രചന:Biju Karamoodu

നിന്നെച്ചിരിപ്പിക്കെയൊപ്പം ചിരിച്ചു ഞാൻ
എണ്ണിക്കടന്നെത്ര
നൊമ്പരങ്ങൾ …
നിന്നെയൊളിപ്പിച്ചകത്തേക്കൊഴുക്കി ഞാൻ
പൊള്ളുന്ന കണ്ണുനീരെത്ര തുള്ളി..
നീവന്നിരിക്കവേ
ചേലിട്ട ചില്ലകളാകെയുലഞ്ഞു പൂങ്കാറ്റിലന്നും
വെള്ളിടിവീണതൊളിപ്പിച്ചു തായ്മരം ചോലവിരിച്ചു ചിരിച്ചു നിന്നു.
എങ്ങും പട൪ത്തുവാനാകാതെ കത്തുന്നതെന്തൊക്കെയാണെന്നറിഞ്ഞതില്ല…
ചെന്നടുത്തീടുവാനാകാത്ത ചൂടിലും
ചന്ദനംപോലെ തണുത്തതെന്തോ
നമ്മെപ്പൊതിഞ്ഞതും ചുറ്റും പരന്നതു
മിന്നലെയാണെന്നറിഞ്ഞൊരിന്നും
എന്നോ മരിച്ച മണങ്ങളിൽ നിന്നൊരു
ചെമ്പകപ്പൂമണം ഞാനെടുത്തു
ഇല്ല പൂച്ചെമ്പകമല്ലാ
അതുനമ്മളൊന്നിച്ച സൗഗന്ധമായിരുന്നു..
പണ്ട് വായിക്കവേ
നമ്മെത്രസിപ്പിച്ച
സുന്ദരകാവ്യങ്ങെളെങ്ങുപോയി
ഓരോ കവിതയും തിന്നുതിന്നങ്ങനെ
കാവ്യമായ്ത്തീരുന്ന ജീവിതത്തിൽ
എന്തുകൊണ്ടാവാമുറങ്ങാതെ ഞാനിരുന്നിങ്ങനെയോരോന്നുരുകിയിന്നും
നമ്മളെപ്പോലെ പരസ്പരം ചേരുന്നതെന്തൊക്കെയെന്നു ചിരിച്ചുമിന്നും.

By ivayana