രചന : മാരാത്ത് ഷാജി

വെളുവെളുങ്ങനെ പാല് പോലെ നിലാവ് പരന്നൊഴുകിയിട്ടുണ്ട്. മുറ്റത്തെ മാവിൽ വീണ നിലാവ് മാമ്പൂക്കളെ നക്ഷതക്കുഞ്ഞുങ്ങളാക്കി.
കുളി കഴിഞ്ഞ് ഉമ്മറത്തിരിക്കുകയാണ് സുധേട്ടൻ. അപർണ്ണ പിറ്റേന്ന് കാലത്ത് വെക്കാനുള്ള കറിക്കരിഞ്ഞുവെക്കാനായി ഒരു മുറത്തിൽ പച്ചക്കറികളും കത്തിയുമായി ഉമ്മറത്തേക്ക് വന്നു. നാട്ടു വർത്തമാനങ്ങൾ പറയുന്ന കൂട്ടത്തിൽ സുധേട്ടൻ വിഷ്ണുവിന്റെ കാര്യവും തിരക്കി.

“അവനിപ്പോ ജോലി വല്ലതുമായോ?”
“ഒന്നുമായില്ലാന്നാ പറഞ്ഞത്.”
തോരനുള്ള അച്ചിങ്ങ ഒടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
ഒരു ദീർഘമായ നിശ്വാസം അയാളിൽ നിന്നുയർന്നു.
“ഓരോരുത്തർക്ക് ഓരോ വിധികളാണ്. ചിലർക്ക് അച്ഛന്റെ തണലുണ്ടാവില്യ, ചിലർക്ക് അമ്മയുടെ വാത്സല്യച്ചുരിലുറങ്ങാൻ കഴിയാതെ പോകും. ഇവിടെ ഈ കുട്ടിക്ക് ഇതു രണ്ടൂല്യ”.
അയാളുടെ ഉള്ളിൽ അവനോടുള്ള അനുകമ്പയുടെ നീരുപൊടിഞ്ഞു.

വട്ടോറത്തിൽ പരത്തിയിട്ടിരുന്ന പച്ചക്കറിയിലൊന്നെടുത്ത് തോലുകളഞ്ഞ് അരിയാൻ തുടങ്ങി അയാൾ. ഉള്ളിലൊരു ഭൂതകാലത്തിന്റെ തിരയടിയിൽ അയാളുടെ മുഖം മ്ലാനമായി. രണ്ടുപേരുടേയും ഇടയിൽ ഒരു നിശബ്ദത കനം വെച്ചു.
“അനിമോളവിടെ എന്തെടുക്ക്വാ?” വർത്തമാന കാലത്തിലേക്കെത്താനായി അയാൾ ചോദിച്ചു.
“ഞാൻ പഠിച്ചോണ്ടിരിക്ക്യാ അച്ഛാ …” വീടിനകത്തു നിന്നും മറുപടി കേട്ടു.

“അച്ഛന്റെ കുട്ടി അച്ഛന് കുടിക്കാനിത്തിരി വെള്ളമെടുത്ത് തര്വോ?” അകത്തക്ക് നോക്കി അയാൾ വിളിച്ചുപറഞ്ഞു.
“ഇപ്പക്കൊണ്ടരാട്ടാ”
അപർണ്ണയുടെ അനിയത്തിയാണ് അനില.
പത്താം തരത്തിലാണ് അവളിപ്പോൾ.
“അമ്മയ്ക്ക് കഴിക്കാറായിച്ചാ പറയണം …” അപർണ്ണ അമ്മയോട് വിളിച്ച് ചോദിച്ചു.
“അവളിപ്പോ സീരിയലിന്റെ ഉള്ളിലാവും. പ്രൊഫസർ ജയന്തിയുടെ ഗർഭത്തിനുത്തരവാദിയെ തിരഞ്ഞു നടക്കുകയാവും”. സുധാകരൻ പറഞ്ഞു.

