കടൽപോലും തിളപ്പിക്കും-
കനൽവീഴ്ത്തി സൂര്യദേവൻ-
നഭസിന്റെ നടുമുറ്റത്തുദിച്ചുനിൽക്കേ,
കൊടുംതാപക്കരുത്തേറ്റ്
വയൽമണ്ണിൽ കിതപ്പോടെ
കുതിക്കുന്നുണ്ടൊരു’കാള’ചകിതനായി.
കുലം പോറ്റാൻ ഉടൽവേവും-
വെയിൽച്ചൂടിൽ തളരാതെ
കുതിക്കുന്ന കരിങ്കാളയ്ക്കുടലിലെല്ലാം
തഴമ്പുണ്ട്, വയൽമണ്ണി-
ലതിരിട്ടുതിരിക്കുവാൻ
ചളികോരിയൊരുക്കിയ വരമ്പുപോലെ.
മഴക്കാലമൊഴിഞ്ഞു, തീ-
വെയിലെങ്ങും പടർന്നിട്ടും
ജലമൊട്ടും വലിയാത്തൊരരുവിപോലെ
കുതികുത്തിയൊഴുകുന്നു-
ണ്ടനുദിനം കരിങ്കാള-
ക്കരുത്തന്റെയുടലിലെ തപിച്ചസ്വേദം
ചെറുചുട്ടിത്തുവർത്തുകൊ-
ണ്ടിടയ്ക്കിടെ വിയർപ്പൊപ്പി
നെടുതായിട്ടൊരുശ്വാസം വലിച്ചുവിട്ട്
പകപോലെ തപിപ്പിക്കും
പകലോനെയവൻ നിത്യം
മന:ക്കട്ടിക്കുടകൊണ്ട് മറച്ചുനിർത്തും.
ചളിച്ചേലിൽ ചെറുതൂമ്പ-
കനത്തോടെ പതിക്കുംപോൽ
ചുമയ്ക്കുന്ന സ്വരം കേൾക്കാം മുഴക്കമോടെ
വയൽച്ചാലിൽ തളംകെട്ടി-
ക്കിടക്കുന്ന ജലംപോലെ
മിഴിക്കോണിലിരുതുള്ളിക്കലക്കം കാണാം.
പുലർവെട്ടംപിറക്കുംമു-
മ്പെഴുന്നേറ്റ് വയൽമണ്ണിൽ
കുലംകാക്കാനവൻ നിത്യം ഗുണം പാകുന്നു,
കലിതുള്ളും കതിരോന്റെ
നിറം ചോന്ന്‌ പടിഞ്ഞാറ്
മറഞ്ഞിട്ടും അവൻ മണ്ണിൽ വിയർപ്പൂറ്റുന്നു.
കരിങ്കാളക്കരുത്തന്റെ-
കുതിപ്പേറ്റ വയൽമണ്ണിൻ-
നിറനെഞ്ചിലനുരാഗക്കതിർതിങ്ങുന്നു,
നുകം പേറി തളർന്നോന്റെ-
വിയർപ്പുപ്പ് നിറഞ്ഞൊരു-
വയൽമണ്ണ് നിറഹർഷച്ചിരിതൂകുന്നു.
തെളിവാനിൽ ശശിബിംബം-
ചിരിപ്പൂക്കളുതിർക്കുംപോൽ
വയൽക്കാളയ്ക്കകം തങ്ക ദ്യുതിനിറഞ്ഞു,
ചളിമണ്ണിൽ തപംചെയത്‌
വരംവാങ്ങി ജയിച്ചോന്റെ
അകതാരിൻ മധുപാത്രം തുളുമ്പിനിന്നു.
കതിർകൊയ്ത് കരയ്‌ക്കെത്തി-
വിയർപ്പാറ്റിയിരിക്കുന്ന
കടംതിങ്ങി നിറഞ്ഞോന്റെ കനവറുത്ത്,
വിലപേശി ചുളുവിൽ-പൊൻ-
കതിരൊക്കെ തനിയ്ക്കാക്കി-
കളംവിട്ട് കുബേരൻമാർ നിറഞ്ഞാടുന്നു.
ഇടംനെഞ്ചിൽ തുലാക്കാല-
ക്കരിമേഘപ്പടർപ്പോടെ
കരിങ്കാള വയൽനോക്കി വിറച്ചുനിൽക്കേ,
ഉണങ്ങിയ വയൽമണ്ണിൽ
ഒരുവേനൽ മഴവന്ന്
വരുംകാല വരംകാട്ടി ചിരിതൂകുന്നു.
വിതുമ്പുന്നുണ്ടകം, പക്ഷേ
കൃഷിപ്രേമം നശിക്കാതെ
കരിങ്കാള മിഴിയൊപ്പിയെഴുന്നേൽക്കുന്നു,
മുടന്തിക്കൊണ്ടവൻ വീണ്ടും
വയൽമണ്ണിലിറങ്ങുന്നു
കിതച്ചുകൊണ്ടുയിർനൽകി ഉഴുതിടുന്നു.

(പള്ളിയിൽ മണികണ്ഠൻ)

By ivayana