ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : ആൻറണി പീലിപ്പോസ്

ഇന്ന് ആ യാത്ര ആരംഭിക്കുകയാണ്!
ജീവിതത്തിൽ ദിനേശൻ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ലായിരുന്നു.

പക്ഷേ
നമ്മൾ വിചാരിക്കുന്നത് പോലെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാറില്ലല്ലോ.
ആരൊക്കെയോ ചവിട്ടി കുഴച്ചിട്ട വഴി….
ഒറ്റയടിപ്പാത….
നോക്കെത്താ ദൂരത്തോളം നിവർന്നു കിടക്കുന്നു.
ഈ വഴിയിലൂടെ എത്ര പ്രാവശ്യം നടന്നിട്ടുണ്ട് ഈ പ്രായത്തിനിടയിൽ.

വഴിയുടെ ഇരുവശത്തും മരങ്ങൾ ഉള്ളതിനാൽ നിഴലുകൾ വഴിയിലേക്ക് വീണ് ചുറ്റിപ്പിണഞ്ഞുകിടക്കുന്നു. കാലടികൾ പതിയുമ്പോൾ അമരുന്ന മൺതരികൾ, നെൽപ്പാടങ്ങൾ ചുറ്റി വരുന്ന കാറ്റിൽ തലയാട്ടി കുണുങ്ങി നിൽക്കുന്നു വളളിപ്പടർപ്പുകൾ.
പത്ത് മണിയെ ആയിട്ടുള്ളുവെങ്കിലും സൂര്യന്റെ കിരണങ്ങൾക്ക് ചൂട് കൂടുതലാണ്. പാടത്തൂടെ വീശി വരുന്ന കാറ്റ് ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നു. വൃക്ഷത്തലപ്പുകളുടെ നിഴലുകൾ ഭൂമിയിൽ കെട്ട് പിണഞ്ഞു കിടക്കുന്നു.
അയാൾ നടത്തത്തിന്റെ വേഗത കൂട്ടി.

ദിനേശേട്ട…
പിന്നിൽ നിന്ന് ഒരു വിളി കേട്ടുവോ
ഒരു സ്വരം കാതുകളിൽ മുഴങ്ങുന്നു,
ആരാണ്?
അച്ഛൻ…
അമ്മ…
ആരുമല്ല
അവളാണ്,
ഗായത്രി,
അവൾക്കായിരുന്നു ഞാൻ പോകുന്നതിൽ ഏറ്റവും വലിയ ദുഃഖം.
പോകണോ?
നമുക്ക് ഉള്ളതുകൊണ്ട് ഇവിടെ സന്തോഷത്തോടെ കഴിഞ്ഞാൽപോരെ ദിനേശേട്ട?
അവൾ അത് ചോദിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്തെ അപ്പോഴുത്തെ ഭാവം അവളെ അസ്വസ്ഥതപ്പെടുത്തിയിരിക്കണം.എന്റെ ഈ യാത്ര അവളെ ആയിരുന്നല്ലോ അധികം വേദനിപ്പിച്ചത്….

ഇല്ല ഈ യാത്ര
അവൾക്ക് സഹിക്കാൻ കഴിയില്ല.
അവൾക്ക് മാത്രമല്ല എനിക്കും, പക്ഷേ എനിക്ക് അത് സഹിച്ചേ മതിയാവൂ ….
അതാണ് ജീവിതം
മനുഷ്യൻ എന്തൊക്കെയോ കണക്കുകൾ കൂട്ടുന്നു,വിധിയാണ് തീർപ്പ് കൽപ്പിക്കുന്നത്.
അവർക്കിയിൽ കുറേ സമയം നിശബ്ദത കടന്ന് വന്നു…എത്ര സമയം അങ്ങനെ നിന്നുവെന്ന് അറിയില്ല.
നമുക്ക് ഉള്ളതുകൊണ്ട് ഇവിടെ സന്തോഷത്തോടെ കഴിയാം ദിനേശേട്ട,
അവൾ വീണ്ടും പറഞ്ഞു.

