെ ഇങ്ങനെ സ്നേഹത്തോടെ ചേർത്ത് നിർത്താൻ ഇടക്കൊക്കെ പണി തരുന്നതാണത്. നമുക്ക് നമ്മുടെ ജീവിതവുമായി ചേർത്ത് നിർത്താൻ പറ്റുന്ന സീനുകളാണ് കൂടുതൽ കണ്ണു നിറയ്ക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സിനിമ കണ്ട് കണ്ണ് നിറക്കുന്നവരേ നിങ്ങൾ നല്ല മനുഷ്യൻമാരാണ്. ഇടം വലം നോക്കാതെ ധൈര്യമായി കണ്ണു നിറച്ചോളു.boys will also cry. ❤️

By ivayana