രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയോട് വാക്‌സിന്‍ അഭ്യര്‍ത്ഥിച്ച് ബ്രസീല്‍. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണ് വാക്‌സിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ‘കോവിഷീല്‍ഡിന്റെ’ 20 ലക്ഷം ഡോസുകളാണ് ബ്രസീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ സംഭാവനയെ പ്രശംസിച്ചുകൊണ്ടാണ് ബൊല്‍സൊനാരോ എഴുതിയിരിക്കുന്നത്. അടിയന്തരമായി മരുന്ന് ലഭിക്കണ്ടതുണ്ടെന്നും രാജ്യത്ത് വൈറസ് വ്യാപനം ശക്തമാണെന്നും ബ്രസീല്‍ പ്രസിഡന്റ് സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ നയതന്ത്ര വിഭാഗവുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് വാക്‌സിന്‍ രാജ്യത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ് ബ്രസീല്‍ ഇപ്പോള്‍. സര്‍ക്കാര്‍ നേരിട്ടോ അല്ലെങ്കില്‍ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ വഴിയോ മരുന്നുകള്‍ എത്തിക്കാനാകും ശ്രമം. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്ക് മേധാവി ജൊറാള്‍ഡോ ബാര്‍ബോസ പറഞ്ഞു.
ബ്രസീലില്‍ ഇതുവരെ വാക്‌സിന്‍ ലഭ്യമാക്കിയിട്ടില്ല. ഒരു പക്ഷേ ഇന്ത്യയുടെ സഹായത്താലാകും ബ്രസീലില്‍ ആദ്യമായി വാക്‌സിന്‍ എത്തുകയെന്നും ബാര്‍ബോസ പറഞ്ഞു. മാര്‍ച്ച് പകുതുയോടെ വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം ക്ലിനിക്കുകളിലേക്ക് അയക്കും.
