രചന : ഷാജി നായരമ്പലം

പാതയിൽ പാതിയും വെന്തു
പോതെടുത്തൊരു പാഴ്മരം
ശീതളച്ഛായ കാട്ടാനായ്
താപമേറെസ്സഹിച്ചവൾ

അമ്മ – കായ്ക്കുന്ന പാഴ്മരം
എങ്ങുമുണ്ടിന്നു കാഴ്ചയായ്
നിന്നു കൊള്ളുന്ന വേവിൻ്റെ
ഉള്ളുരുക്കത്തിലാണ്ടവൾ

വന്നു തോന്നിച്ച കായെല്ലം
കൈയയച്ചു കൊടുത്തവൾ,
തിന്നുവാനാർത്തിയിൽ മുങ്ങി-
പ്പാഞ്ഞ മക്കൾക്കു പാഴ്മരം…

വിണ്ടു കീറുന്ന തോടിൻ്റെ-
യുള്ളിലെത്തേങ്ങൽ കേട്ടുവോ?
അടി പൊട്ടുന്ന വേരിൻ്റെ
മിടിപ്പിൽ തൊട്ടറിഞ്ഞുവോ?

ഇല, കായ് , പൂക്കളൊക്കെയും
വില നൽകാതെ തിന്നവർ
എഴുതിത്തീർത്ത നാൾവഴി-
പ്പിഴകൾ കണ്ടു പോവുക….

ഷാജി നായരമ്പലം

By ivayana