രചന:Vinod V Dev

അന്നാണ് ജോസഫുസാറുമായിട്ട് ആദ്യം സംസാരിക്കുന്നത്. വിരമിച്ച കോളേജുപ്രൊഫസ്സറാണ്. ശാസ്ത്രാധ്യാപകനാണെന്നു കേട്ടിട്ടുണ്ട്. മുമ്പ് കണ്ടിട്ടുണ്ട് .ഭാര്യ വർഷങ്ങൾക്കുമുമ്പെ മരിച്ചുപോയിരുന്നു. മക്കളെല്ലാം ഉയർന്ന ജോലിയായി. ഒന്നുരണ്ടുപേർ ഗൾഫുനാട്ടിലാണ്. അതുകൊണ്ട് ഒരു ജോലിക്കാരനെയും കൂട്ടി സാർ വലിയ വീട്ടിൽ കഴിയുന്നു. വീട്ടുമുറ്റത്ത് ചെറിയ ഒരു പൂന്തോട്ടമുണ്ട്. ചുറ്റും പച്ചിച്ച പുൽത്തകിടികളുണ്ട്. എങ്കിലും ആ വീട് പ്രാചീനമായ ഏതോ ഒരു നിഗൂഡതയെ ഓർമ്മിപ്പിയ്ക്കുന്നുണ്ടെന്ന് എനിക്കുതോന്നി.

ഒരു പക്ഷേ തോന്നലാകുമോ ?വീടിന്റെ പണിതീർക്കുവാൻ ഒരു ലക്ഷം രൂപ ആവശ്യമായി വന്നപ്പോഴാണ് സുഹ്രുത്തായ രമേശിനോട് കാര്യം പറയുന്നത്. അവന്റെ കൈയ്യിൽ ഇല്ലെന്നറിയാം. അവനും ഭാര്യയും ടൗണിൽ ഒരു ചെറിയ ബേക്കറി നടത്തുകയാണ്. അപ്പോഴാണ് രമേശ് ജോസഫ്സാറിന്റെ കാര്യം പറയുന്നത്. ” സാർ ഇവിടെ വരാറുണ്ട്. ഞങ്ങൾ നല്ല പരിചയക്കാരാണ്. കുറച്ചുനാൾമുമ്പ് കാശിന് ആവശ്യം വന്നപ്പോൾ ഞാൻ സാറിൽനിന്നാണ് കുറച്ചുകാശ് മറിച്ചത്. അത് കൃത്യമായി കൊടുക്കേം ചെയ്തു. ഞാൻ നിന്റെ കാര്യമൊന്ന് സാറിനോട് സംസാരിച്ചുനോക്കട്ടെ… നല്ല മനുഷ്യനാണ്.

രണ്ടുദിവസത്തിനകം എന്താണെന്ന് വച്ചാൽ ഞാൻ പറയാം ” രമേശ് പറഞ്ഞുനിർത്തിയപ്പോൾ ആശ്വാസം തോന്നി. ഒരു പക്ഷേ ,എന്നെ സഹായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കും.. വീടിന്റെ പണി കഴിഞ്ഞിട്ട് പണം തിരികെ കൊടുക്കേം ചെയ്യാം. അങ്ങനെ രമേശിന്റെ മറുപടിയ്ക്കുവേണ്ടി കാത്തിരുന്നു.രണ്ടുദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം രമേശിന്റെ വിളി വന്നു. അന്നൊരു ഞായറാഴ്ച ആയിരുന്നു. ” സുനിലേ ..! ഞാൻ ജോസഫ്സാറിനെ കണ്ടിരുന്നു. നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. ന്നാൽ അദ്ദേഹം പറഞ്ഞത്… . ഇന്ന് വൈകിട്ട് ആറുമണിയാകുമ്പോഴേക്കും നീ അദ്ദേഹത്തിന്റെ വീടുവരെ ചെല്ലാനാണ്. പോകാതിരിക്കരുത് …!” ഞാൻ പോകാം” ആവശ്യം എന്റേതല്ലേ …! ഞാൻ രമേശിന് മറുപടി കൊടുത്തു.

