ഇന്നു വെളുപ്പിനെ കണ്ട ഒരു പോസ്റ്റാണീ കുറിപ്പിനാധാരം.
, “നഷ്ടപെട്ട പ്രണയം ഒരു കവിതയും വിജയിച്ച പ്രണയം പ്രശ്നസങ്കീർണ്ണം എന്നോമറ്റോ ” ആയിരുന്നു ആ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞുടനെ ഞാൻ അടുത്തുകിടന്ന എന്റെ ഭാര്യയെ നോക്കി. എൻ്റെ മടക്കിവച്ച കൈത്തണ്ടയിൽ തലച്ചവെച്ചു ശാന്തമായി അവൾ ഉറങ്ങുകയാണ്. ഈ നിമിഷം അവളുടെ കഴുത്ത് എൻ്റെ കൈയിലാക്കി ഞാൻ അവളെ ഞെരിച്ചു കൊന്നാൽ എന്താവും സ്ഥിതി ? ഞാൻ ചിന്തിച്ചു! എനിക്കതിനു സാധിക്കും. പക്ഷെ എന്റെ ഭാര്യ എന്റെ കൈത്തണ്ടയിൽ വിശ്രമിക്കുന്നത് അവൾക്കു എന്നോടുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്.
2002 ൽ എന്നോടൊപ്പം ഇറങ്ങിവരുമ്പോൾ അവൾക്കു പ്രായം ഇരുപതിനാലും എനിക്ക് പ്രായം മുപ്പത്തിരണ്ടും ആയിരുന്നു. എനിക്ക് ശമ്പളം 3500 ഉം അവൾക്കു ശമ്പളം 1800 മാത്രമായിരുന്നു. ഞാൻ ഒരു കേരളക്കാരനും അവൾ മറാത്തിയും. രണ്ടുപേർക്കും തമ്മിൽ ആശയവിനിമയം ചെയ്യാൻ , വികാരങ്ങൾ പ്രകടമാക്കാൻ ഒരു ഭാഷപോലും പര്യാപ്തമല്ലാതിരുന്ന ആ കാലത്താണ് ഞാൻ ഏതു നാട്ടുകാരാണെന്നോ ഏതു പാരമ്പര്യമെന്നോ നോക്കാതെയുള്ള അവളുടെ വരവ്. അവൾക്കാകെ അറിയാവുന്നതു കഭീ കഭീ മൂളിപ്പാട്ടു പാടുന്ന മദ്രാസിയായ എന്നെ മാത്രം.
1999 ൽ മുംബയിൽ എത്തിയതിന്റെ നാലാം വർഷത്തിൽ ഞാൻ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരുന്നു. അതുമാത്രമായിരുന്നു ആകെയുള്ള സമ്പാദ്യം. ഇതിൻ്റെ ലോണൊക്കെ തിരികെ അടയ്ക്കുന്നനതിനാൽ പല ദിവസങ്ങളിലും ഉച്ചഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത എന്നെയാണ് അവൾ പ്രേമിച്ചു തുടങ്ങിയത്. പ്രേമം എന്നാൽ പാർക്കിൽ കറക്കമോ മുന്തിയ റെസ്റ്റോറന്റുകളിലെ ഭക്ഷണം കഴിപ്പൊ ഒന്നുമില്ലാത്ത പരസ്പരം ഇഷ്ടമാണെന്നു പറഞ്ഞുള്ള ഒരേ ഓഫിസിലെ ജോലിചെയ്യൽ മാത്രം.
ഞാൻ ഒരുപാടു പെണ്ണുകണ്ടു നാട്ടിൽ. സ്വന്ത ജാതിയിൽ നിന്നുതന്നെ കെട്ടണം എന്നാണ് 100 % ആഗ്രഹിച്ചിരുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ലീവുമായി പെണ്ണുകാണാൻ പോകുമ്പോൾ എനിക്ക് ഉയരമില്ല , തടിയും നീളവുമില്ല , സ്വന്തമായി വീടില്ല, കളറില്ല തുടങ്ങിയ ആയിരം കാരണങ്ങളാൽ ഞാൻ ഞങ്ങടെ ആൾക്കാരാലും പെണ്കുട്ടികളാലും തിരസ്കൃതനായിക്കൊണ്ടിരുന്നു. ഈവന്ന കാലത്തു പ്രൈവറ്റ് ജോലിക്കാർക്കൊക്കെ ആരാ പെണ്ണുകൊടുക്കുക;പോട്ടെ ഗൾഫിൽ ആടിനെ തീറ്റുന്ന പണിയാരുന്നെങ്കിലും പെണ്ണു കിട്ടും എന്നൊക്കെയായി ബ്രോക്കർമാരിൽ നിന്നുപോലുമുള്ള സംഭാഷണങ്ങൾ.
