രചന : സെയ്തലവി വിളയൂർ

ഒരു ചക്കക്കാലം. പഴുത്ത ചക്കയോട് എന്നും വല്ലാത്ത പ്രിയമാണെനിക്ക്. ചക്ക എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും. എവിടെയെങ്കിലും ചക്കയുണ്ടെന്നു പറഞ്ഞാൽ ഓടിച്ചെല്ലും.

മൂത്തച്ചി ജമീലത്താത്തയുടെ ഉപ്പ കുഞ്ഞുട്ട്യാക്ക. മരം വെട്ടായിരുന്നു മൂപ്പർക്ക് ജോലി. ‘ ഇന്ന് കുഞ്ഞിമ്മത്താത്താടെ പറമ്പില് ഇപ്പ പിലാവ് വെട്ടുന്നുണ്ടത്രെ.. ചെല്ലാം പറഞ്ഞു ക്ക്ണു. ഇജ്ജും കുഞ്ഞാണീം ചെല്ല്. ഇപ്പ ചക്ക തരും..’ ഉച്ചച്ചോറും കഴിച്ചിരിക്കുമ്പോൾ താത്ത പറഞ്ഞു.
അമ്മാവൻ്റെ മകനാണ് കുഞ്ഞാണി.

ബഷീർ എന്നാണ് ശരിയായ പേര്. ഞങ്ങൾ രണ്ടു പേരും കൂടി കുഞ്ഞിമ്മത്താത്താടെ പറമ്പിലേക്ക് പുറപ്പെട്ടു. കുഞ്ഞിമ്മത്താത്താനെയും അവരുടെ പറമ്പുമൊക്കെ എനിക്ക് നേരത്തെയറിയാം. ഞങ്ങളുടെ പഴയ അയൽവാസിയാണ്. ബാപ്പയുടെ സ്ഥലം അവിടെയാണ്.

കേസും കൂട്ടവുമായപ്പോൾ വർഷങ്ങൾക്കു മുമ്പ് ഉമ്മയുടെ സ്ഥലത്തു വന്ന് സ്ഥിരതാമസമാക്കിയതാണ് ഞങ്ങൾ.
‘ചക്ക തരാൻ പറഞ്ഞു ‘ മരക്കമ്പുകൾ വെട്ടിക്കൂട്ടുന്ന കുഞ്ഞുട്ട്യാക്കാനോട്‌ ആമുഖമേതുമില്ലാതെ ഞാൻ പറഞ്ഞു. ‘ നിങ്ങളേതാ?’- മറുചോദ്യം കേട്ട് ഞങ്ങളൊന്ന് അന്തിച്ചു. ‘റബ്ബേ വഷളാവോ’ മനസ്സ് ചോദിച്ചു. മേൽവിലാസം തെളിയിക്കേണ്ടി വരുമോ എന്നും ചിന്തിച്ചു.

‘ഞങ്ങൾ അബ്ബാസാക്കാട്ന്നാ..’ – ഞാൻ പറഞ്ഞു. അബ്ബാസാക്ക എൻ്റെ ബാപ്പയാണ്. അല്ലാതെന്തു പറയും ഞാൻ. എത്രയോ തവണ കണ്ടും സംസാരിച്ചും അടുത്തും പരിചയമുള്ള ഒരാൾ അതും ഒരു ബന്ധു ഇങ്ങനെ അപരിചിതത്വം കാണിക്കുമ്പോൾ..
എൻ്റെ മറുപടി കേട്ടപ്പോഴാണ് മൂപ്പർക്ക് വെളിപാടുണ്ടായത്.. ചോദിക്കേണ്ടിയിരുന്നില്ലെന്നായി മൂപ്പർക്ക്.. ജാള്യത മറച്ചു പിടിച്ച് മൂപ്പർ രണ്ടു ചക്കകൾ എടുത്തു തന്നു ഞങ്ങളെ സ്നേഹത്തോടെ യാത്രയാക്കി..

വീട്ടിൽ വന്നു താത്തയോട് സംഭവം പറഞ്ഞു. അവർ കുറെ ചിരിച്ചു. വീട്ടുകാരും.. പിന്നെ കുറെ കാലം എല്ലാവരും അതു പറഞ്ഞു ഇടക്കിടെ ചിരിക്കുമായിരുന്നു..
‘ഇങ്ങള് ചക്ക വേടിക്കാൻ പോയ പോലെ ‘ എന്നൊരു പ്രയോഗവും കുറച്ചു കാലം നിലനിന്നു…

സെയ്തലവി വിളയൂർ

By ivayana