അവൻ ഫോൺ വച്ചു.പിന്നെപ്പോയി കുളിച്ചൊരുങ്ങി വണ്ടിയുമെടുത്ത് ആറുമണിയായപ്പോൾ ജോസഫ്സാറിന്റെ വീട്ടിലെത്തി. ഗേറ്റ് തുറന്നു അകത്തുപ്രവേശിച്ചു. ആദ്യം കണ്ണിൽപ്പെട്ടത് ചരൽക്കല്ലുപാകിയ മുറ്റവും ചെറിയ പൂന്തോട്ടവുമാണ്. ഒരു വശത്ത് പച്ചപ്പുൽത്തകിടി . എങ്കിലും നിഗൂഡമായ ഒരു നിശബ്ദത ആ വീട്ടുപരിസരത്തിനുണ്ടായിരുന്നു. കോളിംഗ്ബെല്ലിൽ വിരലമർത്തിയപ്പോൾ ഒരു ക്രിസ്തീയ ഭക്തിഗാനമാണ് അകത്ത് അലയടിച്ചത്. ആ പാട്ട് ഒരു തണുപ്പുപോലെയാണ് അനുഭവപ്പെട്ടത്.

ഒരാൾവന്നു വാതിൽ തുറന്നു. അറുപതു കഴിഞ്ഞ പ്രായം. എന്നെ അയാൾ അലസമായാണ് നോക്കിയത്. ” ജോസഫ്സാറുണ്ടോ ” ഞാൻ ചോദിച്ചു. ” ഉണ്ട് പ്രാർത്ഥനാമുറിയിലാണ്. ഉടനെ വരും ,കയറിയിരിക്കൂ..! ” ഞാൻ ഉള്ളിലേക്കു കടന്നു. വിശാലമായി അലങ്കരിച്ച മുറി. പക്ഷേ ,പ്രാചീനതയുടെ നിശബ്ദതയും സൗന്ദര്യവും ആ മുറിയിലുണ്ടായിരുന്നു. ” “ഒരാൾ കാണാൻ വരുമെന്ന് സാർ പറഞ്ഞിരുന്നു ” .അല്പം ഇരിക്കണേ ചായ എടുക്കാം ” എന്നെ വാതിലിൽ സ്വീകരിച്ചയാൾ അകത്തേക്കുപോയി.ഞാൻ കാത്തിരുന്നു.. ചില നിമിഷങ്ങൾ കടന്നുപോയി. ” സുനിലല്ലേ ” ചോദ്യം കേട്ട ഭാഗത്തേക്ക് ചിന്തയിൽനിന്നുണർന്നു തലതിരിച്ചു. വാതിൽ തുറന്നു എഴുപത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു മുഖം പ്രത്യക്ഷപ്പെട്ടു.

ക്രിസ്തീയ പുരോഹിതന്റെ മുഖഭാവം . അതേ.. മട്ടിലുള്ള വേഷം. കൈയ്യിൽ ജപമാല .. അദ്ദേഹം എനിയ്ക്കെതിരെ ഇരുന്നു. “അതേ സാർ” ഞാൻ മറുപടി പറഞ്ഞു. “രമേഷ് താങ്കളെക്കുറിച്ചു പറഞ്ഞിരുന്നു. കണ്ടതിൽ സന്തോഷം ” തികച്ചും ശാന്തമായ സ്വരം. എന്നെക്കുറിച്ചും വീടിനെക്കുറിച്ചും അദ്ദേഹം ഇങ്ങോട്ടുപറഞ്ഞു .. രമേഷ് പറഞ്ഞ് അറിഞ്ഞതാകണം. കൂടാതെ അദ്ദേഹത്തിന്റെ കുറച്ചു കുടുംബചരിത്രവും. ഒടുവിൽ ഞാൻ വന്ന കാര്യത്തെക്കുറിച്ചു അദ്ദേഹംതന്നെ ഇങ്ങോട്ടു പറഞ്ഞു .. “നിങ്ങൾ ചോദിച്ച പണം ഞാൻ തരാം.

