രചന : സുമോദ് പരുമല

തകതകതകതപ്പുതുടിച്ചേ …
തിമിതിമിതിമിതിമിലയടഞ്ഞേ
തോൽത്താളം വെന്തുപിടയ്ക്കും
പരദേശിക്കാറ്റുമരിച്ചേ ..

കാറ്റിൽ നീ കേട്ടൊരുകഥയിൽ
മലവേടൻ പാടിയകഥയിൽ
തൊലിയുരിഞ്ഞ പാമ്പുകൾ ചുറ്റി
കഴുകന്മാർ ചത്തൊരുകഥയിൽ …

പറകൊട്ടിപ്പാടിയ വേലൻ
തലയറഞ്ഞ് വീണൊരുകഥയിൽ
എല്ലൂരിയ കരിംക്ടാത്തന്മാർ
പൈവന്ന് കരിഞ്ഞൊരു കഥയിൽ ..

മരവാഴക്കുടിലിലിരിക്കും
മാടന്മാർ പാറിവരുന്നേ
തീണ്ടാരിപ്പെണ്ണിൻ മുലയിൽ
കോമ്പല്ലിൻ മുനകളമർന്നേ ..,

കളമിട്ടൊരു നാഗത്തറയിൽ
തമ്പ്രാട്ടിയിരിക്കും തറയിൽ
മുടിയാട്ടമാടും പെണ്ണേ
കരിമുലകൾ തുള്ളും പെണ്ണേ …

കരിയുഴുതൊരു കണവൻ വീണ്
ചെളിപതഞ്ഞ് ചോരകലങ്ങി
ചുടുകട്ടകളായൊരു തറയിൽ
കനലാടിയെത്തിയ പെണ്ണേ ..

നീ ചൂടിയ കൈതപ്പൂവിൽ
ചൊകചൊകന്ന പാമ്പുപിടഞ്ഞേ
നീ ചൂടാനാഗത്തളയിൽ
കുടൽമാലകൾ ചുറ്റിവരിഞ്ഞേ …

അണമുറിഞ്ഞ ചോരപ്പുഴയിൽ
തബ്രാക്കൾ മുങ്ങിമലർന്നേ ..
കണ്ണടർന്ന് കാവിത്തറയിൽ
പടുമരമായ് വീണുമുളച്ചേ

ആലിന്മേലമ്പലമുണ്ടേ …
മിഴിപൊട്ടിയ തേവരുമുണ്ടേ
വയറൊട്ടിയ പേക്കോലങ്ങൾ
പുഴുവരിച്ച് പാടണതുണ്ടേ ..

തകതകതകതപ്പുതുടിച്ചേ …
തിമിതിമിതിമിതിമിലയടഞ്ഞേ
തോൽത്താളം വെന്തുപിടയ്ക്കും
പരദേശിക്കാറ്റുമരിച്ചേ ..

സുമോദ് പരുമല

By ivayana