രചന : ഷാജു. കെ. കടമേരി

കനല് കത്തുന്ന
ജീവിതപെരുവഴിയിൽ
സത്യത്തെ നെഞ്ചോടടുക്കി
പ്പിടിക്കുന്നത്കൊണ്ടത്രയും
കൊത്തിപ്പറിക്കലുകൾക്ക്‌
നടുവിലൂടൊറ്റയ്ക്ക് നടക്കേണ്ടി
വന്നിട്ടുണ്ട്.

ഏത് കുരുക്ഷേത്രത്തിന് നടുവിലും
ആയിരം സൂര്യചന്ദ്ര പ്രഭയിൽ
വെട്ടിതിളങ്ങി
കുടിലബുദ്ധികൾക്കെതിരെ
തീക്കൊടുങ്കാറ്റായ് പടർന്ന്
കത്തിക്കയറും സത്യം.

ചതിക്കെണികൾക്ക്
മുകളിലൂടെയുയർന്ന് പൊങ്ങി
നിങ്ങൾക്കെന്നെ തൊടാനാവില്ല
എന്നടിവരയിട്ട് നന്മയുടെ
കൊടി പറപ്പിക്കും.

ചിതൽവഴികളിൽ ഒറ്റയ്ക്ക് നിന്ന്
വിയർക്കുമ്പോഴൊക്കെയും
ഇടനെഞ്ചിൽ കത്തിയമരാതെ
നിന്ന വാക്കാണ് സത്യം.
മുന്നിലേക്ക് കൈപിടിച്ചു നടത്തിയ
പൊൻവെട്ടം.

പത്മവ്യൂഹവും ചന്ദ്രവ്യൂഹവും
ചമച്ച് ഒറ്റപ്പെടുത്തി
ആക്രമിക്കാൻ വന്നപ്പോഴൊക്കെ
അഗ്നി ചുരത്തി പതറിക്കത്തുന്ന
എന്റെ കവിതയിലെ വാക്കുകൾക്ക്‌
തുണയായ് കെട്ടിപ്പുണർന്ന സത്യം.

ശരമാരിയിൽ
കുത്തിപ്പിളർക്കുവാനാവാത്ത
തീയിൽ പിറന്ന കാരിരുമ്പിന്റെ
ഉശിരുള്ള സത്യം. വേട്ടപ്പട്ടികളെ
പിന്തിരിഞ്ഞോടിപ്പിക്കുന്ന ചുണ.

എത്ര വളഞ്ഞിട്ടാക്രമിച്ചാലും
ചളി വാരിയെറിഞ്ഞാലും
ഒരു പോറലുമേൽക്കാതെ
ഇടിമുഴക്കമായ്
കപടതയുടെ മസ്തകം
കൊത്തിപ്പിളർന്ന്
ശിരസ്സുയർത്തിപ്പിടിച്ച്
അനീതിയെ പോരിന് വിളിക്കും
ചങ്കുറപ്പാണ് സത്യം……

( ഷാജു. കെ. കടമേരി )

By ivayana