പക്ഷേ….
എനിക്കത് പോരായിരുന്നു, അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാൻ വല്ലാതെ പണിപ്പെട്ടു.
എന്തിന് എന്ന അവളുടെ ചോദ്യത്തിന് മുന്നിൽ വീണ്ടും മൗനം പൂണ്ട് നിൽക്കേണ്ടി വന്നു.
ഒന്ന് രണ്ട് വർഷങ്ങൾ കഴിയുമ്പോൾ ഞാൻ വരും
അയാൾ വളരെ പ്രയാസപ്പെട്ടു പറഞ്ഞു.അത് വരെ കരയാതെ പിടിച്ചു നിൽക്കുകയായിരുന്നു ഗായത്രി.
നീയ്കാത്തിരിക്കണം… അവസാനവാക്ക് കേട്ടതും അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.കരഞ്ഞു കൊണ്ട് അകത്തേക്കു ഓടി, ഏങ്ങലടി ഉച്ചത്തിൽ ആകുന്നതിന് മുമ്പ് അവിടെ നിന്നും ഇറങ്ങി നടന്നു.തനിക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല,അവിടെ നിന്നാൽ താനും കരഞ്ഞു പോയാലോ? ചിന്തകളെ അടക്കാൻ ആകാതെ ദിനേശൻ വിഷമിച്ചു. തിരികെ നടന്നു വീട്ടിലെത്തിയത് അറിഞ്ഞില്ല.

ചാരുകസേരയിൽ അച്ഛൻ.
അച്ഛനെ ഒന്ന് നോക്കിയിട്ട് അകത്തേക്കു കയറി
നാളെ പോകേണ്ടതല്ലേ ഉണ്ണി…
അച്ഛൻ സ്നേഹം കൂടുമ്പോൾ ഉണ്ണി എന്നാണ് വിളിക്കുന്നത്…
ങും അയാൾ മൂളി
എന്നിട്ടാണോ നീയിങ്ങനെ
ഒന്ന് രണ്ടു സുഹൃത്തുക്കളെ കാണാനുണ്ടായിരുന്നു…
അയാൾ അറിയിച്ചു
ങും…
അച്ഛനൊന്നു അമർത്തി മൂളി
ദിനേശൻ അകത്തേക്കു കയറി….

അയാളുടെ ചിന്തകൾ ഇത്രത്തോളം ആയപ്പോഴേക്കും ബസ്സ് വന്നു
അയാൾ ബസിനകത്തു കയറി ബാഗ് എടുത്തു ഒതുക്കി വച്ചു.
കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത് ഒരു ഇരുനില ബിൽഡിംഗിലാണ്. അവിടേക്ക് ദിനേശൻ കടന്ന് വന്നു.അപ്പോൾ
മാനേജർ മാത്രമായിരുന്നു വന്നത്.
അയാൾ ദിനേശനെ സ്വാഗതം ചെയ്തു.
നാൽപ്പത്തഞ്ച് വയസ്സ് പ്രായം വരും അദ്ദേഹത്തിന്റെ പേര് അനൂപ് മേനോൻ.
ദിനേശൻ ആ പേര് ഒരു വട്ടം പറഞ്ഞു നോക്കി. അയാൾ ഒരു മുറിയിലേക്ക് ദിനേശനെ ആനയിച്ചു.ആ മുറിയിൽ ഒരു കമ്പ്യൂട്ടർ ഉണ്ടായിരുന്നു .അനൂപ് മേനോൻ പറഞ്ഞു
“നിങ്ങൾക്കുള്ള മുറിയാണിത്.
ങും

ശരി നിങ്ങൾ ജോലി തുടങ്ങിക്കൊള്ളു”… wish you all the best.
തനിക്ക് ആദ്യമായി കിട്ടിയ ജോലിയാണ്
ദൈവമേ….
അയാൾ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ജോലി തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്നു പ്രായം മുപ്പതിലധികം വരും
പേര് ശാരി
അവർ പരിചയപ്പെടുത്തി ഞാനിവിടുത്തെ സ്റ്റെനോയാണ്.
എന്നിട്ട് അവളുടെ കയ്യിൽ ഇരുന്ന ഫയലുകൾ മേശപ്പുറത്ത് വച്ചു. എന്താ ഇത്
അയാൾ തിരക്കി..