“കൊല്ലം അഞ്ചായി തിരയാൻ തുടങ്ങിയിട്ട്. ഇതുവരെ കണ്ടെത്താൻ പറ്റിയിട്ടില്ല”.
സുധാകരന് കുടിക്കാനുള്ള വെള്ളവുമായി വന്ന അനിലയുടെ തമാശകേട്ട് എല്ലാവരും കൂടി ചിരിച്ചു.
“പെണ്ണിനിത്തിരി കൂടുന്നുണ്ട്.അച്ഛനോട് ഇങ്ങനൊക്കെ പറയാൻ പാടുണ്ടോ?” അപർണ്ണ ശാസനാരൂപത്തിൽ അവളെ നോക്കി.
“ഓ! ഒരു കാർന്നോത്തി വന്നിരിക്ക്ണു… ഒന്നു പോ ഏച്ചി ……..
സാരല്യന്നേ ….എന്നോടല്ലേ.. പുറത്തുള്ളോരോടൊന്നും ഇങ്ങനെ പറയരുത് ട്ടാ …”

അയാൾ അവളുടെ കൈത്തണ്ടയിൽ പതുക്കെ തലോടി.
“ഇല്യാച്ഛാ …..ഞാനങ്ങിനെയൊന്നും പറയില്ല. അനില പറഞ്ഞു”.
അല്ലലും അഴലുകളുമുണ്ടെങ്കിലും അടിയൊഴുക്കുകളില്ലാത്ത തെളിനീർ പുഴയിലൂടെയാണ് തന്റെ ജീവിതം പോകുന്നതെന്ന് തോന്നി അയാൾക്ക് .
രാവ് കനക്കുംതോറും നിലാവെളിച്ചം കൂടുതൽ തെളിഞ്ഞിരുന്നു. മുറ്റത്തിറങ്ങി നടന്നു സുധാകരൻ. അപർണ്ണയും അനിലയും തമാശകൾ പറഞ്ഞ് ഉമ്മറത്തിണ്ണയിലിരുന്നു.

കുളത്തിന്റെ അരികിലെ വരമ്പിലൂടെ ഒരു ടോർച്ചിന്റെ വെട്ടം വരുന്നത് നോക്കി നിന്നു സുധാകരൻ. വീട്ടു വരമ്പിലൂടെയാണല്ലോ വരുന്നതെന്ന് കണ്ടപ്പോൾ ആരായിരിക്കുമെന്നുള്ള ആകാംക്ഷ നിറഞ്ഞു. അയാളുടെ പെങ്ങൾ ലത കുറച്ചപ്പുറം താമസിക്കുന്നുണ്ട്. അവരായിരിക്കുമോ? ജയരാജൻ ഇന്ന് ജോലിക്ക് പോയില്ല? അതോ പൂളോത്തെ ശശിയും ഗീതയുമാകും , എന്തിനാണാവോ ഈ സമയത്ത്?ഇങ്ങനെയൊക്കെ ഓർത്തു നില്ക്കുമ്പോഴേക്കും ടോർച്ച് വെട്ടം അടുത്തെത്തി. ആളെ മനസ്സിലായപ്പോൾ സുധാകരന്റെ മുഖത്ത് ചിരിവിടർന്നു.

“എന്താ ശശിയേട്ടാ ഈ നേരത്ത്?” സുധാകരൻ ചോദിച്ചു.
“ഒന്നൂല്യ….. വെറുതെ ഇറങ്ങിയതാ …. “
ഗീതക്കു കടന്നുപോകാനായി സുധാകരൻ കടമ്പക്കാല് ഊരിക്കൊടുത്തു
“സുധേട്ടാ ……” സ്നേഹത്തോടെ പുഞ്ചിരിച്ച് ഗീത അവരെ കടന്നു നടന്നു പോയി.
“നാളെ തിരുവാതിരയല്ലടോ… വെളുപ്പിന് തിരുവാതിര കുളിക്കാൻ അപർണ്ണയെ കൂട്ട് വിളിക്കാൻ വന്നതാണ് ഗീത …….”
ശശിയേട്ടൻ പറഞ്ഞത് കേട്ട് സുധാകരൻ ചിരിച്ചു. അയാളുടെ ഉള്ളിലൊരു തിരുവാതിരക്കാലം നിറഞ്ഞു.
തിരുവാതിര…..

എല്ലാ സ്ത്രീകളും അന്ന് അമ്പലക്കുളത്തിൽ കുളിക്കാൻ വരും. നല്ല ഭർത്താവിനെ കിട്ടാൻ കന്യകമാരും ഭർത്താവിന്റെ ആയുസ്സിനു വേണ്ടി കല്യാണം കഴിഞ്ഞവരും അമ്പലക്കുളം നിറയെ സ്ത്രീകളാവും. ഒരാഘോഷം തന്നെയാണത്.
“ശശിയേട്ടന് ഓർമ്മേണ്ടോ? തിരുവാതിര കുളി കാണാൻ അമ്പലക്കുളത്തിന്റെ മതിലിന്മേലെ എത്തിച്ചു നോക്കിയ നമ്മളെ ചെറിയമ്മ തല്ലി ഓടിച്ചതൊക്കെ?”
“അതൊക്കെ മറക്കാൻ പറ്റ്വോടോ ….. ചെറുപ്പത്തിന്റെ ഓരോ വികൃതികളേയ്…..”
അവരിരുവരും പൊട്ടിച്ചിരിച്ചു.

