അന്നെല്ലാത്തിനും
സമയമുണ്ടാരുന്നു.

ആ ഉറപ്പിലുമ്മ
ഒമ്പതിനഞ്ചു മിനിറ്റുള്ളപ്പോ
ഞങ്ങളേം കൂട്ടി
ഔസേപ്പ് മാപ്ളേന്റെ തിണ്ണേലെ
കറുത്തുനരച്ച ചിത്രഹാറിലെ
വെളുത്തുതുടുത്ത
ഹേമമാലിനിയെഇട്ടേച്ചും
പൊരേലേക്കോടും.
അകത്തുകേറി
പൊകതിന്ന 40 വാട്സ്
ഫിലമെന്റ് കത്തിയ്ക്കുമ്പോ
പൊറത്ത്
ഉപ്പാന്റെവണ്ടി
ബെല്ലടിച്ചു ചായ്പ്പിൽ കേറും

അന്നെല്ലാത്തിനും
സമയമുണ്ടാരുന്നു.

ആ ഉറപ്പിലുമ്മ
ഞങ്ങളേം കൂട്ടി
മൂന്നാംമാസം
ഞായറാഴ്ച രണ്ടുമണിയിലേക്ക്
ഔസേപ്പ് മാപ്ളേന്റെ തിണ്ണയിൽ
പണിയൊതുക്കിവെച്ചു കാത്തിരിക്കും .
പഞ്ചവടിപ്പാലം
പണിതുടങ്ങുമ്പോ
കരിയിലകൂട്ടിയിട്ട്
ഉമ്മ കടുക് താളിക്കുംപോലെ
കറുപ്പിൽ കിടന്ന് വെളുപ്പ്
തുള്ളിക്കളിക്കും.
ഔസേപ്പ് മാപ്ളേന്റ മകൻ
ഓടിന്റെടെക്കൂടി മേപ്പോട്ട്നീണ്ട
പൈപ്പ് തിരിക്കുമ്പോ
പാലംപണി കഴിഞ്ഞിട്ടുണ്ടാകും.
ഞങ്ങളൊന്ന്
നിവർന്നിരിക്കാൻ തൊടങ്ങുമ്പോ
പഞ്ചവടിപ്പാലം
കരണ്ടുപൊളിച്ചുകളയും.

ഇന്നെല്ലാം
വിരൽത്തിമ്പിലുണ്ടായപ്പോ
ഔസേപ്പ് മൊതലാളി
ആൻഡ്രോയ്ഡ് ടീവികൊണ്ട്
ചുറ്റിലും മതില് പണിതു.

സമയത്തിനുപോലും
സമയമില്ലാതായി.

പൂവങ്കോഴി
ഒരിയ്ക്കൽപോലുമുമ്മയെ
വിളിച്ചെണീപ്പിക്കാതെയായി.
ആട്ടിൻകൂട്
ചിതലെടുത്തുപോയി.
കൊടംകൊണ്ട് നിറഞ്ഞിരുന്ന
വാതുക്കലെ പൈപ്പ്
ആരോ അഴിച്ചുകൊണ്ടുപോയി.
മീങ്കാരി കൗസല്യ
വിരുന്നുപോലും വരാതെയായി…
പുല്ലുകാരിച്ചേച്ചി
പ്ലാവിലയ്ക്ക് കൂട്ടുപോയി.

എന്തിനേറെപ്പറയുന്നു,

പുഴകളെ പട്ടിണിക്കിട്ട്
കാടിനെപ്പുറത്താക്കി
റോഡിനു വീതികൂട്ടി
വലിയവീടിന്റെ കുടുസുകളിപ്പോഴും
നെടുവീർപ്പുകളുരച്ച്
സമയസൂചി
പിന്നോട്ട് കത്തിയ്ക്കുന്നു.

Warning: Undefined variable $post in /home/.sites/137/site9576960/web/wp-content/themes/newsup/inc/ansar/hooks/hook-index-main.php on line 117

By ivayana