ശാരി പറഞ്ഞു
സാർ ഇതിന് മുമ്പ് ഉണ്ടായിരുന്ന അക്കൗണ്ടന്റ് കണക്കിൽ വലിയ തിരിമറി കാണിച്ചു,അത് കാരണമാണ് അയാളെ ഇവിടെ നിന്നും പറഞ്ഞു വിട്ടത്.
ങേ…
ദിനേശന് അത് പുതിയ ഒരു അറിവായിരുന്നു.
ഓഹോ
അതുകൊണ്ടാണ് പുതിയ ഒരു അക്കൗണ്ടന്റിന്റ്
ഒഴിവ് വന്നത്.
ആ ഒഴിവിലേക്കാണ് താൻ എത്തിയിരിക്കുന്നത്.
എന്താണ് തിരിമറികൾ അയാൾ ചോദിച്ചു, എല്ലാം ഈ ഫയലുകൾ പറയും അവൾ മേശപ്പുറത്തിരിക്കുന്ന ഫയലുകൾ ചൂണ്ടിക്കാണിച്ചു.
കമ്പ്യൂട്ടറിൽ കാണില്ല ഈ ഫയിലിൽ ഉള്ളത് അവൾ പറഞ്ഞു.
അത് എന്തുകൊണ്ടാണെന്ന്അയാൾ ചോദിച്ചില്ല,
എങ്കിലും ഇവിടെ എന്തോ തിരിമറികൾ നടന്നിട്ടുണ്ട്.
അവൾ അയാളെ നോക്കി ചിരിച്ചു, ഇനി ഒന്നും പറയാൻ ഇല്ലെന്ന മട്ടിൽ .

അയാളും ചിരിച്ചു.
ഞാൻ പോയ്ക്കോട്ടെ സാർ ?
ഓകെ.
അയാൾ അനുമതി നൽകി ശാരി പോയി.
അയാൾ മുന്നിലിരിക്കുന്ന ഫയലുകൾ ആശങ്കയോടെ തുറന്നു നോക്കി
കുഴഞ്ഞ് മറിഞ്ഞ് കണക്കുകൾ.
എല്ലാം ദിനേശന് പെട്ടെന്ന് മനസ്സിലായില്ല. അത്ശരിയാക്കണം പക്ഷെ എവിടെ നിന്ന് തുടങ്ങണം അത് അയാളെ അസ്വസ്ഥനാക്കി.അടുത്ത ദിവസവും അയാൾ ഫയലുകൾ നോക്കി തിരുത്തി ഒന്ന് രണ്ടു മാസത്തെ പരിശ്രമം കൊണ്ട് അതൊക്കെ ശരിയാക്കാൻ അയാൾക്കായി.

കമ്പനി യുടെ പ്രവർത്തനം ശരിയായ രീതിയിൽ വന്നു. അടുത്ത സ്റ്റാഫ് മീറ്റിംഗിൽ മാനേജർ അനൂപ്മേനോൻ ദിനേശനെ അഭിനന്ദിക്കാൻ മറന്നില്ല താൻ വന്നത് വെറുതെ ആയില്ല,മിസ്റ്റർ ദിനേശൻ മാനേജ് മെന്റിന് തന്റെ പേരിൽ അഭിമാനം തോന്നുന്നു.സ്റ്റാഫ് റൂമിൽ വച്ചാണ് അത് സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് അയാൾക്ക് അഭിമാനം തോന്നി. എല്ലാവരും വന്നു അഭിനന്ദനം അറിയിച്ചു.
ദിനേശൻ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷങ്ങൾ ആയിരുന്നു.
രണ്ടു വർഷം എത്ര പെട്ടെന്നാണ് കടന്ന് പോയത്
ഹോ
രണ്ടു വർഷം
രണ്ടു വർഷമായി താൻ ഇവിടെത്തിയിട്ട് ആലോചിച്ചപ്പോൾ അതിശയിച്ചു പോയി
വീടിനെക്കുറിച്ചുള്ള ഓർമ്മകൾ ദിനേശനെ തൊട്ടു.അച്ഛൻ,അമ്മ,
ഗായത്രി ഇവരൊക്കെ ഇപ്പോൾ എന്തെടുക്കുകയായിരിക്കും.
ഗായത്രിയെ
ഒന്ന് വിളിക്കാം,