ചെറുപ്പകാലത്തിന്റെ ഓർമ്മകളിലെ ആതിരനിലാവ് പോലെ അവർ ഓരോരോ തമാശകൾ പറഞ്ഞു നിന്നു.
“പോവണ്ടേ ശശിയേട്ടാ ….” ഗീത മുറ്റത്തേക്കിറങ്ങി വന്നു.
“ഊണ് കഴിഞ്ഞിട്ട് പോകാം”. സുധാകരൻ പറഞ്ഞു.
“വേണ്ട സുധേട്ടാ …. വീട്ടിൽ ചെന്ന് കഴിച്ചോളാം.എല്ലാം കാലാക്കിയിട്ടാ പോന്നത്. കുട്ടികൾ മാത്രേയുള്ളൂ വീട്ടിൽ. ഇപ്പോത്തന്നെ നേരം വൈകി”.
ഗീത പോകാനായി ധ്യതി വെച്ചു.

“നിന്റെ തടി കൂടിക്കൂടി വരികയാണല്ലോ ?” സുധാകരൻ ഗീതയോട് തമാശയായി പറഞ്ഞു.
“എന്തു ചെയ്യാനാ സുധേട്ടാ … അധികം ഭക്ഷണം കഴിച്ചിട്ടൊന്നുമല്ല,തടി ഒട്ടും കുറയുന്നില്ല. പിന്നെ ഓരോരുത്തർക്ക് ഓരോ ഇഷ്ടങ്ങളല്ലേ ….” ഗീത ശശിയേട്ടനെ ഒളികണ്ണിട്ടു നോക്കി ചിരിച്ചു.
“ങും …..ങും …..”.സുധാകരനും ചിരിച്ചു.
പൊട്ടിച്ചിരിച്ചു കൊണ്ട് അവർ യാത്ര പറഞ്ഞിറങ്ങി.

കൂട്ടിലടച്ച വെരുകിനെ പോലെയായി വിഷ്ണുവിന്റെ മനസ്സ്. ഒരിടത്തും ഇരിപ്പുറയ്ക്കാത്ത അവസ്ഥ. ഒരാളോട് ഇഷ്ടം തോന്നുമ്പോൾ ഇങ്ങനെയൊക്കെ ആവുമോ? വീണ്ടും കാണണമെന്നും ഒന്നു കൂടി മിണ്ടണമെന്നുമൊക്കെ തോന്നി അവന്.
താൻ പറഞ്ഞത് അബദ്ധമായിരുന്നോ? അങ്ങനെ പറഞ്ഞത് അവൾക്കിഷ്ടപ്പെടാതിരിന്നുട്ടുണ്ടാകുമോ? മറുപടി എന്താണെന്നു പോലും തിരക്കാൻ തനിക്കായില്ല. ഓരോന്നോർത്തിങ്ങനെ കിടന്നു അവൻ. പുറത്തേക്ക് തുറന്നു വെച്ച ജാലകം വഴി ഈറൻ കാറ്റ് കടന്നു വരുന്നുണ്ട്. ജാലകതിരശ്ശീല വകഞ്ഞു മാറ്റിവെച്ചു. നിലാവിൽ കുളിച്ച് നില്ക്കുകയാണ് അമ്പലപ്പറമ്പും അരയാലുകളും. ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് തോന്നി അവന്. . അപർണ്ണയെക്കുറിച്ച് ഓർക്കും തോറും തന്റെ മനസ്സിലും നിലാവിന്റെ ലാഘവത്വം പരക്കുന്നതായി തോന്നി.

