ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ

സ്നേഹവിശ്വാസങ്ങളുരുക്കിയൊട്ടിച്ച
സ്വപ്നങ്ങളുടെ അരക്കില്ലത്തിന്
ചതിയുടെ ദൂതുമായെത്തിവർ
തീ കൊളുത്തിയതിനുശേഷമാണ്
യുദ്ധങ്ങളുടെ പടഹധ്വനിമുഴങ്ങിയതും
ന്യായാന്യായങ്ങളുടെ അക്ഷൗണികൾ
പടയൊരുക്കി പോർമുഖം തുറന്നതും
സർവ്വ സൈന്യാധിപരായി
സ്വയം അവരോധിച്ചവർ
പരസ്പരം വാക്കുകൾകൊണ്ട്
പോരടിച്ചുതുടങ്ങിയതും .

ആവനാഴിയിലെ
അവസാന ആയുധവുമെടുത്ത്
സ്വയം കുരുതിയിലേക്ക്
ചുവടുവെക്കുന്നവർക്കിടയിൽ
ഉപദേശങ്ങളുടെ
ഉപായവുമായെത്തിയ
ജന്മസുകൃതത്തിന്റെ
സ്നേഹരൂപങ്ങൾ
പഴിചാരലുകളുടെ
ശരശയ്യയിൽ
കഴുത്തൊടിഞ്ഞു
മരിച്ചുവീഴുന്നു .

യുദ്ധനിയമങ്ങൾ
ജലരേഖയാകുമ്പോൾ
അന്യോന്യം മറന്നുപോകുന്നു ,
ആരോപണങ്ങളുടെ
നാരായണാസ്ത്രങ്ങൾ
സ്നേഹമുരുകിയൊട്ടിയ
ഇരുഹൃദയങ്ങളെ
ചുട്ടെരിച്ചുകടന്നുപോകുന്നു .,
വാവിട്ടവാക്കിന്റെ
ഗദാപ്രഹരങ്ങൾ
ഇഷ്ടം മുത്തിച്ചുവപ്പിച്ച
മൂർദ്ധാവുകളെ
ചിതറിത്തെറിപ്പിക്കുന്നു .

കലഹങ്ങളുടെ പെരുക്കത്തിൽ
എപ്പോഴോ പൊട്ടിവീഴുന്ന
സ്നേഹമഴപ്പെയ്ത്തിൽ
നിഷ്പ്രഭമാകാറുണ്ട്
സങ്കടംനനഞ്ഞ സേനാവ്യൂഹങ്ങൾ ,
ഇന്നുകളിലെ നിഴലുകളോട്
വെറുപ്പുമൂർച്ഛിച്ചു പൊരുതുമ്പോഴും
ഇന്നലെകളിലെ മോഹവാനത്തെ
സ്മരണയുടെ വെള്ളിടികളിൽ
ശിഥിലമാകുന്നുണ്ട്
നോവുനീറ്റിയ തീവ്രശപഥങ്ങൾ ,
എങ്കിലും ഇടവേളകളിൽ
പകയുടെ പകിടയുമായ്
കള്ളച്ചൂതിനെത്തുന്ന
അഭിനവശകുനികൾ
കളം നിറഞ്ഞുകളിക്കുമ്പോൾ
പിന്നെയും പിന്നെയും
തോറ്റുപോകുന്നു
മഞ്ഞച്ചരടിൽകുരുങ്ങി
മേധമങ്ങിയഅറവുമൃഗങ്ങൾ.

ഉലയിലെകനലുപോൽ
യുദ്ധം ജ്വലിച്ചുകത്തുമ്പോൾ
പടക്കളത്തിനുപുറത്ത്
വിഷാദംകുടിച്ചു മരവിച്ചിരിക്കുന്ന
ചെറുബാല്യങ്ങളെ കാണാം ,
ശാന്തിപർവ്വത്തിലെത്തും മുൻപ്
ആസന്നമായ ദുരിതപർവ്വങ്ങളിൽ
ഉള്ളുവെന്തുവെണ്ണീറായ
ദൈന്യ മിഴികളെക്കാണാം .,
അപൂരകസമസ്യകളില്ലെന്ന്,
അഴിയാക്കുരുക്കുകളില്ലെന്ന് ,
അറിയാതെപോകുന്ന
നിരർത്ഥപ്പോരുകളിൽ
പച്ചയ്ക്കുകത്തിയുരുകുന്ന
പാപജന്മങ്ങളെക്കാണാം ,
വ്യർത്ഥയുദ്ധാനന്തരം
സ്നേഹചൂഡാമണിനഷ്ടമായ
ശാപജീവികളാണവർ .

പ്രവീൺ സുപ്രഭ

By ivayana