അയാൾ ഫോണെടുത്തു നമ്പർ തിരഞ്ഞു.
ഹലോ… കുറേനേരത്തെ മൗനത്തിന് ശേഷമാണ് ഹലോ എന്ന് കേട്ടത്…
ഞാനാണ് ദിനേശൻ…
എനിക്ക് ലീവ് കിട്ടി….
ഞാൻ നാളെ ഇവിടെ നിന്നും തിരിക്കും….
അതേയോ? ദിനേശേട്ട
ങും
ദിനേശൻ മൂളി
ഞാൻ വന്ന് കഴിഞ്ഞാൽ നമ്മുടെ വിവാഹം.അയാൾപറഞ്ഞു
അവൾ നാണത്താൽ തുടുത്തു കാണും,
ദിനേശൻ മനസിൽ സന്തോഷം നിറഞ്ഞു.
ഇനിയെന്ത് പറയണമെന്ന് അറിയാതെ കുറെ നിമിഷം കടന്ന് പോയി…..
ജീവിതത്തിൽ അവിചാരിതമായി ഒന്നും സംഭവിക്കുന്നില്ല എന്ന് ദിനേശന് തോന്നി.

ജീവിതം ആരോ മുന്നെ നിശ്ചയിച്ചതാണ്,
ആരോ കരുക്കൾ നീക്കുന്നു അതിനനുസരിച്ച് നമ്മൾ ചലിക്കുന്നു എന്നു മാത്രം.
അന്ന് അയാൾ വീട്ടിലേക്കും ഫോൺ ചെയ്തു.രാത്രിയിൽ അയാൾ താമസിക്കുന്ന വീടിന്റെ ടെറസിൽ ഇരിക്കുകയായിരുന്നു. നല്ല സുഖം തോന്നി,
ലീവ് കിട്ടിയ വിവരം അച്ഛനെ വിളിച്ചു അറിയിച്ചിരുന്നില്ല.
ഹലോ…
ഹലോ….
അച്ഛന്റെ സ്വരം…..
അച്ഛാ എനിക്ക് ലീവ് കിട്ടി,
ഞാൻ വരുന്നു.
ആയാൾ സാവധാനം പറഞ്ഞു…

അതേയോ മോനെ
അതേ അച്ഛ.
അച്ഛാ അമ്മ.
അടുത്തു തന്നെയുണ്ട്.
നിനക്ക് സുഖമായിരിക്കുന്നോ?
ങാ
ശരി മോനെ
എടി അവന് ലീവ് കിട്ടി,
അച്ഛൻ അത് പറയുമ്പോൾ അമ്മയുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം എനിക്ക് ഇവിടെ നിന്നും കാണാൻ കഴിയും. അയാൾക്ക് വലിയ സന്തോഷം തോന്നി
നിലാവ് പെയ്യുന്ന രാത്രിയിൽ ഇവിടെ ഈ ടെറസിൽ ഇരിക്കാൻ അയാൾക്ക് രസം തോന്നി
ചെറിയ കാറ്റ് വീശുന്നു ദേഹത്ത് ഏറ്റപ്പോൾ ചെറുതായി തണുത്തു.

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം എണ്ണിയാൽ തീരാത്തത്ര
നക്ഷത്രങ്ങൾ
ഹോ
എത്ര നക്ഷത്രങ്ങൾ അയാൾ നക്ഷത്രങ്ങൾ എണ്ണാൻ തുടങ്ങി ഒന്ന്.. രണ്ട്… മൂന്ന്….കുറെ എണ്ണിക്കഴിഞ്ഞപ്പോൾ അയാൾക്ക് കണ്ണ് കഴച്ചു. കുറച്ചു നേരം കൂടി ദിനേശൻ അവിടെ ഇരുന്നു.
ജീവിതം രണ്ട് വർഷം കൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത്,ദിനേശൻ ഓർത്തു തന്നിൽ വലിയ വെത്യാസങ്ങൾ ഒന്നും വരുത്തിയില്ലയെങ്കിലും ചുറ്റും നിൽക്കുന്ന മുഖങ്ങളിൽ പുഞ്ചിരി തൂകി നിൽക്കുന്നത് കാണാൻ കഴിയുന്നു.അച്ഛനും അമ്മയും ഗായത്രിയും ഇന്ന് സന്തോഷിക്കുന്നു.
അതിന് കാരണം താനാണെന്ന് ഓർത്തപ്പോൾ തന്റെ മനസ്സിലും സന്തോഷമുണ്ടാകുന്നുണ്ട്.
മനസിൽ വർണ്ണങ്ങൾ നിറയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.മിഴികൾ മെല്ലെ അടയുന്നു.
നാളെ മടക്കയാത്ര….

ആൻറണി പീലിപ്പോസ്

By ivayana