എഴുന്നേറ്റ് നടന്നു. പകുതി വായിച്ചു മേശമേൽ കമഴ്ത്തി വെച്ച പുസ്തകം തുറന്നു നോക്കി.ശ്രദ്ധയോടെ വായിക്കാൻ മനസ്സ് മിനക്കെടുന്നില്ല. പുസ്തകം അടച്ചു വെച്ചു. കട്ടിലിൽ തിരികെ വന്നിരുന്നു. ദാഹിക്കുന്നുണ്ടോ? സംശയമാണ്. എന്നാലും കുറച്ചു വെള്ളം കുടിച്ചു. പിന്നെയും എഴുന്നേറ്റ് നടന്നു. ഇത്രയും പരവേശപ്പെടാൻ എന്താണ്ടായത്? ഓർക്കുമ്പോൾ അവളുടെ മുഖം നിറയുന്നുണ്ട് മനസ്സിൽ. അവളുടെ പുഞ്ചിരിയാണ് മനസ്സിൽ നിറഞ്ഞു നില്ക്കുന്നത്. ജനൽക്കമ്പി പിടിച്ച് പുറത്തേക്ക് നോക്കി നിന്നു. നിലാവിനും നിലാവിലുള്ള കാഴ്ച്ചകൾക്കും നല്ല ഭംഗിയുണ്ടെന്ന് തോന്നി അവന്. അമ്പലനടയ്ക്കലെ ദീപസ്തംഭം ഇപ്പോഴും കത്തി നില്ക്കുന്നുണ്ട്.

ചെറുകാറ്റിൽ നാളങ്ങൾ ചാഞ്ചാടി നില്ക്കുന്നു. വടക്കേ മാരാത്തെ രധേഷും രഞ്ജുവും കണ്ണനുമൊക്കെ അമ്പലത്തിന്റെ പത്തായപ്പുരയുടെ തിണ്ണയിലിരിക്കുന്നതു കണ്ടു. ഒന്നവിടെ വരെ പോയി വരാം എന്ന് കരുതി അവൻ താഴേക്കിറങ്ങി വന്നു.
“നീ എവിടേക്കാ പോണത്?” മാരസ്യാർ ചോദിച്ചു.
“എങ്ങടുമില്യ അമ്മമ്മേ പത്തായപ്പുരയുടെ അവിടെ വരെ”. അവൻ മറുപടി പറഞ്ഞു.
“കാലത്ത് ശംഖുവിളിക്കാൻ നീ പോണം. മുത്തച്ഛന് കാലത്ത് കുറ്റിയങ്കാവിലെ പറക്ക് പോണം”. മാരസ്യാർ പറഞ്ഞു.
പോയ്ക്കോളാം എന്ന് ഉറപ്പു കൊടുത്തു അവൻ.
കൂട്ടുകാരോടൊത്ത് കളി പറഞ്ഞ് കുറച്ചു സമയം ചിലവഴിച്ചു.

നിലാവ് വളരെ മാർദ്ദവത്തോടെ അവനെ തൊടുന്നുണ്ടായിരുന്നു. വല്ലാത്തൊരു നിശബ്ദത ഉള്ളിൽ കനം വെക്കുന്നതായി അവന് തോന്നുന്നുണ്ടായിരുന്നു. കൂടുതൽ സംസാരങ്ങളില്ലാതെ അവരോട് യാത്ര പറഞ്ഞ് തിരിച്ചു പോന്നു
ഊണു കഴിഞ്ഞ് കിടക്കാൻ നേരം അമ്മമ്മ പറഞ്ഞു.
“നീ കാലത്ത് പോകുമ്പോ ഞാനും ണ്ട്. നാളെ തിരുവാതിരയല്ലേ. നേരത്തെ കുളിച്ച് തൊഴണം”.
“നല്ല മഞ്ഞുണ്ട്. തണുപ്പത്ത് കുളിച്ചിട്ട് അസുഖങ്ങള് വല്ലതും വര്വോ?” അവനൊരു സംശയം ചോദിച്ചു.

“ഒന്നൂല്യ… കുറേയായില്ലേ നിർമ്മാല്യം തൊഴുതിട്ടും. എല്ലാംഭഗവതി കാത്തോളും.
നീ കിടന്നോ …” അതും പറഞ്ഞ് മാരസ്യാരും കിടക്കാനായി പോയി.
ടൈം പീസിൽ അലാറം വെച്ച് കിടന്നു അവൻ. വല്ലപ്പോഴും മാത്രമാണ് ഇങ്ങിനെ പോകേണ്ടിവരാറുള്ളത്. അല്ലെങ്കിലെന്നും മുത്തച്ഛൻ തന്നെ പോകും. താൻ തന്നെ പോകാംന്ന് പറഞ്ഞാൽ മുത്തച്ഛൻ സമ്മതിക്കില്ല. പിന്നീട് ചോദിക്കാതെയായി. അടിയന്തിര ക്കാരന്റെ അടിയന്തിരക്കാരനായി മാത്രമാണ് താനെന്ന് തമാശയായി തോന്നി അവന്.

