ശ്രീ Ben Magiclens വരച്ച അതിമനോഹരമായ പാറക്കല്ലിന്മേൽ ധ്യാനനിരതനായിരിക്കുന്ന പുണ്യവാനായ മനുഷ്യന്റെ ചിത്രം, അദ്ദേഹം തന്റെ ലൗകികസുഖങ്ങൾ വെടിഞ്ഞു അജ്ഞാതമായ ജ്ഞാനത്തെ തിരയുകയാണ്.

ഗൃഹസ്ഥാശ്രമം വെടിഞ്ഞു പ്രകൃതി , നീയുമീ
നന്മയാമക്ഷരങ്ങളുരുക്കഴിച്ചില്ലീതേവരെ
മാതൃ,പിതൃ കണ്ണികൾ ഖണ്ഡി,ച്ചേവം
വെടിഞ്ഞീയുഗ ജീവിതചര്യയീ വേളയിൽ .

മുണ്ഡനം ചെയ്തൊരുശിരസ്സും കേവല-
മുടുത്തൊരു കാവിയോ സ്വന്തമായ് .
ബന്ധിച്ചുനിന്നൊരാ ചിത്തവും മേനിയും
വെവ്വേറെയെന്നതോ തത്വമായറിയവേ .

അറിയുന്നു തത്വങ്ങളാത്മീയ ജ്ഞാനമായ്
പ്രഭാവലയങ്ങൾ തിങ്ങുമീ ശാന്തമാം
പുൽമൈതാനിയിൽ പ്രതിഷ്ഠിതമാമൊരു
പ്രപഞ്ചജ്ഞാനത്തിൻ പ്രഭാവലയത്തിൽ .

പാറക്കെട്ടുകളണിഞ്ഞൊരുങ്ങി നിൽപ്പൂ-
യീയുഗപുരുഷനെ തന്നിൽ പ്രതിഷ്ഠിപ്പാൻ
പച്ചിലച്ചാർത്തൊരുക്കിയൊരു മെത്തയിൽ
ധ്യാനിച്ചീടുകയാണിന്നാകാഷായവസ്ത്രധാരി .

ആത്മാന്വഷണം പര്യാപ്‌തമല്ലയോ
ചിന്താമണ്ഡലമനന്തമായീടവേ
ആരാണ് താനെന്നും തന്നുടെ
ജീവന,തെന്തെന്നും തിരയുകയാണിന്നു
പഞ്ചേന്ദ്രിയങ്ങളാൽ .

നിർവികാരമായൊരു ചിത്തമത്‌
കീഴടക്കീടുന്നിന്ദ്രിയങ്ങളും
പാറക്കെട്ടുമീ,പച്ചിലച്ചാർത്തുമേവം
സ്വർണ്ണവിഭൂഷണങ്ങൾ കാണുന്നൊന്നെന്ന-
മട്ടിൽ വിളിച്ചീടണമൊരു നാമം ‘സത്യമറിഞ്ഞവൻ ‘.

ധർമാ,ർത്ഥ,കാമമോക്ഷങ്ങൾ വെടിഞ്ഞീടുകിൽ
പ്രപഞ്ചവും താനുമൊന്നെന്നു നിനക്കുന്നേവം
ദൈവീകമാമൊരു അനുഗ്രഹാശിസ്സുകൾ
സ്വീകരിച്ചീടുവാൻ പ്രാപ്ത്തനായീടവേ .

അഖിൽ മുരളി

By ivayana