വിവാഹ കമ്പോളത്തിൽ എടുക്കാച്ചരക്കായി ഞാൻ 32 വയസ്സുവരെ നിന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവത്തിലാണ് അനിതയെ ഞാൻ കെട്ടുമെന്ന് പറയുന്നത്. ഓഫിസിൽ ഇവളുടെ കമ്പ്യൂട്ടർ സ്ഥിരം ഹാങ്ങ് ആകുന്ന പതിവുണ്ടായിരുന്നു. സെലറോൺ ആയിരുന്നു ആ പീ സീ. അത് കേടുവരുമ്പോഴൊക്കെ നോക്കാൻ അന്നത്തെ ഈ ഡീ പീ ഇൻചാർജ്ജ് ആയിരുന്ന ഞാൻ പോകേണ്ടിവന്നിരുന്നു. ഇത് സ്ഥിരമായി ആവർത്തിക്കുന്ന സമയത്തു ഒരു രാത്രിയിൽ കൂടെ ജോലിചെയ്യുന്ന കൗഷിക്ക് ഷാ എല്ലാവരും കാൺകെ എന്നെ കളിയാക്കി , എന്താ എപ്പോഴും അനിതയുടെ പീ സീ ഹാങ്ങ് ആകുന്നത് എന്താ അതിന്റെ രഹസ്യം എന്ന് ? അന്നത്തെ എന്റെ സ്വഭാവം വച്ച് ഞാൻ പറഞ്ഞു നിനക്കെന്താ എനിക്കവളെ ഇഷ്ടമാ , ഞാൻ അവളെ കെട്ടാൻ പോവ്വാ എന്ന്. രാത്രിയിൽ ഞാൻ ദേഷ്യത്തിൽ പറഞ്ഞ ആ കാര്യം പിറ്റേന്നു കാലത്തു അവളറിഞ്ഞു അകെ കരച്ചിലായി. ഞാൻ ചെന്ന് സോറി പറഞ്ഞിട്ടും കരയുന്ന അവളോട് ഞാൻ പറഞ്ഞു അല്ല, ഇനി അങ്ങനെ പറഞ്ഞു എന്നുതന്നെ ഇരിക്കട്ടെ , നിനക്കുണ്ടായ മാനക്കേട് മാനിച്ചു ഞാൻ നിന്നെ കെട്ടാൻ തയ്യാറാണ് നീ എന്തുപറയുന്നു ? അവൾ ഒന്നും മിണ്ടിയില്ല….
കുറെ നാളുകൾ കഴിഞ്ഞു, അവൾ എന്നെ നോക്കാതെയായി. പീ സീ കേടുവന്നാൽ ഞാൻ പോകാതെയായി. ഒടുവിൽ ഒരുദിവസ്സം പീ സീ കേടായ കാര്യം ബോസ് അറിഞ്ഞു. ഞാൻ നോക്കിയില്ലെന്നും . എന്നെ വിളിച്ചു അയാൾ ഫയർ ചെയ്തു. തലകുനിച്ചുവന്ന ഞാൻ അവളുടെ പീ സീ മാറ്റി ഒരു പീ ത്രീ പീ സീ കൊടുത്തു ശല്യമകറ്റി. പിന്നെ അവളന്നു സോറി പറഞ്ഞു…അവിടെത്തുടങ്ങിയ കഥയാണ് എന്റെ കൈത്തണ്ടയിൽ ഇപ്പോൾ ഉറങ്ങുന്ന എന്റെ മകളുടെ ‘അമ്മ….