എന്നാൽ നിങ്ങൾ എനിക്കൊരു ഉപകാരം ചെയ്തുതരണം” എങ്കിൽ ഈ പണം കടമല്ല… നിങ്ങൾക്കുള്ളതാണ്.”അദ്ദേഹം എന്താണു പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായില്ല.. എന്നാൽ അപ്പോഴെക്കും അദ്ദേഹം കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി. ” താങ്കൾ എനിക്കുവേണ്ടി ഒരിടംവരെ നാളെ പോകണം. . ബസിൽ യാത്ര ചെയ്യുകയും വേണം. മാത്രമല്ല ,ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരാളെക്കണ്ടു ഒരു കത്തു കൈമാറണം. അയാൾ തന്നുവിടുന്ന എഴുത്തു എന്നെ ഏൽപ്പിയ്ക്കുകയും വേണം .. അത്രമാത്രം …! എന്താണ് ഇദ്ദേഹം പറയുന്നത്.

ഇന്നത്തെക്കാലത്ത് വിവരങ്ങൾ കൈമാറാൻ ഒരു ദൂതന്റെ ആവശ്യമുണ്ടോ ? ഇദ്ദേഹത്തിന്റെ സമ്മാനം സ്വീകരിക്കാനാണോ ഞാൻ വന്നത് ?ഞാൻ ചിന്തിച്ചു. .. പ്രൊഫസ്സർ .. എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നൂ.. എന്നിട്ടു പറഞ്ഞു ..”നിങ്ങൾ പോകേണ്ടത് സർപ്പത്തുരുത്തിലേക്കാണ്.” “സർപ്പത്തുരുത്തോ ” ഞാൻ ശബ്ദം പാതിയിൽ വിഴുങ്ങി. ആ സ്ഥലത്തെക്കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്. പക്ഷേ ,പോയിട്ടില്ല. ഒരു കാലത്ത് നൂറുകണക്കിന് സർപ്പക്കാവുകൾ ഉള്ള ഭൂമിയായിരുന്നു. കടലിനും കായലിനും ഇടയ്ക്കുള്ള പ്രദേശം.

ഏറെക്കുറെ വിജനമായിക്കിടക്കുന്ന ധാരാളം പ്രദേശങ്ങൾ ഉള്ള ഒരിടം. സ്ഥലത്തെക്കുറിച്ച് ധാരാളം ഭ്രമാത്മകമായ കഥകളുണ്ട്. ഇവിടെ നിന്ന് ഏകദേശം അമ്പത്തഞ്ചോളം കിലോമീറ്റർ മാത്രം ദൂരം. പ്രൊഫസ്സർ പറഞ്ഞ സമയപരിധിയ്ക്കുള്ളിൽത്തന്നെ പോയി തിരിച്ചുവരാൻ കഴിയും. വിഷമൂറിക്കിടക്കുന്ന മണ്ണാണ് സർപ്പത്തുരുത്തിന്റേത് എന്നു കേട്ടിട്ടുണ്ട്. കായൽ കടന്നാണ് ജനങ്ങൾ അവിടേക്ക് വെള്ളം കൊണ്ടുവരുന്നത്.

വിജനമായ പ്രദേശങ്ങളിൽ പഴയ നിഗൂഡചിത്രങ്ങളെ ഓർമ്മിപ്പിയ്ക്കത്തക്ക രീതിയിൽ വിചിത്രരീതിയിലുള്ള തീരവൃക്ഷങ്ങൾ ചുറ്റിപ്പടർന്നുകിടക്കുന്ന ഒരു സ്ഥലമാണ് പെട്ടന്ന് മനസ്സിലേക്ക് വരുന്നത്.എന്തുകൊണ്ടാകാം പ്രൊഫസ്സർ അങ്ങോട്ടേക്ക് തന്നെ എന്നെ പറഞ്ഞയയ്ക്കാൻ ശ്രമിക്കുന്നത്. ? അത് തീർത്തും അജ്ഞാതമായിരുന്നു. അയാൾക്ക്‌ മാത്രമറിയുന്ന രഹസ്യം.”എന്താ സമ്മതമാണോ ” .? പ്രൊഫസ്സറുടെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത് . എന്തോ പറഞ്ഞുപോയി – ” പോകാം നാളെത്തന്നെ പോകാം ” … “നേരത്തെ പോകേണ്ടതില്ല … ഉദ്ദേശിച്ച ആളെ കണ്ടെത്തുകയില്ല.

