വന്നവഴി നീ മറന്നുപോയോ, സഖേ !
കുന്നും കുഴിയുമതു നിറഞ്ഞിരുന്നു
അന്നം തരും മണ്ണ് മറന്നിന്നു നീ
ധാടിയിൽ സൗധശില്പം പൂകിയോ ?
വന്നവഴി നീ മറന്നുപോയോ, സഖേ !
മണ്ണൊരുക്കി നീ വിത്തെറിഞ്ഞിരുന്നു
കണ്ണുകാണുവാൻ പാടില്ലാത്തവണ്ണം
തിണ്ണം കണ്ണീർകൊണ്ടു നനച്ചിരുന്നു .
ഓലമേഞ്ഞ കുടിലിൽക്കിടന്നു നീ
താരാജാലം കണ്ടു മേലേ ചെമ്മേ
മേലുമറയ്ക്കുവാൻ ഉടുതുണിക്കു മറുതുണി
പല കാലുപിടിച്ചിരന്നിരുന്നു.
ഒരുമുറി വീട്ടിലടുപ്പുകൂട്ടുവാൻ
വിറകുപെറുക്കിയ ഭിക്ഷാംദേഹി
ഉരലിലിട്ടിടിച്ച പുഞ്ചച്ചോർ വറ്റ്
കുരണ്ടിയിലിരുന്നു മോദാൽ മോന്തി നീ
എരുമയെ പൂട്ടി ഉഴുത കന്നിനിലം
കാലാപെറുക്കി കഞ്ഞിവച്ചുണ്ട നീ
വാശിക്കു കറ്റകെട്ടി തലയിൽ വച്ച-
തോർമ്മയുണ്ടോ,സഖേ!കാൽതെറ്റിവീണതും.
ചാണകംമെഴുകിയ തറയിൽ തഴപ്പായിൽ
പത്തു പതിമൂന്നു മക്കൾ കിടന്നതും
തുലാത്തിൽതൂങ്ങും തുണിതൊട്ടിലിൽ പൈതൽ
താളത്തിൽ മൂത്രമൊഴിച്ചതും മറന്നുവോ?
ചേറു കലങ്ങിയ തോട്ടിൽ ചാടിയിട്ടു-
ണ്ടയിട്ടു കുളിച്ചു, പെരണ്ടു നീ
പിണ്ടിത്തോരനുമിറ്റു വറ്റും ചേർത്തു ചോറ്റു-
പാത്രത്തിലാക്കി പൂകി പള്ളിക്കൂടം.
വന്നവഴി മറന്നുപോകാമോ , സഖേ !
കാടും മേടുമതു നിറഞ്ഞതെങ്കിലും
മണ്ണിൽ വീഴുന്ന വിത്തിനെ മറക്കാമോ
അറക്കാമോ തരു സമൂലം, സഖേ?
വന്നവഴി പാകിയ വിലാപത്തിൻ വിത്തുകൾ
വിളഞ്ഞപ്പോൾ വിരുന്നൂട്ടി ആമോദമായ്
വഴിയെല്ലാം മറയുമേ വിത്തെല്ലാം കിളുർത്തീടിൽ
ആഴിയിൽ പാകിയ വിത്തിനു തുല്യമാം.

By ivayana