ഞാനിതിത്രയും പറയാൻ കാര്യം , എഫ് ബീ യിലെ അറിയപ്പെടുന്ന ജാതിഭ്രാന്തനായിട്ടാണ് എന്നെ പലരും വിലയിരുത്തുന്നത്. എന്നാൽ ഹിന്ദു മാറാഠ വിഭാഗത്തിൽ പെട്ട അവളോട് ഞാൻ ഇഷ്ടമാണെന്നു പറഞ്ഞ ഉടനേ പറഞ്ഞു , നിങ്ങളുടെ ഇവിടുത്ത അംബേദ്കകറുടെ വിഭാഗമാണ് ഞങ്ങൾ കേരളത്തിൽ. അതായതു എസ സീ. അതിനാൽ നിനക്കുവേണമെങ്കിൽ ഇപ്പൊ ഈ ബന്ധം ഇവിടെ ഡ്രോപ്പ് ചെയ്യാം. തുടരുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും നമ്മൾ ജാതിപറഞ്ഞു കലഹിക്കാൻ ഇടവരരുത് എന്ന്. ഇന്നോളം ലോകത്തിനു താഴെയുള്ള പലകാര്യങ്ങളും ഞങ്ങൾ സംസാരിക്കും. പക്ഷെ ഇന്നുവരെ ഞങ്ങൾ തമ്മിൽ ജാതിപറഞ്ഞു ഒരു കലഹവും ഉണ്ടായിട്ടില്ല. അതാണ് അവളുടെ മഹിമ.
മകൾ ജനിച്ചു സ്‌കൂളിൽ ചേർത്തപ്പോൾ മകളുടെ ജാതിക്കോളം നിറക്കേണ്ട സന്ദർഭത്തിൽ ഞാൻ പറഞ്ഞു , അവളുടെ കോളത്തിൽ നിന്റെ ജാതി ചേർക്കുക എന്ന്. അവൾ പറഞ്ഞു നിന്റെ ജാതി ഇടുക , കാരണം പിതാവ് നീയാണ് എന്ന്. അപ്പോഴേക്കും കൺവെർട്ട് ആയിത്തിർന്നിരുന്ന എനിക്ക് എന്റെ ജാതി സർട്ടിഫിക്കേറ്റ് ലഭിക്കുമായിരുന്നില്ല. നാട്ടിൽ പോയി വാങ്ങിയാലും അവർ ഹിന്ദു പുലയൻ എന്ന് തരില്ല. തരുന്നത് പുലയൻ ക്രിസ്ത്യൻ എന്നാവും. അതിനുവേണ്ടി മെനെക്കെടാൻ സമയം ലഭിക്കാഞ്ഞതിനാൽ എന്റെ മകളുടെ ജാതിക്കോളം ഞങ്ങൾ നിറച്ചില്ല. സർക്കാർ രേഖയിൽ ജാതിയില്ല.
വിശ്വാസമാണ് എല്ലാം. പ്രണയിച്ചു എന്നുവച്ചു ഞങ്ങൾ കലഹിക്കാതിരുന്നിട്ടില്ല , പലപ്പോഴും ഞാൻ ലൈൻ മാറിപ്പോയിട്ടുണ്ട്. അപ്പോഴൊക്കെ തിരുത്തിയെന്നെ നേരെ നിർത്തിയവാളാണ് എന്റെ ഭാര്യ. എന്റെ കുടുംബത്തെ സ്വന്തം കുടുംബമായി കാണാൻ അവൾക്കു കഴിയുന്നുണ്ട് , അവളുടെ കുടുംബത്തെ ഞാൻ കാണാത്തിടത്തോളം അധികമായി. ഞങ്ങളുടെ സുഖത്തിലും ദുഖത്തിലും ഞങ്ങൾ മാത്രമാണ് എന്തിനും തുണ. എന്നെ വിശ്വസിച്ചു വന്നവളോടുള്ള സ്നേഹവും കടപ്പാടും വിശ്വാസവും അന്ത്യംവരെയും പുലർത്താൻ കഴിയണം എന്നാണ് എന്റെ പ്രാർത്ഥനകൾ. കാരണം അവൾക്കു ഞാനും എന്നോടുള്ള വിശ്വാസവും മാത്രമാണ് സ്വന്തം.
പ്രായമാകുന്തോറും ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു അവളുടെ ശാസനയുടെ നല്ല വശങ്ങൾ. അവളുടെ വാശിയുടെ പരിണിത പ്രയോജനങ്ങൾ. ഞങ്ങൾ ഒരുമിച്ചു തുഴയുകയാണ്.