ഞാനുദ്ദേശിച്ച സമയത്തുതന്നെ പോയിട്ടു വരണം. .. ബസിൽത്തന്നെ പോകണം.. പ്രൊഫസ്സർ വീണ്ടും ഓർമ്മിപ്പിയ്ക്കുന്നു ..” ശരി” ഞാനെഴുന്നേറ്റു .വീട്ടിലേക്ക് പോകാൻ തിടുക്കം കൂട്ടി.. നാളെ ഉച്ചയ്ക്കുതന്നെ പോകാം.. നേരം ഇരുട്ടിയിരുന്നു. ഞാൻ യാത്ര പറഞ്ഞിറങ്ങി.അന്നു രാത്രിയിൽ പ്രൊഫസ്സറുടെ വിചിത്രമായ ആവശ്യവും സർപ്പത്തുരുത്തും എന്റെ ചിന്തകളിൽ നിറഞ്ഞുനിന്നു. അങ്ങനെ ചിന്തിച്ചുകിടന്നു ഉറങ്ങിപ്പോയി. സർപ്പത്തുരുത്തിലേക്ക് പോകാൻ പ്രത്യേകം ഒരുക്കങ്ങളുടെ ആവശ്യമില്ലായിരുന്നു.

എങ്കിലും ഒരു ചെറിയ ബ്യാഗ് കൈയ്യിൽ കരുതി. ഉച്ചയ്ക്കുമുമ്പേ .. പ്രൊഫസ്സറുടെ വീട്ടിൽപ്പോയി കൈമാറാനുള്ള കത്ത് വാങ്ങിച്ചു. ശേഷം കൃത്യസമയത്തു തന്നെ ബസ്സ്റ്റാൻഡിൽ എത്തി സർപ്പത്തുരുത്തു വഴി പോകുന്ന ഒരു സ്വകാര്യബസ്സിൽ കയറി. ഞാനുൾപ്പെടെ ആറു യാത്രക്കാരെ ഉള്ളൂ…. ബസ് പതുക്കെ മുന്നോട്ടു നീങ്ങി. കായൽപ്പാലം കഴിഞ്ഞപ്പോൾ ബസിന്റെ വേഗം കൂടി.. ഇപ്പോൾ കാണുന്ന പ്രദേശങ്ങളിലൂടെ ഞാൻ മുമ്പ് സഞ്ചരിച്ചിട്ടില്ലെന്ന കാര്യം ഓർത്തു. തീരപ്രദേശമാണ്. പൊള്ളിപ്പഴുത്ത കടൽ..! പുതമണ്ണ് പുതഞ്ഞ വീഥികൾ .. വിചിത്രമായ ഒരു ലോകത്തിലെത്തിയതുപോലെയായിരുന്നു എനിക്ക്.

വല്ലപ്പോഴും മാത്രം എതിരെ കടന്നുവരുന്ന വാഹനങ്ങൾ ..! അവസാനമില്ലാത്ത ഒരു ഇടനാഴിയിലൂടെ സഞ്ചരിക്കുന്നപോലെ ബസ്സു മുന്നോട്ടു കുതിച്ചുപായുന്നു. കണ്ടക്ടറോട് നേരത്തെ ശട്ടംകെട്ടിയിരുന്നു സർപ്പത്തുരുത്തിൽ എത്തുമ്പോൾ പറയണമെന്ന് . കണ്ടക്ടർ എന്നെ സൂക്ഷിച്ചൊന്നു നോക്കിയോ ! ഒരുപക്ഷേ തോന്നലാകണം. ചില സ്റ്റോപ്പു കടന്നപ്പോൾ ഒന്നുരണ്ടുപേർ ഇറങ്ങിപ്പോയി. ഇനി ബസിൽ നാലുപേർ മാത്രം. ബസു വീണ്ടും മുന്നോട്ടുകുതിച്ചു. ഞാൻ മനോവിചാരങ്ങളിലേക്കാണ്ടുപോയി. ഒരു സ്റ്റോപ്പിൽനിന്ന് ചുവന്ന സാരിയുടുത്ത ഒരു സ്ത്രീ കയറി.

