Jayaprakash Raghavapanicker

വ്യാജ ആരോപണങ്ങളും ഗൂഡാലോചനാസിസിദ്ധാന്തവും വ്യാജ തെരഞ്ഞെടുപ്പുപരാതികളും കലാപാഹ്വാനവുമൊക്കെയായി അധികാരത്തിൽ കടിച്ചുതൂങ്ങാമെന്നുള്ള ട്രംപിന്റെ മോഹം പൊലിഞ്ഞു. പുതിയ പ്രസിഡന്റിറെ സ്ഥാനാരോഹണച്ചടങ്ങിനുപോലും നിൽക്കാതെ മുൻ പ്രസിഡന്റ് വൈറ്റ്ഹൗസ് വിട്ടു.

അമേരിക്കൻ ആഭ്യന്തര ചരിത്രത്തിലെ ഒരു ട്രാജികോമഡിയായിരുന്നു ട്രംമ്പ് അധികാരത്തിലിരുന്ന നാലുവർഷങ്ങൾ.തീവ്രദേശീയതയും വംശീയവെറിയും അസത്യപ്രസ്താവനകളും കൊണ്ട് രാജ്യത്ത് വെറുപ്പും അരാജകത്വവും സൃഷ്ടിയ്ക്കാൻ ശ്രമിച്ച ഒരു ഭരണാധികാരി..ഒപ്പം തന്റെ അബദ്ധപ്രസ്താവനകളും ശരീരചേഷ്ടകളും കൊണ്ട് പരിഹാസ്യപാത്രവുമായി.

തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പുറത്താക്കിയിട്ടും വംശവെറിയന്മാരും ആക്രമണകാരികളുമായ തന്റെ അനുയായികളെക്കൊണ്ട് പാർലമെന്റ് ആക്രമണം നടത്തി അധികാരം നിലനിർത്താൻ ഒരുമ്പെട്ടു പരാജിതനായ ഒരു ഭരണാധികാരി.തുടർച്ചയായ പ്രൊപ്പഗാണ്ടകളിലൂടെ രാജ്യത്തെ നല്ലൊരു വിഭാഗം ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് വംശീയവെറി പടർത്താനും തീവ്രവലതുപക്ഷസംഘങ്ങളെ കൂടുതൽ അക്രമണോല്സുകരാക്കാനും ട്രംപിന് കഴിഞ്ഞു.

തീവ്രദേശീയതയും വംശീയവെറുപ്പും ട്രംപിനെ സ്വീകാര്യനാക്കിയത് അമേരിക്കയിലെ ഗണ്യമായ ഒരു വിഭാഗത്തെ മാത്രമല്ല,ഇന്ത്യയിൽപോലും ട്രംപിന് ആരാധകരുണ്ടായി. അവരിൽ ഒരുവിഭാഗം ട്രംപിനെ മഹാവിഷ്ണുവിന്റെ അവതാരമായിക്കണ്ടു.തങ്ങളുടെ ആരാധനാമൂർത്തിയുടെ വിജയത്തിനായി അവർ യാഗഹോമാദികൾ നടത്തി.ട്രംപ് നമ്മുടെ പ്രധാനമന്ത്രിയുടെ ഏറ്റവും നല്ല ചങ്ങാതിയായിമാറി.

ഇരുരാജ്യങ്ങളിലുമായി അവർ പരസ്പരം സ്വീകരണങ്ങളൊരുക്കുകയും പരസ്പരം പുകഴ്ത്തിപ്പാടുകയും ചെയ്തു. വീണ്ടും ട്രംപിനെത്തന്നെ തെരഞ്ഞെടുക്കണമെന്ന് നമ്മുടെ പ്രധാനമന്ത്രി അമേരിക്കൻ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു.അധികാരം വിടുന്നതിനു ദിവസങ്ങൾ ബാക്കിനിൽക്കെ രാജ്യത്തെ പരമോന്നതബഹുമതികളിലൊന്ന് നൽകി ട്രംപ് മോദിയെ ആദരിച്ചു.അമേരിക്കയിലെ ഈ ഭരണമാറ്റം ഇന്ത്യാക്കാരിൽ താല്പര്യം കൂട്ടുന്നതും ട്രംപ്-മോഡി ചങ്ങാത്തം കൊണ്ടുകൂടിയാണ്.അവിടെ നടന്ന സംഭവങ്ങൾ നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്ന ചിലതുണ്ട്.

തീവ്രദേശീയതയും വംശീയവെറിയും വ്യാജപ്രൊപ്പഗാണ്ടകളും ഉണ്ടാക്കുന്ന ഭീഷണി നിസ്സാരമല്ല.. അതുണ്ടാക്കിയ നാശങ്ങൾക്ക് ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങളുണ്ട്.അമേരിക്കയിൽ ജനാധിപത്യം സംരക്ഷിയ്ക്കപ്പെട്ടു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഒരു രാജ്യത്തെ ഭരണഘടനയ്‌ക്കോ നിയമവ്യവസ്ഥയ്ക്കോ ജനാധിപത്യത്തിനോ എപ്പോളും പിടിച്ചുനിൽക്കാനാവണമെന്നില്ല എന്നതും കൂടി ഓർക്കുക.

By ivayana