സുഖമുള്ള ചിന്തകളിലൂടെ യാത്ര ചെയ്ത് അവനുറങ്ങി.
അലാറം അടിച്ചപ്പോൾ എഴുന്നേറ്റ് കുളിച്ചു. പോകാനായി വന്നപ്പോൾ അമ്മമ്മയും തയ്യാറായി വന്നു.
“നീ ടോർച്ചെടുത്തോ… അമ്പലക്കുളത്തിലേക്കുള്ള വഴിയിലൊക്കെ ഇഴജന്തുക്കളുണ്ടാവും”.
മാരസ്യാര് ഓർമ്മപ്പെടുത്തി.
ടോർച്ച് തെളിച്ച് മുന്നിൽ നടന്നു. ഇടക്കിടെ വെളിച്ചം പിന്നിലേക്കും തെളിച്ചു കൊടുത്തു.

അമ്മമ്മയെ അമ്പലക്കുളത്തിലെ തേവാരപ്പുരവരെക്കൊണ്ടാക്കി. കുളത്തിൽ സ്ത്രീകളുടെ വർത്തമാനം കേൾക്കുന്നുണ്ട്. വേറെ ആൾക്കാരുണ്ടല്ലോ, അമ്മമ്മക്ക് തുണയുണ്ടല്ലോ എന്ന സമാധാനത്തിൽ
തിരുമേനി കുളിച്ച് വരാറുള്ള വഴിയേ അമ്പലത്തിലേക്ക് കയറി. നടപ്പുരയിലെ ശീലാന്തിയിൽ വെച്ച ശംഖെടുത്ത് ഏഴു വട്ടംഊതി. സോപാനത്തിലെ മണി മൂന്നുവട്ടം മുഴക്കി തിരുമേനി നടതുറന്നു.
നിർമ്മാല്യം കണ്ട് തൊഴാനായി കുറച്ചുപേർ നില്ക്കുന്നുണ്ട്.

ആ കൂട്ടത്തിൽ
അപർണ്ണയെ കണ്ടപ്പോൾ അവൻ അത്ഭുതത്താൽ കണ്ണ് മിഴിച്ചു. രണ്ടു പേരും മുഖാമുഖം കണ്ടു. അവളിലും ഒരു പുഞ്ചിരി വിടർന്നു.അവളവന്റെ മുഖത്ത് നോക്കി കണ്ണിറുക്കി കാണിച്ചു.
അവൾ തൊഴുതു വരുന്നതും നോക്കി നടപ്പുരയിൽ കാത്തുനിന്നു അവൻ. പുറത്തേക്കിറങ്ങിവരുന്ന അവളെ കണ്ടപ്പോൾ പ്രഭാമണ്ഡലത്തിൽ തിളങ്ങുന്ന ദേവിയെപ്പോലെ തോന്നി അവന് .
“തിരുവാതിര നൊയമ്പൊക്കെ എടുക്കാറുണ്ടോ ?” അവൻ ചോദിച്ചു.
“ഉവ്വ്. “
അവളുടെ മറുപടിയിൽ ചെറിയൊരു നാണം നിഴലിച്ചിരുന്നു.
“നല്ല ഭർത്താവിനെ കിട്ടാൻ വേണ്ടിയല്ലേ …?” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“അങ്ങിനെയൊന്നുമില്ല. വേണമെങ്കിൽ എനിക്ക് നിന്നെ കിട്ടാനാണെന്ന് പറയാം”.
അവളുടെ മറുപടി അവൻ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.
കൈയ്യിലെ ഇലച്ചീന്തിൽ നിന്നും അല്പം പ്രസാദമെടുത്ത് അവൾ അവനെ തൊടുവിച്ചു
“ഞാൻ പോണു”. അവൾ യാത്ര പറഞ്ഞു.
മറുത്തൊരക്ഷരം പോലും പറയാനാവാതെ അവൾ പോകുന്നതും നോക്കി അവൻ നിന്നു.
ഈ സമയം കുളി കഴിഞ്ഞ് പ്രദക്ഷിണ വഴി ചുറ്റി അമ്മമ്മ നടന്നു വരുന്നുണ്ടായിരുന്നു.

Marath Shaji

By ivayana