പ്രണയ വിവാഹം എന്നത് വിജയമാകുന്നത് അതിന് പത്രമാകുന്നവരുടെ മനോഭാവംകൊണ്ടുകൂടിയാണ്. ഞങ്ങൾക്കിടയിൽ ഞങ്ങളുടെ കുടുംബങ്ങളുടെ കൈകടത്തലുകൾക്കു ഒരുസ്ഥാനവും ഞങ്ങൾ കല്പിച്ചിട്ടില്ല. അവർക്കു അല്പം ദൂരം ഞങ്ങൾ വച്ചിട്ടുണ്ട്. അതിനപ്പുറം ആരും കടന്നുകയറാൻ ഞങ്ങൾ സമ്മതിക്കില്ല. എന്നാൽ കഴിയുമ്പോലെ ഇരുകൂട്ടരെയും ഞങ്ങൾ സഹായിക്കാറും ഉണ്ട്.
പ്രണയവിവാഹം ഒരപരാധമാണ് എന്ന് പറഞ്ഞു പരത്തുന്ന മുഴുവൻ മലയാളികളും സത്യത്തിൽ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നത് താന്താങ്ങളുടെ ജാതിയുടെ പ്രിവിലേജുകൾ ആണ്. ജാതിക്കും മതത്തിനും ഭാഷക്കും അപ്പുറം ജീവിതങ്ങൾ ഉണ്ട്. അവിടെ ഞങ്ങൾക്കു ഒന്നിച്ചു പ്രാര്ത്ഥിക്കാൻ ഒരു ദൈവം ഉണ്ട്. ഞങ്ങളുടെ സങ്കടങ്ങൾ ഞങ്ങൾ അങ്ങോട്ട് പറയും. ഒരു മനുഷ്യരോടും ഒന്നും ഷെയർ ചെയ്യില്ല. കാരണം സഹതപിക്കാനോ കളിയാക്കനോ താരതരംപോലെ സമയം കിട്ടുമ്പോൾ ഉപദ്രവിക്കാനോ മാത്രമേ അവരെക്കൊണ്ടു കഴിയൂ എന്ന് ഞങ്ങൾക്ക് വ്യെക്തമായറിയാം.
നാളെ എന്താണെന്നു ആർക്കാണ് പ്രവചിക്കാൻ കഴിയുക. ഇന്നുവരെയുള്ള ജീവിതംവച്ച് എന്റെ കൈത്തണ്ടയിൽ ഉറങ്ങുന്ന അവൾക്ക് എന്നോടുള്ള വിശ്വാസത്തിന്റെ ബലം ഒട്ടും കുറയാതിരിക്കാൻ ഞാൻ നടത്തുന്ന പരിശ്രമങ്ങൾക്കു വലിയ വിലയുണ്ട്. അതിനു ഇടിവ് വന്നപ്പോഴൊക്കെ ഞാൻ എന്നെത്തന്നെ അവജ്ഞയോടെ ശാസിച്ചു നിലക്കു നിർത്താൻ ശ്രമിക്കാറുമുണ്ട്.
എന്റെ അച്ഛൻ ഒരുപാടു സ്ത്രീകളോട് ബന്ധം പുലർത്തിയിട്ടുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്റെ ജീനാണ് എനിക്കും. ആ ബലഹീനതയിൽ പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതൊക്കെ തുറന്നു പറയുന്നത് അത്രയ്ക്ക് പുണ്യവാളൻ ആയിട്ടല്ല . എന്നാൽ ഇതൊക്കെക്കൂടി പറയാതെ പോകുന്നത് ആത്മവഞ്ചനയാകും എന്നതിനാലാണ്.
പ്രണയവിവാഹം ഇതുവരെ ഞങ്ങൾക്ക് ഒരു കുഴപ്പവും വരുത്തിയിട്ടില്ല …ആദ്യം പറഞ്ഞത് ഒന്നുകൂടി പറഞ്ഞു നിർത്തട്ടെ , “പ്രണയ വിവാഹം ചതിയല്ല , അതൊരു വെല്ലുവിളിയാണ്…അത് ഏറ്റെടുക്കാനുള്ള ചങ്കൂറ്റമാണ് ആണിനും പെണ്ണിനും ആദ്യം വേണ്ടത് ” ബസ്സ്, ഇത്രമാത്രം പറഞ്ഞു നിർത്തട്ടെ…

എൻ. കെ അജിത് ആനാരി.

By ivayana