ഞാനവരെ സൂക്ഷിച്ചുനോക്കി. ഷീലയല്ലേ അത്.? ഓർമ്മകളിൽ ഒരു തുടുപ്പ് .എങ്കിൽ അവളുടെ വീട് സർപ്പത്തുരുത്തിനടുത്തല്ലേ ? ഞാൻ ചിന്തിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് പോയി. “എന്നെ ഓർമ്മയുണ്ടോ ” ? ഞാൻ ചോദിച്ചു. അല്പനേരം എന്റെ മുഖത്തേക്ക് ഉറ്റുനോക്കിയിട്ടു അവൾ പറഞ്ഞു. ” സുനിലല്ലേ ! ഓർമ്മയുണ്ട്. ഭാര്യയ്ക്കും മക്കൾക്കുമൊക്കെ സുഖായിരിക്കുന്നോ ? ” സുഖായിരിക്കുന്നു” ഞാൻ പറഞ്ഞു. ഷീലയ്ക്കിറങ്ങേണ്ടതു സർപ്പത്തുരുത്തിനടുത്തല്ലേ ? “സർപ്പത്തുരുത്തിന് ഒരു സ്‌റ്റോപ്പ് മുന്നേയാണ് വീട്.. പക്ഷേ ഇന്നുഞാൻ അതിനുമുമ്പേയിറങ്ങും.. ആങ്ങളയുടെ വീട് ഭൂതത്തുരുത്തിലാണ്. .. അവൾ പറഞ്ഞു. “എങ്ങോട്ടു പോകുന്നൂ ” ? സർപ്പത്തുരുത്തിലേക്ക് ” – അവളും തന്നെ സൂക്ഷിച്ചുനോക്കിയോ ? കുറച്ചുനേരം അവളുമായി സംസാരിച്ചതിനുശേഷം സീറ്റിൽ വന്നിരുന്നു..

ഉപ്പുകാറ്റിന്റെ തലോടൽ … പതുക്കെ കണ്ണുകൾ അടഞ്ഞുവരുന്നു. പകലുറങ്ങി ശീലമില്ല .. എങ്കിലും ഉറക്കം കൺപോളകളെ തഴുകുന്നു …!”തനിക്കിറങ്ങണ്ടേ.. ?” കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് ഉറക്കത്തിൽ നിന്നുണർന്നത്. കണ്ണുമിഴിച്ചു ചുറ്റുംനോക്കി. ബസിൽ യാത്രക്കാർ ആരുമില്ല.. ചുറ്റും ഇരുൾ വീണിരിക്കുന്നു. ബസിനുള്ളിലെ വെളിച്ചം മാത്രം. ഇത് അവസാന സ്റ്റോപ്പാണ് … ഇനി ബസ് പോകില്ല… കണ്ടക്ടർ പറയുന്നു .. ” സർപ്പത്തുരുത്തായോ” ഞാൻ ചോദിക്കുന്നു. ” സർപ്പത്തുരുത്തോ ” അത് കഴിഞ്ഞ് നിങ്ങൾ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. “നിങ്ങൾ എന്നിട്ടു പറഞ്ഞില്ലല്ലോ ! എന്ന് കണ്ടക്ടറോട് ചോദിച്ചില്ല. ” ഇത് വളരെ സൂക്ഷിക്കേണ്ട പ്രദേശമാണ്. അടുത്ത് അഴിയാണ്. നിങ്ങൾക്കിറങ്ങാം.. ബസ് ഞങ്ങൾ ഒതുക്കാൻ പോവുകയാണ് ” കണ്ടക്ടർ പറയുന്നു .. ചുറ്റും കൂരിരുൾക്കാട് .. സമയബോധംപോലും നഷ്ടമായിരിക്കുന്നു. ബാഗും തൂക്കി ഇരുളിലേക്ക് ഞാനിറങ്ങി.

വിനോദ്.വി.ദേവ്.

By ivayana